Connect with us

Kerala

കെവിന്‍ വധക്കേസ്: രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി

Published

|

Last Updated

കോട്ടയം: കെവിന്‍ വധക്കേസില്‍ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി. യഥാക്രമം 27, 98 സാക്ഷികളായ അലന്‍, സുലൈമാന്‍ എന്നിവരാണ് വിചാരണക്കിടെ കൂറുമാറിയത്. പ്രതികള്‍ക്ക് അനുകൂലമായി ഇവര്‍ മൊഴി മാറ്റുകയായിരുന്നു. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം അഞ്ചായി.

കോട്ടയത്തേക്കുള്ള യാത്രക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍. കേസിലെ എട്ടാം പ്രതി നിഷാദിന്റെ അയല്‍വാസിയാണ് സുലൈമാന്‍. രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവര്‍ ബുധനാഴ്ച മൊഴി മാറ്റിയിരുന്നു. 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപ് നേരത്തെ കൂറുമാറിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിന് നിയാസിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ സാക്ഷികളായിരുന്നു സനീഷും മുനീറും. തെളിവെടുപ്പിനിടെ നിയാസ് തന്റെ മൊബൈല്‍ ഫോണ്‍ പോലീസിനു കൈമാറിയിരുന്നതായി ഇവര്‍ നേരത്തെ അന്വേഷണോദ്യോഗസ്ഥനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇരുവരും മൊഴി നിഷേധിച്ചു. പോലീസ് നിയാസിന്റെ വീട്ടില്‍ എത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ഫോണ്‍ പോലീസിന് കൈമാറുന്നതു കണ്ടില്ലെന്നും പോലീസ് ഒപ്പിട്ടു വാങ്ങിയ കടലാസില്‍ എഴുതിയ കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞതോടെ ഇവര്‍ കൂറുമാറിയതായി കോടതി രേഖപ്പെടുത്തുകയായിരുന്നു.

തെന്മല സ്വദേശി നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ
നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്.