Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതിത്വം; ബംഗാളില്‍ പ്രചാരണം വെട്ടിക്കുറച്ചതിനെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പു പ്രചാരണം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. പ്രചാരണത്തിന് 20 മണിക്കൂറുകള്‍ കൂടി ശേഷിക്കെ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത് എന്തടിസ്ഥാനത്തിലാണെന്ന് കമ്മീഷന്‍ വ്യക്തമാക്കണം. കമ്മീഷന്‍ നടപടിയെ ശക്തമായി അപലപിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം അവസാനിച്ച ഉടന്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് തികച്ചും പക്ഷപാതപരമാണ്. ഇത്രയും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഒരു തിരഞ്ഞെടുപ്പു കമ്മീഷന്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്- പഞ്ചാബിലെ മോഗയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച കെജ്‌രിവാള്‍ ബംഗാള്‍ ജനത നരേന്ദ്ര മോദിയെ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ബംഗാളില്‍ നടക്കുന്ന സംഭവങ്ങള്‍ അതീവ ഗുരുതരമാണെന്നും ജനാധിപത്യം അപകടത്തിലായിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും റാലിയില്‍ സംബന്ധിച്ച എ എ പി വക്താവ് സൗരഭ് ഭരദ്വാജും പറഞ്ഞു.