Connect with us

National

വെടിവെപ്പില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം; ജമ്മുവിലെ ബദേര്‍വയില്‍ നിരോധനാജ്ഞ

Published

|

Last Updated

ബദേര്‍വ/ജമ്മു: വെടിവെപ്പില്‍ മധ്യവയസ്‌കന്‍
കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ബദേര്‍വ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട നയീം എന്നയാളുടെ ബന്ധുക്കള്‍ ഇവിടുത്തെ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും അഞ്ചു വാഹനങ്ങള്‍ തകര്‍ക്കുകയും ഒരു വാഹനത്തിന് തീയിടുകയും ചെയ്തു. ലാത്തി വീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഗോവധം ആരോപിച്ചാണ് നയീമിനെ വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ചതേര്‍ഗല ഭാഗത്തു നിന്നു വരികയായിരുന്ന നയീമിനു നേരെ നല്‍തിയില്‍ വെച്ച് ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജമ്മു സോണ്‍ ഐ ജി പി. എം കെ സിന്‍ഹ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. വെടിയേറ്റ നയീം കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ഏഴുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയതായും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും ഐ ജി പി വ്യക്തമാക്കി.