Connect with us

National

മോദി സംസാരിക്കുന്നത് ഭ്രാന്തനെ പോലെ; പ്രതിമ പുനര്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്കറിയാം: മമത

Published

|

Last Updated

കൊല്‍ക്കത്ത: ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പു റാലിക്കിടെ തകര്‍ക്കപ്പെട്ട നവോഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനര്‍ നിര്‍മിക്കാന്‍ മോദിയുടെ സഹായം ആവശ്യമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി ജെ പി തകര്‍ത്ത പ്രതിമ പുനര്‍നിര്‍മിക്കാനും പുനസ്ഥാപിക്കാനും ബംഗാളിനറിയാമെന്നും മോദിയുടെ പണം ആവശ്യമില്ലെന്നും മമത വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് പ്രതിമ തകര്‍ത്തതെങ്കിലും ബി ജെ പി അത് പഞ്ചലോഹങ്ങളാല്‍ പുനര്‍ നിര്‍മിച്ച് അതേ സ്ഥാനത്ത് സ്ഥാപിക്കുമെന്നാണ് മോദി പറഞ്ഞിരുന്നു.

മോദിക്ക് എന്റെ ശക്തി മനസ്സിലായിട്ടില്ല. ആയിരം ആര്‍ എസ് എസുകാരും മോദിയും ഒന്നിച്ചു വന്നാലും തന്നെ ഒന്നും ചെയ്യാനാകില്ല. ഭ്രാന്തനെപ്പോലെയാണ് മോദി സംസാരിക്കുന്നത്. എനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ മോദി തയാറാകണം. ഇല്ലെങ്കില്‍ താങ്കളെ ജയിലിലടക്കാന്‍ ഞങ്ങള്‍ക്കറിയാം- മമത പറഞ്ഞു. പ്രതിമ പുനര്‍ നിര്‍മിച്ചു നല്‍കുമെന്ന് പറയുന്ന മോദി ബംഗാളിന്റെ 200 വര്‍ഷത്തെ സംസ്‌കാരവും ചരിത്രവും തിരിച്ചുതരുമോ എന്നും ബംഗാള്‍ മുഖ്യമന്ത്രി ചോദിച്ചു.

പരസ്യ പ്രചാരണം വ്യഴാഴ്ച അവസാനിപ്പിക്കണമെന്ന് അന്ത്യശാസനം നല്‍കുന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ മോദിയുടെ ഇച്ഛക്കൊത്താണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷനെ മോദി വിലക്കെടുത്തിരിക്കുകയാണെന്നും മമത ആരോപിച്ചു.

---- facebook comment plugin here -----

Latest