Connect with us

Articles

പരമാധികാരിയുടെ പാദസേവയിലാണോ തിര. കമ്മീഷന്‍?

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യമെത്തുന്നതിന് മുമ്പ് തന്നെ, ബി ജെ പി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളിലൊന്നായി പശ്ചിമ ബംഗാള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു. 2018 ഫെബ്രുവരിയില്‍ ത്രിപുര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പൂജ്യത്തില്‍ നിന്ന് അധികാരത്തിലേക്കുയര്‍ന്ന അത്ഭുതത്തിന് ശേഷമോ അതിന് മുമ്പോ തന്നെ സംഘ്പരിവാരം ആസൂത്രണം ചെയ്തതാണ് പശ്ചിമ ബംഗാളില്‍ വേരുറപ്പിക്കുക എന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച തോല്‍വി ബി ജെ പി ഏറ്റുവാങ്ങുകയും ഉത്തര്‍പ്രദേശില്‍ ബി എസ് പി – എസ് പി സഖ്യം രൂപപ്പെടുകയും ചെയ്തതോടെ ഇവിടങ്ങളിലുണ്ടാകുന്ന നഷ്ടം കുറച്ചെങ്കിലും നികത്താന്‍ ബംഗാളിലെ മണ്ണിനെ ഉപയോഗിക്കുക എന്നതിലേക്കാണ് അമിത് ഷായും നരേന്ദ്ര മോദിയും എത്തിയത്. അതു ലാക്കാക്കി ബംഗാളിനെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം അവര്‍ നേരത്തെ തുടങ്ങുകയും ചെയ്തു. പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആകെയുള്ള ഏഴ് ഘട്ടങ്ങളിലേക്കുമായി വിടര്‍ത്തി നല്‍കിക്കൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ വേണ്ട സഹായം ചെയ്യുകയും ചെയ്തു. വോട്ടെടുപ്പ് ഇവ്വിധം ക്രമീകരിക്കാനുള്ള അധികാരികളുടെ ഉത്തരവ് കമ്മീഷന്‍ ശിരസ്സാവഹിച്ചതാണോ എന്നും സംശയിക്കണം. ഈ തിരഞ്ഞെടുപ്പ് കാലത്ത് കമ്മീഷനെടുത്ത തീരുമാനങ്ങള്‍ വെറുതെയൊന്ന് ഓടിച്ചു നോക്കിയാല്‍ പോലും ഈ സംശയത്തിന് ബലമേറും.

പശ്ചിമ ബംഗാളില്‍ മൂന്ന് ദശകത്തിലേറെക്കാലം നീണ്ട സി പി ഐ(എം)യുടെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയുടെ ആധിപത്യം അവസാനിപ്പിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുന്നത് 2011ലാണ്. പിന്നീടങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം തൃണമൂലിന്റെ ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു. പ്രതിപക്ഷത്തുള്ള ഇടതു മുന്നണിക്കോ കോണ്‍ഗ്രസിനോ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് അവസരം നല്‍കാത്ത വിധത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകരും നേതാക്കളും ബംഗാള്‍ വാണു. ഇടതു മുന്നണിയുടെ തുടര്‍ വാഴ്ചയില്‍, അധികാരം കേന്ദ്രീകരിച്ചിരുന്ന വ്യക്തികളെല്ലാം തൃണമൂല്‍ സ്വാധീനമുറപ്പിച്ചതോടെ അവര്‍ക്കൊപ്പമായി.

ഇടതു മുന്നണിക്കാലത്ത്, അവര്‍ക്കൊപ്പം നിന്നു വളര്‍ന്ന ഗുണ്ടാ സംഘങ്ങളും മമത അധികാരമേറിയതോടെ കളം മാറി. മമതാ ബാനര്‍ജിയെന്ന ഒറ്റ നേതാവില്‍ കേന്ദ്രീകരിക്കുന്ന, സവിശേഷമായ രാഷ്ട്രീയ ദര്‍ശനങ്ങളൊന്നുമില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് സ്വാധീനം ഉറപ്പിച്ചു നിര്‍ത്തുന്നത് ഇത്തരക്കാരിലൂടെയാണ്. പ്രതിപക്ഷ പാര്‍ട്ടികളെയൊക്കെ നിശ്ശബ്ദരാക്കിക്കൊണ്ട് ഈ സംഘം മുന്നേറുകയും അതിനെ ആശീര്‍വദിക്കാന്‍ മമതാ ബാനര്‍ജി തയ്യാറാകുകയും ചെയ്തതോടെ തൃണമൂല്‍ കോണ്‍ഗ്രസുമായി നേരിട്ടേറ്റുമുട്ടാന്‍ ആരുമില്ല എന്ന സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ബി ജെ പി അവിടെ വേരാഴ്ത്താന്‍ തുടങ്ങിയത്.

ഒരു കാലത്ത് ഇടതു മുന്നണിക്കൊപ്പം ഉറച്ചുനിന്ന മുസ്‌ലിംകളാണ് പിന്നീട് ബംഗാളില്‍ മമതയുടെ വിശ്വസ്ത വോട്ടുബേങ്കായി മാറിയത്. ഇതായിരുന്നു ബി ജെ പിയുടെ ആദ്യത്തെ ആയുധം. മമത ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന, ഏതാണ്ടെല്ലായിത്തും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സംഘ്പരിവാരം ഉന്നയിക്കുന്ന, ആരോപണം വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ട് വര്‍ഗീയ വിഭജനത്തിനായിരുന്നു ആദ്യത്തെ ശ്രമം. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു. ഭാഷയായിരുന്നു മറ്റൊരു ആയുധം. ബംഗാളിലെ ഹിന്ദി സംസാരിക്കുന്നവര്‍ക്കും ബംഗാളി സംസാരിക്കുന്നവര്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കുകയായിരുന്നു ഉദ്ദേശ്യം.

ആദിവാസി വിഭാഗങ്ങളെ മുഖ്യധാരാ ബംഗാളികളില്‍ നിന്ന് വേര്‍തിരിക്കുക എന്നതായിരുന്നു മൂന്നാമത്തെ തന്ത്രം. ഇതിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം എല്‍ എമാരെയും എം പിമാരെയും കേസില്‍ കുടുക്കാനും ശ്രമം നടന്നു. ഇതിനായി കേന്ദ്രത്തിലെ അധികാരം നല്ലത് പോലെ ഉപയോഗിച്ചു ബി ജെ പി. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകളില്‍ ആരോപണ വിധേയരായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടാന്‍ സി ബി ഐയെ ഉപയോഗിച്ചത് ഉദാഹരണമാണ്. ഇതേ കേസുകളില്‍ ആരോപണ വിധേയരായ മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളോട് സ്വീകരിച്ച മൃദു സമീപനം, സി ബി ഐയെ ഉപയോഗിച്ച് കേന്ദ്രം തൃണമൂല്‍ നേതാക്കളെ വേട്ടയാടുകയായിരുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്. ത്രിപുര മാതൃകയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ചേരിമാറ്റുക എന്നതായിരുന്നു അടുത്ത തന്ത്രം. അതിനും ശാരദ, റോസ്‌വാലി തട്ടിപ്പ് കേസുകള്‍ ഉപയോഗിക്കപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന മുകുള്‍ റോയ്, ബി ജെ പിയിലേക്ക് എത്തിയതിന്റെ പിന്നാമ്പുറക്കഥകളില്‍ ഈ തട്ടിപ്പ് കേസുകളുമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ വലിയ തോതില്‍ ബംഗാളിലേക്ക് എത്തിച്ച് തൃണമൂലുമായി ഏറ്റുമുട്ടാനുള്ള കരുത്ത് ആര്‍ജിക്കാനും അവര്‍ ശ്രമിച്ചു.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അവസരം നിഷേധിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബി ജെ പി പ്രവര്‍ത്തകരുമായി യോജിക്കാന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സന്നദ്ധമായിരുന്നു. ഈ സാഹചര്യം സമര്‍ഥമായി മുതലെടുക്കാനും ഇടതു മുന്നണിയുടെ പ്രത്യേകിച്ച് സി പി ഐ(എം)യുടെ പ്രവര്‍ത്തകരോ അനുഭാവികളോ ആയ വലിയൊരു വിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും സംഘ്പരിവാരത്തിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റില്‍ 22 എണ്ണത്തില്‍ വിജയിക്കുക എന്ന ലക്ഷ്യം അമിത് ഷായും നരേന്ദ്ര മോദിയും മുന്നോട്ടുവെക്കുന്നത്. ആസൂത്രിതമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും ശാരദാ – റോസ് വാലി തട്ടിപ്പ് കേസുകളുപയോഗിച്ച് മമതാ സര്‍ക്കാറിനെ പ്രതിരോധത്തില്‍ നിര്‍ത്താനും ശ്രമിച്ചുകൊണ്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കം മോദി – ഷാ സഖ്യം തുടങ്ങിയത്.

കേന്ദ്രത്തിലെ അധികാരം ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തെരുവില്‍ ജനങ്ങളെ സംഘടിപ്പിച്ച് മറുപടി നല്‍കാന്‍ മമത തയ്യാറായതോടെ പോരിന് ചൂടേറി. അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയും ഹെലിക്കോപ്ടറുകള്‍ക്ക് ബംഗാളില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ച്, ബി ജെ പിയുടെ പ്രചാരണത്തിന്റെ താളം തെറ്റിക്കാന്‍ തുടക്കത്തില്‍ മമതക്ക് സാധിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ആറാം ഘട്ട വോട്ടെടുപ്പ് നടന്ന ബാരക്ക്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കണ്ടത്. ബി ജെ പിയിലേക്ക് ചേറിമാറിയ തൃണമൂല്‍ എം എല്‍ എ അര്‍ജുന്‍ സിംഗിനെ മത്സരിപ്പിക്കുന്നതിലൂടെ ബാരക്ക്പൂര്‍ പിടിക്കാമെന്നായിരുന്നു അമിത് ഷായുടെയും മോദിയുടെയും കണക്കുകൂട്ടല്‍. വോട്ടെടുപ്പു ദിവസം അര്‍ജുന്‍ സിംഗിനെ അദ്ദേഹത്തിന്റെ അനുയായികളായിരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചപ്പോള്‍ ഇതുവരെ പയറ്റിയ തന്ത്രങ്ങളൊന്നും കളി മാറ്റാന്‍ പാകത്തിലുള്ളതായില്ലെന്ന് ബി ജെ പിക്ക് ബോധ്യപ്പെട്ടു. കായികമായി തൃണമൂലിനെ മറികടക്കാതെ പ്രതീക്ഷിക്കുന്ന സീറ്റുകളിലേക്ക് എത്താന്‍ സാധിക്കില്ലെന്ന തിരിച്ചറിവ്. അതില്‍ നിന്നാണ് കൊല്‍ക്കത്തയില്‍ അമിത് ഷായുടെ കാര്‍മികത്വത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ അക്രമങ്ങള്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍, ഒറ്റക്ക് ഭൂരിപക്ഷമെന്നത് സ്വപ്‌നമായിപ്പോലും അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുന്നിലില്ല. എന്‍ ഡി എക്ക് ഭൂരിപക്ഷമെന്നത് വിദൂരമായ സ്വപ്‌നം മാത്രവും. അതുകൊണ്ടു തന്നെ അവസാന ഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 59 സീറ്റുകളില്‍ പരമാവധി വിജയം മാത്രമാണ് ലക്ഷ്യം. അതിന് ഏതുമാര്‍ഗവും അവലംബിക്കുകയാണ് അമിത് ഷായും മോദിയും. അതിനവരെ പ്രത്യക്ഷത്തില്‍ തന്നെ സഹായിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ സന്നദ്ധമാകുന്നുവെന്നത് ജനാധിപത്യ സമ്പ്രദായത്തെ തന്നെ അട്ടിമറിക്കുന്നതാണ്. കൊല്‍ക്കത്തയില്‍ ബി ജെ പി ആസൂത്രണം ചെയ്ത് നടപ്പാക്കിയ അക്രമങ്ങളുടെ പേരില്‍ അവിടുത്തെ ജനങ്ങളുടെയും ഇതര രാഷ്ട്രീയ സംവിധാനങ്ങളുടെയും ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുകയാണ്, പ്രചാരണ സമയം വെട്ടിക്കുറക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. നരേന്ദ്ര മോദിയുടെ ബംഗാളിലെ റാലികള്‍ തടസ്സം കൂടാതെ നടക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് പ്രചാരണം അവസാനിപ്പിക്കാനാണ് കമ്മീഷന്‍ തീരുമാനിച്ചത്. പശ്ചിമ ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റാന്‍ തീരുമാനിച്ചതിലൂടെ അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെന്ന് ധ്വനിപ്പിക്കാനും കമ്മീഷന്‍ ശ്രമിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ സകല അധികാരവും കമ്മീഷനില്‍ നിക്ഷിപ്തമാണെന്ന ഭരണഘടനാ പഴുതുപയോഗപ്പെടുത്തി പരമാധികാരിക്ക് പാദസേവ ചെയ്യുകയാണ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടങ്ങളൊക്കെ ലംഘിച്ച് നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളിലൊക്കെ ആ ദേഹത്തിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കി, വിനീതരായ വിധേയരാണ് തങ്ങളെന്ന് ഇന്ത്യന്‍ യൂനിയനിലെ ജനങ്ങളോട് ഉദ്‌ഘോഷിച്ച കമ്മീഷന്‍, അധികാരത്തുടര്‍ച്ച ഉറപ്പാക്കാന്‍ തങ്ങളാലാകും വിധം ശ്രമിക്കുന്ന കാഴ്ച. ഈ കമ്മീഷന്റെ നിയന്ത്രണത്തില്‍ നടന്ന തിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വവുമായിരുന്നോ എന്ന ചോദ്യം ബംഗാളിലെ സംഭവങ്ങളോടെ വലുതാകുകയാണ്.

തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെല്ലാം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഇംഗിതങ്ങള്‍ക്കൊപ്പിച്ച് ക്രമീകരിച്ചതാണോ എന്ന് സംശയിക്കണം. ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഏഴ് ഘട്ടമായി പോളിംഗ്. ഖജനാവില്‍ ധാരാളം പണമുള്ള ബി ജെ പിക്ക്(ഇലക്ടറല്‍ ബോണ്ട് വഴി 2019 ഏപ്രില്‍ മാസത്തില്‍ മാത്രം എത്തിയ രണ്ടായിരത്തിലേറെ കോടി രൂപയില്‍ 80 ശതമാനവും ബി ജെ പിയുടെ ഖജനാവിലേക്കാണ്) അതിന്റെ നേതാക്കളെ പരമാവധി ഉപയോഗപ്പെടുത്താന്‍ പാകത്തിലുള്ള ഷെഡ്യൂളിംഗ്. വരാണസിയിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് വെച്ചതു പോലും ഇതര ഇടങ്ങളില്‍ പരമാവധി സമയം ചെലവിടാന്‍ നരേന്ദ്ര മോദിക്ക് അവസരമുണ്ടാക്കാനല്ലേ എന്ന് സംശയിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആജ്ഞാനുവര്‍ത്തികളായെന്നും മാതൃകാ പെരുമാറ്റച്ചട്ടം മോദി പെരുമാറ്റച്ചട്ടമായെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം മുഖവിലക്കെടുക്കാവുന്ന സാഹചര്യമാണ് രാജ്യത്ത്. ലോകത്തെ ഏറ്റവും വലിയ ജനായത്ത പ്രക്രിയയെ അതിന്റെ നടത്തിപ്പുകാര്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കാഴ്ച. ബാരക്ക്പൂരില്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിയെ അടിച്ചോടിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനായത്ത സമ്പ്രദായത്തെ അട്ടിമറിക്കാന്‍ തന്നെയാണ് ശ്രമിച്ചത്. പക്ഷേ, ബാരക്ക്പൂര്‍ മാതൃകയില്‍ പ്രതീക്ഷ വെക്കുക മാത്രമേ കരണീയമായുള്ളൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest