Connect with us

National

അറസ്റ്റിനെ ഭയക്കുന്നില്ല, നല്‍കാനുള്ളത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഉപദേശം മാത്രം: കമല്‍ ഹാസന്‍

Published

|

Last Updated

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണെന്ന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍. ചരിത്രത്തില്‍ സംഭവിച്ചത് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സത്യം പറഞ്ഞതിന്റെ പേരില്‍ അറസ്റ്റു ചെയ്യുന്നുവെങ്കില്‍ ചെയ്യട്ടെ. താനതിനെ ഭയക്കുന്നില്ല. എല്ലാ മതത്തിലും തീവ്രവാദികളുണ്ട്. അത്തരക്കാരെ പുണ്യവാളന്മാരായി ചിത്രീകരിക്കാനാകില്ല. അതേസമയം, തന്നെ അറസ്റ്റു ചെയ്താല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഗോഡ്‌സെ പരാമര്‍ശത്തിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചു സൂചിപ്പിച്ചപ്പോള്‍ കമല്‍ ഹാസന്‍ വ്യക്തമാക്കി. ഇത് മുന്നറിയിപ്പല്ല, ചെറിയൊരു ഉപദേശം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി, എ ഐ ഡി എം കെ കക്ഷികളുടെ പരാതികളെ തുടര്‍ന്ന് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതിനും എതിരായ ഇന്ത്യന്‍ പീനല്‍ കോഡിലെ 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കമല്‍ ഹാസനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.തന്റെ പരാമര്‍ശ്ത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടിയോട് പ്രതികരിക്കാനില്ല. ചരിത്രം അദ്ദേഹത്തിന് മറുപടി പറയും. തന്റെ സംസ്‌കാരത്തിന്റെയും പരിമിതമായ അറിവിന്റെയും അടിസ്ഥാനത്തില്‍ ഒരു ഹിന്ദുവിനും തീവ്രവാദിയാകാന്‍ കഴിയില്ലെന്നും തീവ്രവാദിയായ വ്യക്തിക്ക് ഹിന്ദുവാകാനും കഴിയില്ലെന്നുമാണ് മോദി പറഞ്ഞിരുന്നത്.

ഉപ തിരഞ്ഞെടുപ്പു നടക്കുന്ന മധുരൈയിലെ തിരുപ്പറകുണ്ട്രത്തില്‍ ബുധനാഴ്ച പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ കമല്‍ ഹാസനെതിരെ ചിലര്‍ ചെരുപ്പേറ് നടത്തിയിരുന്നു. ഇതിനു പിന്നാലെ, നമ്മുടെ പെരുമാറ്റത്തിലെ ഔചിത്യവും മാന്യതയും പരീക്ഷിപ്പിക്കപ്പെടുന്ന നിമിഷമാണിതെന്നും അതുകൊണ്ട് ഈ അപശബ്ദങ്ങളെ അവഗണിക്കണമെന്നും ശാന്തരായിരിക്കണമെന്നും മക്കള്‍ നീതി മയ്യം നേതാവ് പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. സത്യത്തെ നിന്ദിക്കുന്ന തീവ്രവാദികളാണ് അവരെന്നും നാളെ നമ്മുടെതാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.