Connect with us

Ongoing News

തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ ഏറെ മുന്നിൽ പശ്ചിമ ബംഗാൾ

Published

|

Last Updated

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ ഒരു ഘട്ട വോട്ടെടുപ്പ് മാത്രം ശേഷിക്കേ വോട്ടിംഗ് മെഷീനുകളുടെ വിശ്വസ്യത സംബന്ധിച്ച പരാതികൾക്ക് പഞ്ഞമില്ല. എന്നാൽ, ഇത്തരം പരാതി മിക്ക സംസ്ഥാനങ്ങളിൽ നിന്നും ഉയർന്നെങ്കിലും അക്രമം, ബൂത്ത് പിടുത്തം എന്നിവ കൊണ്ട് വാർത്തകൾ നിറഞ്ഞത് മമതാ ബാനർജി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ നിന്നാണ്. ഒന്നാം ഘട്ടം മുതൽ കഴിഞ്ഞ ദിവസം നടന്ന ആറാം ഘട്ടം വരെ പശ്ചിമ ബംഗാളിൽ വലിയ അക്രമങ്ങളാണ് അരങ്ങേറിയത്.

പാർട്ടി ഭേദമില്ലാതെയായിരുന്നു ബംഗാളിലെ അക്രമങ്ങൾ. മിക്കയിടത്തും ഈ സംഘർഷം ബി ജെ പിയും തൃണമൂൽ കോൺഗ്രസും തമ്മിലായിരുന്നു. ഒന്നാം ഘട്ടത്തിൽ തന്നെ ബംഗാളിൽ അക്രമങ്ങൾ അരങ്ങേറി. രണ്ടാം ഘട്ടത്തിൽ ഇത് വ്യാപകമായി. റായ്ഗഞ്ച്, ഡാർജ്‌ലിംഗ് മേഖലയിലാണ് ഈ ഘട്ടത്തിൽ സംഘർഷമുണ്ടായത്. റായ്ഗഞ്ചിലെ ചോപ്രയിൽ ആൾക്കൂട്ടം ബൂത്തുകൾ ആക്രമിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. വോട്ടിംഗ് മെഷീനുകൾ നശിപ്പിക്കുന്നതടക്കമുള്ള അക്രമങ്ങളാണ് ഇവിടെ നടന്നത്. രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്യാൻ പോകുകയായിരുന്ന റായ്ഗഞ്ചിലെ സി പി എം. എം പിയും സ്ഥാനാർഥിയുമായ മുഹമ്മദ് സലിമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. കല്ലേറിൽ ഇദ്ദേഹത്തിന്റെ കാറിന്റെ ചില്ല് തകർന്നു.

മൂന്നാം ഘട്ടത്തിൽ മുർഷിദാബാദ് മണ്ഡലത്തിലായിരുന്നു സംഘർഷം. ഇവിടെ പോളിംഗ് ബൂത്തിന് പുറത്ത് വോട്ടർ അക്രമത്തിൽ കൊല്ലപ്പെട്ടു. കോൺഗ്രസ്- തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ദിനാജ്പൂരിൽ പോളിംഗ് ഏജന്റിനെ വീടിന് സമീപം കൊല്ലപ്പെട്ടതായി കണ്ടെത്തി. ബാലുറാഗഢിൽ ബൂത്തുകൾക്ക് നേരെ ബോംബേറുണ്ടായി.

നാലാം ഘട്ടത്തിൽ ബീർഭൂമിലായിരുന്നു ഏറ്റവും കൂടുതൽ അക്രമങ്ങൾ അരങ്ങേറിയത്. ബീർഭൂം നാനൂർ പ്രദേശത്ത് ബി ജെ പി- തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. ബോൽപൂരിലും അക്രമങ്ങളുണ്ടായി. ബോൽപൂരിലെ തൃണമൂൽ ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡലിനെ വീട്ടുതടങ്കലിലാക്കി. ചില ബൂത്തുകളിൽ ബി ജെ പി- സി പി എം പ്രവർത്തകർ ഏറ്റുമുട്ടി. പോളിംഗ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടന്നതിന് കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോക്കെതിരെ കേസെടുത്തു. ബൂത്തുകളിലൊന്നിൽ ബോംബേറുമുണ്ടായി. ബംഗാളിലെ അസൻസോളിലെ വിവിധ ബൂത്തുകളിൽ തൃണമൂൽ കോൺഗ്രസ്, ബി ജെ പി, സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

അഞ്ചാം ഘട്ടത്തിലും പശ്ചിമ ബംഗാളിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ബാരക്‌പോർ മണ്ഡലത്തിൽ തൃണമൂൽ- ബി ജെ പി പ്രവർത്തകർ ഏറ്റുമുട്ടി. ബി ജെ പി സ്ഥാനാർഥി അർജുൺ സിംഗിന് പരുക്കേറ്റു. ആറാം ഘട്ടത്തിലും ബംഗാളിൽ അക്രമങ്ങൾ അരങ്ങേറിയിരുന്നു. യു പി ഉൾപ്പടെയുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ചെറിയ രീതിൽ അക്രമങ്ങൾ ഉണ്ടായിരുന്നു.

Latest