Connect with us

International

ശ്രീലങ്കയിൽ മുസ്‌ലിംകൾക്കെതിരെ ആക്രമണം; രാജ്യ വ്യാപക കർഫ്യൂ

Published

|

Last Updated

പശ്ചിമ ശ്രീലങ്കയിലെ കിനിയാമ നഗരത്തിലെ അബ്‌റാർ മസ്ജിദ് അക്രമികൾ അടിച്ച് തകർത്ത നിലയിൽ.

കൊളംബോ: ശ്രീലങ്കയിൽ മുസ്‌ലിം പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമണം. ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ആരംഭിച്ച വർഗീയ കലാപം പരിധിവിട്ടുകൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാധാരണക്കാരായ മുസ്‌ലിം പൗരന്മാർക്ക് നേരെ ആസൂത്രിതമായ ആക്രമണം തുടർന്ന് കൊണ്ടിരിക്കെ രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തി.
പള്ളികൾ തകർക്കാനെത്തിയ ആൾക്കൂട്ടത്തിന് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കടുത്ത സംഘർഷാവസ്ഥയിലാണ് രാജ്യത്തെ പലനഗരങ്ങളും. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന കോത്തംപിട്ടിയയിൽ വർഗീയവാദികൾ പള്ളിക്ക് തീയിട്ടു. പോലീസും സൈന്യവും നോക്കിനിൽക്കെയാണ് അക്രമികളുടെ അഴിഞ്ഞാട്ടമുണ്ടായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ജനക്കൂട്ടത്തെ എതിർക്കാൻ പോലും തങ്ങളെ സൈന്യം അനുവദിച്ചിട്ടില്ലെന്ന് ജനങ്ങൾ വ്യക്തമാക്കി.

പശ്ചിമ ശ്രീലങ്കയിലെ കുറുനേഗലയിൽ കടകൾക്ക് നേരെ ആക്രമണം നടത്തുന്നു

പടിഞ്ഞാറൻ ജില്ലയായ കുറുനേഗലയിലാണ് ആക്രമണം വ്യാപകമായത്. ഇവിടുത്തെ മുസ്‌ലിംകളുടെ നിയന്ത്രണത്തിലുള്ള കടകൾക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി സംഘടിത ആക്രമണം നടന്നു. കടകളും വാഹനങ്ങളും തീയിട്ടു നശിപ്പിച്ചു. വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആക്രമണ സാധ്യത മുന്നിൽക്കണ്ട് പോലീസ് കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. പലയിടത്തും പോലീസുംസൈന്യവും അക്രമികൾക്ക് കൂട്ടുനിന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

അതേസമയം, മുസ്‌ലിംവിരുദ്ധ ആക്രമണത്തിന് നേതൃത്വം നൽകിയ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതായി സൈനിക വക്താവ് സുമിത് അട്ടപ്പട്ടു വ്യക്തമാക്കി. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുദ്ധവർഗീയ വാദികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നുണ്ട്. ആക്രമണം വ്യാപിക്കുന്നത് തടയാൻ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. വൈബർ, ഐ എം ഒ, സ്‌നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾക്ക് ഉപയോഗിക്കാൻ കഴിയാത്തവിധമാക്കണമെന്ന് മൊബൈൽ ഫോൺ ഓപറേറ്റർമാർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കുറുനേഗലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിരിന്നു.

250 ഓളം പേരുടെ മരണത്തിനിടയാക്കിയ സലഫിസ്റ്റ് തീവ്രവാദി ആക്രമണത്തിന് പിന്നാലെയാണ് രാജ്യത്ത് വ്യാപകമായി മുസ്‌ലിംകൾ അക്രമിക്കപ്പെട്ടത്. മുസ്‌ലിംകൾക്കെതിരായ പൊതുവികാരം ബുദ്ധിസ്റ്റ് തീവ്രവാദികളും തീവ്രലതുപക്ഷ പ്രവർത്തകരും മുതലെടുക്കുകയാണ്.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കിനിയാമയിലെ അബ്‌റാർ മസ്ജിദ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാത സംഘം തകർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പള്ളിയുടെ ജനലുകളും വാതിലുകളും തകർത്ത നിലയിലാണ്. ബുദ്ധ സന്യാസികളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അക്രമികളെ പ്രതിരോധിക്കാൻ ശ്രമിച്ച തങ്ങളോട് പോലീസ് മാറി നിൽക്കാൻ ആവശ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ചിലാവിലും പള്ളികൾക്കും കടകൾക്കും വീടുകൾക്കും നേരെ കഴിഞ്ഞ ദിവസം ആരംഭിച്ച ആക്രമണം തുടരുകയാണ്. ഇവിടെ മുസ്‌ലിം യുവാവിനെ വർഗീയവാദികളായ ആൾക്കൂട്ടം തല്ലിച്ചതച്ചു.

Latest