Connect with us

Ongoing News

എം ജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലക്ക് കൂഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വ്വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ (എസ്.സി/എസ്.ടി) /സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (എസ് ഇ ബി സി)/ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഇ ബി എഫ് സി) എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മന്റ് നടത്തും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ PGCAP എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താവുന്നതാണ്. “അക്കൗണ്ട് ക്രിയേഷന്‍” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ മെയില്‍ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ് വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷന്‍ ഫീ ഒടുക്കേണ്ടതാണ്. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 1250/- രൂപയും എസ് സി/എസ് ടി വിഭാഗത്തിനു 625/- രൂപയുമാണ്. ഇത്തരത്തില്‍ അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ലിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐ ഡി. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്ക് ശേഷം ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് മാസം 25 നു ഉച്ചയ്ക്ക് രണ്ടുമണിവരെ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ആദ്യ അലോട്‌മെന്റ് ജൂണ്‍ 6 നു നടത്തും.

അപേക്ഷകര്‍ സര്‍വ്വകലാശാല വെബ്‌സൈറ്റിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ്.
മാനേജുമെന്റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് സമര്‍പ്പിക്കേണ്ടതുമാണ്. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് സമര്‍പ്പിക്കേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആര്‍ക്കും തന്നെ മാനേജുമെന്റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടാകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നതല്ല.
വികലാംഗ/സ്‌പോട്‌സ്/കള്‍ച്ചറല്‍ ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ മെയ് 22നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് മെയ് 23നു പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന അതത കോളേജുകളില്‍ മെയ് 23 മുതല്‍ 24 വരെ നടത്തുന്നതുമാണ്.
സ്‌പോട്‌സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മന്റ്/കമ്മ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സര്‍വ്വകലാശാല വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജധികൃതര്‍ വിജ്ഞാപനത്തിലുള്ള തീയതികള്‍ക്കനുസൃതമായിതന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. കോളേജധികൃതര്‍ തങ്ങളുടെ ഇ-മെയില്‍ ദിവസേന പരിശോധിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ cap.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇമെയില്‍ വിലാസം: pgcap@mgu.ac.in.

---- facebook comment plugin here -----

Latest