Connect with us

Kerala

ജപ്തി ഭീഷണിയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ ബേങ്കിനെതിരെ വ്യാപക പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: കാനറാ ബേങ്കിന്റെ ജപ്തി നടപടികള്‍ ഉണ്ടാകുമെന്ന ഭീഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കനറാ ബേങ്കിന്റെ നെയ്യാറ്റിന്‍കര ശാഖ നാട്ടുകാര്‍ ഉപരോധിച്ചു. കക്ഷി രാഷ്ട്രീയ വിത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളും ഒന്നായി ബേങ്കിന് മുന്നില്‍ ഉപരോധം തീര്‍ക്കുകയായിരുന്നു. നെയ്യാറ്റിന്‍കരക്ക് സമീപത്തുമുള്ള കനറാ ബേങ്കിന്റെ മൂന്ന് ശാഖകള്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. കൊല്ലപ്പെട്ട കുടുംബത്തിന്റെ കടം എഴുതിതള്ളാതെയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കാതെയും ബേങ്ക് തുറക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കനറാ ബേങ്കിന്റെ തിരുവനന്തപുരത്തെ റീജ്യണല്‍ ശാഖക്ക് മുമ്പിലും രാവിലെ പ്രതിഷേധങ്ങള്‍ അരങ്ങേറി. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ബേങ്കിന് ഉള്ളിലേക്ക് തള്ളിക്കയറിയ ഇവര്‍ റസപ്ഷന്‍ കൗണ്ടറിലുള്ള ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. 15 മിനിട്ടോളം സംഘര്‍ഷം സൃഷ്ടിച്ച യൂത്ത്‌കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എസ് എഫ്, ഐ അടക്കമുള്ള സംഘനടകളും റീജ്യണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ച് കഴിഞ്ഞു.

അതിനിടെ നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ അമ്മയുടേയും മകളുടേയും പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി തല്‍ക്ഷണവും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

രണ്ടു പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബേങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ബേങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥന്‍ ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബേങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ല കലക്ടര്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് റവന്യൂ മന്ത്രി നല്‍കുന്ന സൂചന.

എന്നാല്‍ വൈഷ്ണവിയുടെ അമ്മൂമ്മയുടെയും അയല്‍വാസിയുടെ മൊഴിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മാരായമുട്ടം പൊലീസ് ബാങ്ക് ഉദ്യോഗസ്ഥരെ പ്രതിയാക്കിയിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരാണ് ആത്മഹത്യയിലേക്ക് കുടുംബത്തെ തള്ളിവിട്ടതെന്നാണ് ഇവരുടെ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തില്‍ വകുപ്പുകള്‍ മാറ്റുമെന്നാണ് പൊലീസ് പറയുന്നത്.
ബേങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. അതിനിടെ മകള്‍ മരിച്ച ശേഷവും ബേങ്ക് അധികൃതര്‍ വിളിച്ച് പണം ആവശ്യപ്പെട്ടതായി ചന്ദ്രന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതും പോലീസിന്റെ അന്വേഷണ പരിധിയില്‍ വരും.

---- facebook comment plugin here -----

Latest