Connect with us

Thiruvananthapuram

തിരുവനന്തപുരം - തൃശ്ശൂർ സൂപ്പർഫാസ്റ്റ് ചെയിൻ സർവീസ് ഷെഡ്യൂളുകളുടെ സർവീസ് വീണ്ടും പുനഃക്രമീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം – തൃശ്ശൂർ സൂപ്പർഫാസ്റ്റ് ചെയിൻ സർവീസിനായി മറ്റ് ഷെഡ്യൂളുകളുടെ സമയമാറ്റം സ്ഥിര യാത്രക്കാരെ ദോഷകരമായി ബാധിച്ചുവെന്ന് ഒടുവിൽ കെ എസ് ആർ ടി സിയും. ചെയിൻ സർവീസിനായി മറ്റ് ഡിപ്പോകളിൽ നിന്നുള്ള സൂപ്പർ ഫാസ്റ്റുകൾ പിടിച്ചെടുക്കുന്നതും മറ്റ് ദീർഘദൂര ഷെഡ്യൂളുകളുടെ സമയം ക്രമീകരിക്കുന്നതും തിരിച്ചടിയാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ സമയക്രമീകരണം.

ഷെഡ്യൂളുകളുടെ സമയമാറ്റം സ്ഥിര യാത്രക്കാരെ ദോഷകരമായി ബാധിച്ചുവെന്ന് യാത്രക്കാർ കെ എസ് ആർ ടി സി ഏർപ്പെടുത്തിയ വാട്‌സ്ആപ്പ് നമ്പറിലും ഫോൺ നമ്പറിലും പരാതി അറിയിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിന് നിർദേശങ്ങൾ യാത്രക്കാർ തന്നെ സമർപ്പിക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ ഭാഗത്തു നിന്ന് ലഭിച്ച പരാതികളും നിർദേശങ്ങളും കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ എം പി ദിനേശ് പരിശോധിക്കുകയും പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ഷെഡ്യൂളുകളിൽ പുനഃക്രമീകരണം വരുത്തി ഞായറാഴ്ച മുതൽ നടപ്പിൽ വരുത്തി. കൂടാതെ സമയ ക്രമീകരണത്തിനായി ഡിപ്പോകളിൽ വളരെയധികം നേരം സൂപ്പർഫാസ്റ്റ് സർവീസുകൾ പിടിച്ചിടുന്നത് ഇനി ഉണ്ടാകില്ല.

രാത്രി കാലങ്ങളിലടക്കം യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സമയം (15 മിനുട്ട്) അനുവദിച്ചുകൊണ്ട്, വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവീസുകൾ പുനഃക്രമീകരിച്ചിരിക്കുന്നത്. ഡിപ്പോകളിൽ ഇനി മുതൽ അധികസമയം ബസുകൾ പിടിച്ചിടില്ല. സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിന് പുറത്തേക്കും സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പരാതി ഉയർന്ന എല്ലാ സർവീസുകളുടെയും സമയക്രമം പുനഃസ്ഥാപിച്ചിട്ടുണ്ട്.

സൂപ്പർഫാസ്റ്റ് പുനഃക്രമീകരണത്തിന്റെ ഭാഗമായി ചില ഡിപ്പോകളിൽ നിന്ന് ബസുകൾ പിൻവലിച്ചപ്പോൾ ആ പ്രദേശത്തെ യാത്രക്കാർക്ക് ആവശ്യാനുസരണം സീറ്റുകൾ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി ഇപ്പോൾ പുനഃക്രമീകരിച്ചിരിക്കുന്ന എല്ലാ സൂപ്പർഫാസ്റ്റ് സർവീസുകളിലും ഓൺലൈൻ റിസർവേഷൻ സൗകര്യം അടിയന്തരമായി നടപ്പാക്കാനും തീരുമാനിച്ചു.

Latest