Connect with us

Thrissur

എരുമപ്പെട്ടിയില്‍ വന്‍തോതില്‍ മണ്ണ് കടത്ത്; ഗ്രാമപഞ്ചായത്ത് അധികൃതര്‍ തടഞ്ഞു

Published

|

Last Updated

തൃശൂര്‍: എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട വില്ലേജില്‍ കുന്നിടിച്ച് വന്‍തോതില്‍ നടന്നിരുന്ന മണ്ണ് കടത്ത് ഗ്രാമപഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. തലപ്പിള്ളി താലൂക്കിലെ ചിറ്റേണ്ട വില്ലേജ് സര്‍വ്വെ 364 ല്‍ ഉള്‍പെട്ട വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയില്‍ നിന്നാണ് വന്‍തോതില്‍ മണ്ണ് കടത്തിയിരുന്നത്. അഞ്ച് സെന്റ് ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 221 ക്യുബിക് മണ്ണ് നീക്കം ചെയ്യാനാണ് ജിയോളജി വകുപ്പ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഒരേക്കറിലധികം വരുന്ന ഭൂമിയില്‍ നിന്നും അനുവദിച്ചതിന്റെ 18 ഇരട്ടിയിലധികം മണ്ണാണ് മാഫിയ സംഘം കടത്തിയിരിക്കുന്നത്. അനുമതിപത്രം പുതുക്കി നല്‍കിയ ജില്ല ജിയോളജിസ്റ്റിന്റെ നടപടിയാണ് മാഫിയ സംഘത്തിന് തുണയായതെന്ന് നാട്ടുകാര്‍ പറയുന്നു.

ദിനംപ്രതി നൂറ് കണക്കിന് ലോഡ് മണ്ണ് കടത്തിയിരുന്ന മാഫിയ സംഘം സമീപ പ്രദേശത്തെ നെല്‍വയലുകളിലും വ്യാപകമായി മണ്ണടിച്ച് കൂട്ടിയിട്ടുണ്ട്. നാട്ടുകാരേയും പരിസരവാസികളേയും ഭീഷണിപ്പെടുത്തി നടന്നിരുന്ന മണ്ണ് കടത്തിന് റവന്യു പോലീസ് അധികാരികളുടേയും ഒത്താശയുള്ളതായും ആക്ഷേപമുണ്ട്. പരാതിക്കാരുടെ പേരുവിവരം മാഫിയ സംഘത്തിന് കൈമാറുന്ന ഉദ്യോഗസ്ഥ നടപടിയില്‍ ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. സംഭവം വിവാദമായതോടെ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest