Connect with us

Ramzan

റമസാനിലും നന്നാവാത്തവൻ

Published

|

Last Updated

മൂന്ന് നേരം വെട്ടിവിഴുങ്ങി നിസ്‌കരിക്കാതെ ഖുർആനിന്റെ ഒരു പേജ് പോലും മറിച്ചുനോക്കാതെ നടക്കുന്നവർ ഈ പുണ്യ റമസാനിലുമുണ്ടാകും. അവരെക്കാണുമ്പോ തോന്നും ഇവരിലൊക്കെ എന്ത് പിശാചാണ് കുടിയേറിയിട്ടുള്ളതെന്ന്. റമസാനിൽ എല്ലാ പിശാചുക്കളേയും പിടിച്ചു കെട്ടിയാലും നന്നാവാത്ത ഒരുത്തൻ. ഒരുവിധം പടച്ചോനെപ്പേടിയുള്ളവരൊക്കെ പരമാവധി ആരാധനകളിൽ മുഴുകുന്ന മാസമായിട്ടും ഇവനെന്താ ഇങ്ങനെ. ഇവിടെയാണ് നാം കരുതിയിരിക്കേണ്ടത് ഖുർആനും ഹദീസുമൊക്കെ മുന്നറിയിപ്പ് നൽകിയ ദേഹേച്ഛയെ. ഇഷ്ടാനുസരണം പ്രവർത്തിക്കാൻ ശരീരം പ്രേരിപ്പിക്കുന്നതാണ് ദേഹേച്ഛ. ദേഹേച്ഛ മനുഷ്യനെ സുഖത്തിലേക്കാണ് നയിക്കുക. ശരീരം സുഖാസ്വാദനത്തിന് പ്രേരിപ്പിക്കുമ്പോഴും അല്ലാഹുവിന്റെ വിധിവിലക്കുകളെ മാനിച്ച് ജീവിക്കുന്നവനാണ് വിശ്വാസി. ഖുർആൻ പറയുന്നു. ഇനി നിങ്ങൾക്ക് അവർ ഉത്തരം നൽകിയില്ലെങ്കിൽ നിങ്ങൾ മനസ്സിലാക്കുക. തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത്. അല്ലാഹുവിൽ നിന്നുള്ള മാർഗദർശനങ്ങളൊന്നും കൂടാതെ തന്നിഷ്ടത്തെ പിന്തുടർന്നവനേക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? തീർച്ചയായും അല്ലാഹു അക്രമികളെ നേർവഴിയിലാക്കുകയില്ല. (ഖസസ് 50).

ഒരു പുസ്തകമെടുത്ത് വായിക്കാനിരുന്നാൽ അൽപ്പം സമയം കഴിഞ്ഞ് തോന്നും കാലൊന്ന് നിവർത്തി ചാരി ഇരിക്കണമെന്ന്. ചാരി ഇരുന്ന് വായിക്കുമ്പോൾ തോന്നും ഒന്ന് കിടന്ന് വായിക്കാമെന്ന്. കിടന്ന് വായിക്കാൻ തുടങ്ങുന്നതോടെ കാര്യം കഴിഞ്ഞു. പിന്നെ അത് ഉറക്കമായി പരിണമിക്കുന്നു. വായന അവിടെ തീരുന്നു. ഇതാണ് ശരീരത്തിന്റെ ഇഷ്ടത്തിനനുസരിച്ച് നീങ്ങിയാലുള്ള അവസ്ഥ.

മനുഷ്യൻ ഈ രൂപത്തിലായാൽ ആരാധനകൾ മാത്രമല്ല അവന്റെ കുടുംബത്തോടുള്ള, സമൂഹത്തോടുള്ള, ജോലിയോടുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കപ്പെടാതെ പോകും. ദീനിന്റെയും ദുനിയാവിന്റെയും സുസ്ഥിരമായ നിലനിൽപ്പിനാണ് അല്ലാഹു വിധിവിലക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ഖുർആൻ പറയുന്നു: തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. ദുനിയാവിലെ ജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ആരുടെയൊക്കെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവൻ തന്നിഷ്ടത്തെ പിന്തുടരുന്നുവോ അവനെ നീ അനുസരിക്കരുത്. (കഹ്ഫ് 28).

അതുകൊണ്ട് തന്നെ ദേഹേച്ഛയെ പിൻപറ്റി ജീവിക്കുന്നവർ പരാജിതരാണെന്ന് മുഴുവൻ പണ്ഡിതന്മാരും പഠിപ്പിക്കുന്നു. ആരാധനകളിൽ നിന്നും മറ്റു സത്കർമങ്ങളിൽ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കുന്ന ശരീരത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കണം. ഒരു ഹദീസിൽ കാണാം: യുദ്ധം കഴിഞ്ഞ് മടങ്ങവേ നിസ്‌കാരത്തിന്റെ സമയമായപ്പോൾ അനുചരരോട് നബി (സ) പറഞ്ഞു: ഇനി നാം വലിയൊരു യുദ്ധത്തിലേക്കാണ് പോകുന്നത്. സ്വഹാബത്ത് ചോദിച്ചു: കഴിഞ്ഞതിനേക്കാൾ വലിയ യുദ്ധം ഏതാണ് നബിയേ ? പ്രവാചകൻ പറഞ്ഞു: അത് നിങ്ങളുടെ ശരീരത്തോടുള്ള യുദ്ധമാണ്. മറ്റൊരു ഹദീസിൽ കാണാം അല്ലാഹുവിന്റെ മാർഗത്തിലായി സ്വന്തം ശരീരത്തോട് സമരസപ്പെടുന്നവനാണ് യഥാർഥ യോദ്ധാവ്. ക്ഷീണിച്ചവശനായി കിടക്കാൻ വേണ്ടി ശരീരം പ്രേരിപ്പിക്കുമ്പോൾ അതിനോട് സമരം പ്രഖ്യാപിച്ച് ആരാധനകളിലേക്ക് വരുന്നവനാണ് വിജയിക്കാൻ സാധിക്കുകയുള്ളൂ.

സബ് എഡിറ്റർ, സിറാജ്