Connect with us

Kerala

ഉത്തരക്കടലാസ് തിരുത്തിയ സംഭവം: വീണ്ടും പരീക്ഷയെഴുതണമെന്ന് നിര്‍ദേശം

Published

|

Last Updated

കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ മൂന്ന്‌ കുട്ടികള്‍ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ ഫീസ് സര്‍ക്കാര്‍ അടക്കും.

ജൂണില്‍ നടക്കുന്ന സേ പരീക്ഷക്കൊപ്പമാണ് അധ്യാപകര്‍ തിരുത്തിയെഴുതിയ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതണമെന്ന് മാര്‍ഗ നിര്‍ദേശം നല്‍കിയത്.

എന്നാല്‍ വീണ്ടും പരീക്ഷ എഴുതാനുള്ള നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. നല്ലനിലയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ പരീക്ഷപേപ്പറില്‍ അധ്യപകര്‍ കൃതിമം കാണിച്ചതിലുള്ള വിദ്യാര്‍ഥികളോടുള്ള നടപടി അംഗീകരിക്കാനാവില്ലെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്.

അധ്യാപകന്‍ തിരുത്തി എഴുതിയ കാരണത്താല്‍ വിദ്യാര്‍ഥികളുടെ പ്ലസ്ടു പരീക്ഷ ഫലങ്ങള്‍ തടഞ്ഞ് വെക്കുകയായിരുന്നു. വിദ്യാര്‍ഥികളോട് ഇന്ന് തെളിവെടുപ്പിന് ഹാജരാകാന്‍ പറഞ്ഞിരുന്നു. സ്‌കൂളില്‍ തെളിവെടുപ്പിനെത്തിയ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപാല്‍ കൃഷ്ണയും ജോയിന്റ് ഡയറക്ടര്‍ എസ് എസ് വിവേകാനന്ദയുമാണ് തീരുമാനം അറിയിച്ചത്.

അതേ സമയം കേസില്‍ പോലീസ് അന്വേഷണവും നടക്കുന്നതിനാല്‍ ആരോപണ വിധേയരായ അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ മുക്കം പോലീസ് ചുമത്തിയിരിക്കുന്നത്. അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്.

പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളിലും വിജയ ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ഉത്തരക്കടലാസ് തിരുത്തിയതായി ആരോപണം ഉയരുന്നുണ്ട്.