Connect with us

Gulf

കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം: യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരും- അന്‍വര്‍ ഗര്‍ഗാഷ്

Published

|

Last Updated

ദുബൈ: യു എ ഇ സമുദ്രാതിര്‍ത്തിയില്‍ നാല് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണവുമായ ബന്ധപ്പെട്ട മുഴുവന്‍ സത്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടക്കും. സംഭവത്തിനു പിന്നിലെ ശക്തികളെയും ലക്ഷ്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരും. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ യു എ ഇ നടത്തുന്ന ഇടപെടലുകളിലും ഇക്കാര്യത്തില്‍ രാജ്യത്തിന്റെ നിലപാടുകളിലും അസഹിഷ്ണുതയുള്ള സമാധാന വിരോധികളാണ് അക്രമണത്തിന് പിന്നില്‍. അയല്‍ രാജ്യങ്ങളുമായുള്ള യു എ ഇയുടെ സൗഹൃദം നമ്മുടെ നിലപാടുകളെയും കാഴ്ചപ്പാടുകളുടെയും ഫലമാണ്. സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ യു എ ഇ എന്നും പ്രതിജ്ഞാബദ്ധമാണ്, ഗര്‍ഗാഷ് വ്യക്തമാക്കി.
ആക്രമണത്തില്‍ സഊദിയുടെ ഓയില്‍ ടാങ്കറുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. എണ്ണക്കപ്പലുകള്‍ക്ക് വന്‍ നാശനഷ്ടം സംഭവിച്ചതായി സഊദിയും സ്ഥിരീകരിച്ചു. ഈ മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാനോ അവരുമായി ബന്ധപ്പെട്ടവരോ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. സഊദിയില്‍നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സംഭവത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) പ്രതിഷേധം രേഖപ്പെടുത്തി.
സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരണിക്കണമെന്ന് ജി സി സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.

Latest