Connect with us

National

ബംഗാളിലെ പ്രചാരണം വെട്ടിക്കുറച്ച നടപടി ജനാധിപത്യത്തിലെ കറുത്ത അധ്യായം: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ പരസ്യ പ്രചാരണം 20 മണിക്കൂറോളം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. ഭരണഘടനയോടുള്ള മാപ്പര്‍ഹിക്കാത്ത വഞ്ചനയാണ് കമ്മീഷന്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. പ്രചാരണം തടഞ്ഞ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പു കമ്മീഷന്‍ പോലെയുള്ള സ്ഥാപനങ്ങളുടെയും ചരിത്രത്തിലെ കറുത്ത അധ്യായമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ കയ്യിലെ പാവയെ പോലെയാണ് കമ്മീഷന്‍ പെരുമാറുന്നത്. കമ്മീഷന്‍ നടപടിക്രമങ്ങളുടെ സുതാര്യതയില്‍ ഇത് സംശയമുയര്‍ത്തുന്നു. മോദിക്കും ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരായ പരാതികളില്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ തയാറായില്ല. ഒരു ഭരണഘടനാ സ്ഥാപനം നാണംകെട്ട രീതിയില്‍ അധപതിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പു കമ്മീഷനിലേക്കുള്ള നിയമന രീതി പുനപ്പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഭരണത്തിലിരിക്കുന്നവര്‍ക്ക് താത്പര്യമുള്ളവരെ മാത്രം കമ്മീഷനില്‍ നിയമിക്കുന്നത് ശരിയല്ല. ജനാധിപത്യം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതിന് മാറ്റങ്ങള്‍ അനിവാര്യമാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാറ്റത്തെക്കുറിച്ച് ആലോചിക്കുമെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.