Connect with us

Education

മലയാളി ഗവേഷകർക്കായി യുനെസ്‌കോ സഹാപീഡിയ ഫെല്ലോഷിപ്പ്

Published

|

Last Updated

കൊച്ചി: കലാ സാംസ്‌കാരിക രംഗത്തെ ഗവേഷണങ്ങൾക്കായി നൽകുന്ന മൂന്നാമത് യുനെസ്‌കോ സഹാപീഡിയ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിൽ ഗവേഷണം നടത്തുന്നവർക്ക് അവരുടെ പ്രൊജക്ടുകൾ പ്രമാണവത്കരിക്കുന്നതിനാണ് ഫെല്ലോഷിപ്പ് നൽകുന്നത്. 40,000 രൂപയാണ് ഫെല്ലോഷിപ്പ് തുക.
ഇന്ത്യയിൽ കല സാംസ്‌കാരിക രംഗത്തെ ഓൺലൈൻ എൻസൈക്ലോ പീഡിയ ആയ സഹാപീഡിയ ഫെല്ലോഷിപ്പ് ഇംഗ്ലീഷ് കൂടാതെ ഹിന്ദി, ഉർദു, ബംഗാളി, മറാഠി, തമിഴ്, മലയാളം എന്നിങ്ങനെ ആറ് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. ഫെല്ലോഷിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ www.sahapedia.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. നാളെ മുതൽ ജൂൺ 30 വരെ ഫെല്ലോഷിപ്പിനായുള്ള അപേക്ഷകൾ സ്വീകരിക്കും. ദേശീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തിയ കലാ സംസ്‌കൃതി വികാസ് യോജന വഴിയുള്ള സാമ്പത്തിക സഹകരണത്തിലൂടെയാണ് യുനെസ്‌കോ സഹാപീഡിയ ഫെല്ലോഷിപ്പ് നൽകുന്നത്. പോസ്റ്റ് ഡോക്ടറൽ ഗവേഷകർ, പി എച്ച് ഡി ഗവേഷകർ, ബിരുദാനന്തര ബിരുദമോ, തത്തുല്യമായ യോഗ്യതയോ ഉള്ളവർക്കാണ് ഫെല്ലോഷിപ്പിന് അർഹതയുള്ളത്.

ഡോക്യുമെന്റേഷനായോ അല്ലെങ്കിൽ ഗവേഷണമായോ ഇവ രണ്ടും ചേർന്നോ ഫെല്ലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
വിദ്യാർഥികൾ, ഗവേഷകർ, ചരിത്രകാരന്മാർ, മാധ്യമ പ്രവർത്തകർ, സാമൂഹിക ശാസ്ത്രജ്ഞർ, ആർക്കിടെക്ടുകൾ, സംസ്‌കാര കുതുകികൾ തുടങ്ങിയവർക്ക് ആറ് ഭാഷകളിൽ ഗവേഷണവും ഡോക്യുമെന്റേഷനും നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് സഹാപീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുധ ഗോപാലകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഫെല്ലോഷിപ്പിന്റെ രണ്ടാം ലക്കത്തിൽ 66 പേരാണ് അർഹരായത്. ആറ് മാസം കൊണ്ട് വൈവിധ്യമാർന്ന വിഷയങ്ങളിൽ അവർ ഗവേഷണം നടത്തുകയും അതിന്റെ വിശദാംശങ്ങൾ സഹാപീഡിയ വെബ്‌സൈറ്റിൽ ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Latest