Connect with us

Kerala

അധ്യാപകന്‍ പ്ലസ് ടു പരീക്ഷയെഴുതിയ സംഭവം: മൂന്ന് അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Published

|

Last Updated

കോഴിക്കോട്: മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കായി പ്ലസ് ടു പരീക്ഷയെഴുതിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയ, അധ്യാപകരായ നിഷാദ് വി മുഹമ്മദ്, പികെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍ തുടങ്ങി നാല് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് പേരേയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നീലേശ്വരം സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് രണ്ട് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണ്ണമായും എഴുതുകയും 32 വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. ഇത് വിവാദമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കാനാണ് താന്‍ പരീക്ഷയെഴുതിയതെന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ അധ്യാപകന്‍ പരീക്ഷയെഴുതിയത് അറിഞ്ഞില്ലെന്നാണ് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയത്. സ്‌കൂളില്‍ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ടാണ് അധ്യാപകന്‍ പരീക്ഷയെഴുതിയതെന്നാണ് കരുതുന്നത്.

Latest