Connect with us

Gulf

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിക്ക് കുവൈത്തിന്റെ ആദരം

Published

|

Last Updated

കുവൈത്ത്: ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി കുവൈത്തിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രാസ്ഥാനിക കുടുംബവും കുവൈത്തിലെ പൗര പ്രമുഖരും ചേര്‍ന്ന് ആദരിച്ചു.

നിര്‍ദ്ദിഷ്ഠമായ ആരാധനാ കര്‍മ്മങ്ങള്‍ ചിട്ടയോടെയും ഹൃദയ സമര്‍പ്പണത്തോടെയും നിര്‍വഹിക്കുന്നതോടൊപ്പം സഹജീവികളോട് കരുണയും സഹകരണവും നിറഞ്ഞ സഹവര്‍ത്തിത്വം കൂടി സാധ്യമാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സാമൂഹ്യ ജീവി എന്ന നിലയ്ക്കുള്ള സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നിന്നു കൊണ്ട് ഒരാള്‍ക്കും മുസ്ലിം എന്ന നിലയ്ക്കുള്ള തന്റെ പ്രതിനിധാനം നിര്‍വഹിക്കാന്‍ സാധിക്കുകയില്ല. നിരപരാധികളെ കൊല്ലുന്നതിന് മതത്തിന്റെ പേരില്‍ കാരണം ചികയുന്നവര്‍ വിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്ന മുഴുവന്‍ സന്ദേശങ്ങളുടെയും വിപരീത ദിശയില്‍ സ്ഥാനമുറപ്പിച്ചവരാണ്. വിശുദ്ധ മതത്തിലെ ചരിത്ര, പ്രമാണങ്ങളില്‍ നിന്നുള്ള യാതൊരു പിന്തുണയുമില്ലാത്തവരാണിവര്‍. വെറുപ്പിന്റെ തത്വശാസ്ത്രങ്ങളെ ഇസ്ലാമിന്റെ ലേബലൊട്ടിച്ച് അവതരിപ്പിക്കുന്നതിലെ അപകടങ്ങള്‍ക്കെതിരെ ജാഗ്രത കൈക്കൊള്ളണമെന്നും അദ്ദേഹം ഉണര്‍ത്തി.അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടന്ന സ്വീകരണ പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ് യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ സന്നിഹിതനായിരുന്നു. കുവൈത്ത് ഐ.സി.എഫ് പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം ദാരിമി അദ്ധ്യക്ഷത വഹിച്ചു. ഉബൈദുല്ല സഖാഫി ഉദ്ഘാടനവും ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു.
കുവൈത്തിലെ പൗര പ്രമുഖരും ഐ.സി.എഫ് ആര്‍.എസ്.സി നേതാക്കളും സംബന്ധിച്ചു.