Connect with us

Ramzan

മനസ്സാണ് പ്രധാനം

Published

|

Last Updated

ബസ് സ്റ്റാൻഡിൽ രണ്ട് പേർ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. കല്ല്, ചെരുപ്പ് തുടങ്ങി കിട്ടുന്ന സാധനങ്ങളൊക്കെ എടുത്ത് അടിക്കുന്നുണ്ട്. അവസാനം ഒരുത്തന് ഗുരുതരമായ പരുക്ക് പറ്റി. അവനെ ആരൊക്കെയോ എടുത്തു കൊണ്ടുപോയി. അതോടെ ഏറ്റുമുട്ടൽ അവസാനിച്ചു. ഇവിടെ രണ്ട് പേരും കുറ്റക്കാരാണ്. രണ്ട് പേരുടെയും ലക്ഷ്യം സുഹൃത്തിനെ ആക്രമിക്കുക എന്നതായിരുന്നത് കൊണ്ടാണത്.

അബൂ മൂസൽ അശ്അരി (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: രണ്ട് മുസ്‌ലിംകൾ തമ്മിൽ വാളെടുത്ത് ഏറ്റുമുട്ടി. ഒരാൾ കൊല്ലപ്പെട്ടു. എന്നാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്. ഞാൻ ചോദിച്ചു: കൊന്നവന്റെ കാര്യം വ്യക്തമാണ്. എന്നാൽ കൊല്ലപ്പെട്ടവൻ എങ്ങനയാണ് നരകാവകാശിയാവുക. നബി (സ) പറഞ്ഞു: കൊല്ലപ്പെട്ടവൻ തന്റെ സഹോദരനെ കൊല്ലാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. (ബുഖാരി, മുസ്‌ലിം).

മനസ്സിലെ ഉദ്ദേശ്യത്തിനനുസരിച്ചാണ് ശിക്ഷയും കൂലിയും നിർണയിക്കപ്പെടുന്നത്. നന്മ ഉദ്ദേശിച്ചാൽ കൂലിയും തിൻമ ഉദ്ദേശിച്ചാൽ ശിക്ഷയും ലഭിക്കും. പ്രവൃത്തി ചെയ്യണമെന്നില്ല. ഒരാൾ കുറേ നല്ല കാര്യങ്ങൾ ചെയ്യാൻ കരുതി. പക്ഷേ ചിലതൊക്കെ ചെയ്യാൻ സാധിച്ചു. മറ്റു ചിലതിന് സാധിച്ചില്ല. എന്നാൽ ചെയ്യാൻ സാധിക്കാതെ പോയതിനും പ്രതിഫലം ലഭിക്കും. അതേസമയം ആ തിന്മ അയാൾ ചെയ്യാതിരുന്നാൽ അയാൾക്കും പ്രതിഫലമുണ്ട്. തിൻമ ചെയ്യാൻ ഉദ്ദേശിച്ച സമയം അതിൽ നിന്നകന്ന് നിന്നതിനാണത്. ഇബ്‌നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ) പറഞ്ഞു: നിശ്ചയം അല്ലാഹു നന്മയേയും തിന്മയേയും വേർതിരിക്കുകയും വിശദീകരിക്കുകയും ചെയ്തു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചാൽ അതു ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അതൊരു പൂർണ നന്മയായി അല്ലാഹുവിന്റെ അടുക്കൽ രേഖപ്പെടുത്തപ്പെടും. ഉദ്ദേശിച്ച നന്മ പ്രവർത്തിച്ചാൽ പത്ത് മുതൽ 700 ഉം അതിനേക്കാൾ കൂടുതലായും രേഖപ്പെടുത്തപ്പെടും. തിന്മ പ്രവർത്തിക്കാൻ ഉദ്ദേശിക്കുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അതൊരു ഗുണമായി അല്ലാഹു രേഖപ്പെടുത്തും. ഇനി അത് പ്രവർത്തിച്ചാൽ ഒരു തിന്മയായേ രേഖപ്പെടുത്തുകയുള്ളൂ. മനസ്സിൽ കോപ്പുകൂട്ടുന്ന ചിന്തകൾക്കും അതിന്റേതായ ഫലം ലഭിക്കുമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. നന്മ പതിന്മടങ്ങായി വർധിക്കും പോലെ തിന്മ വർധിക്കുന്നില്ല. കാരണം ഒരണുമണിത്തൂക്കം പോലും ശിക്ഷ അടിമയിൽ അധികമായിപ്പോകരുതെന്ന് കാരുണ്യവാനായ അല്ലാഹുവിന്റെ നിശ്ചയമാണ്. നന്മയിലേക്ക് സൃഷ്ടികളെ കൂടുതൽ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണത്.

മനസ്സിന്റെ പ്രവർത്തനങ്ങളാണ് സൃഷ്ടിയിൽ വിജയ പരാജയങ്ങളെ നിർണയിക്കുന്നത്. പുറമേയുള്ള പ്രകടനപരത കൊണ്ടൊന്നും നേടാൻ സാധിക്കില്ല. നിശ്ചയം അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ നോക്കുന്നില്ല. നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. (മുസ്‌ലിം) റമസാനിലും അല്ലാത്തപ്പോഴുമെല്ലാമുള്ള നമ്മുടെ കർമങ്ങളിൽ ഇക്കാര്യം നാം കാത്തു സൂക്ഷിക്കണം. നിസ്‌കാരവും ഖുർആൻ പാരായണവും സകാത്തും സ്വദഖയും ഒന്നും മറ്റുള്ളവർ കാണുന്നതിന് വേണ്ടിയോ മേനി നടിക്കുന്നതിന് വേണ്ടിയോ ആകരുത്. അത്തരം പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ അടുക്കൽ യാതൊരു പ്രതിഫലവുമുണ്ടാവുകയില്ല. എല്ലാം വൃഥാവിലായിപ്പോകും.

അനസ് സഖാഫി ക്ലാരി

സബ് എഡിറ്റർ, സിറാജ്

Latest