Connect with us

Gulf

മാള്‍ ഓഫ് ഉമ്മുല്‍ ഖുവൈന്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: ലുലുവിന്റെ മാള്‍ ഓഫ് ഉമ്മുല്‍ ഖുവൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല ഉദ്ഘാടനം ചെയ്തു. ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശി ശൈഖ് റാശിദ് ബിന്‍ സഊദ് അല്‍ മുഅല്ലയും മറ്റ് ഭരണ കുടുംബാഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, സി ഇ ഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫലി, ഡയറക്ടര്‍ എം എ സലീം എന്നിവര്‍ ചേര്‍ന്ന് ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയെയും കിരീടാവകാശിയെയും സ്വീകരിച്ചു. ശിലാഫലകം അനാച്ഛാദനം ചെയ്ത ശേഷം ഭരണാധികാരിയും കിരീടാവകാശിയും മാള്‍ ചുറ്റിക്കണ്ടു. ഉമ്മുല്‍ ഖുവൈനിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സംതൃപ്തി നല്‍കുന്ന പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന മാള്‍ ഓഫ് യു എ ക്യൂ നിര്‍മാണം പൂര്‍ത്തിയാക്കിയതില്‍ യൂസുഫലിയെ ഭരണാധികാരി ശൈഖ് സഊദ് അഭിനന്ദിച്ചു.
തദ്ദേശിയര്‍ക്കും മറ്റു നിവാസികള്‍ക്കും ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം സാധ്യമാക്കാന്‍ ഉമ്മുല്‍ ഖുവൈനില്‍ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ മാള്‍ ഓഫ് യു എ ക്യൂവിന് കഴിയുമെന്ന് യൂസുഫലി പറഞ്ഞു.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ലുലു ഗ്രൂപ്പിന്റെ സംരഭങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാള്‍ ഓഫ് യു എ ക്യൂ നിര്‍മിച്ചത്.

യു എ ഇ ഭരണാധികാരികളുടെ ദാര്‍ശനിക നേതൃത്വവും വലിയ തോതിലുള്ള ജനപിന്തുണയും ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും നല്‍കുന്നുണ്ടെന്ന് യൂസുഫലി പറഞ്ഞു.
കിംഗ് ഫൈസല്‍ സ്ട്രീറ്റില്‍ പണിത പുതിയ മാളില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ഫുഡ് കോര്‍ട്ട്, അഞ്ച് സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ്, ലുലു എക്‌സ്‌ചേഞ്ച്, ബേങ്ക്, വിനോദ കേന്ദ്രമായ ഓറഞ്ച് ഹബ്, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ആധുനിക രീതിയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റും മാളിന്റെ പ്രത്യേകതയാണ്. ഉമ്മുല്‍ ഖുവൈനിലെ റീട്ടെയില്‍ രംഗത്തെ ഏറ്റവും മികച്ച ഷോപ്പിംഗ് മാളായിരിക്കും മാള്‍ ഓഫ് യു എ ക്യൂ.

ശൈഖ് ഹുമൈദ് ബിന്‍ അഹ്മദ് അല്‍ മുഅല്ല, സാമ്പത്തിക വികസന വകുപ്പ് തലവന്‍ ശൈഖ് സെയ്ഫ് ബിന്‍ റാശിദ് അല്‍ മുഅല്ല, ഉമ്മുല്‍ ഖുവൈന്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല, ടൂറിസം വകുപ്പ് മേധാവി ശൈഖ് മാജിദ് ബിന്‍ സഊദ് അല്‍ മുഅല്ല, ധനകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുല്ല ബിന്‍ സഊദ് റാശിദ് അല്‍ മുഅല്ല, ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റി മേധാവി ശൈഖ് അലി ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല, നഗരാസൂത്രണ വകുപ്പ് മേധാവി ശൈഖ് അഹ്മദ് ബിന്‍ ഖാലിദ് അല്‍ മുഅല്ല എന്നിവരുള്‍പെടെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest