Connect with us

National

മാതാപിതാക്കള്‍ വിറ്റ വിധവയായ യുവതി കൂട്ടമാനഭംഗത്തിനിരയായി; സ്വയം തീകൊളുത്തി

Published

|

Last Updated

ഹാപൂര്‍ (യു പി): മാതാപിതാക്കള്‍ 10,000 രൂപക്ക് വിറ്റ വിധവയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. 80 ശതമാനം പൊള്ളലേറ്റ യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ജീവനു വേണ്ടി മല്ലിടുകയാണ്. യു പിയില്‍ ഹാപൂരിലെ മുറാദാബാദിലാണ് സംഭവം. ഹാപൂരിലെ ബദുഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലെ നിവാസിയാണ് പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

2016ലാണ് സംഭവമുണ്ടായത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനാല്‍ അപമാന ഭാരത്താല്‍ മുറാദാബാദിലേക്ക് താമസം മാറിയിരുന്നു. മാനസിക സമ്മര്‍ദം അധികരിച്ചതിനെ തുടര്‍ന്ന് യുവതി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 16 പേര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയുടെ ആരോപണം തെളിയിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.

യുവതിയുടെയും ഗ്രാമവാസികളുടെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ ഗിരിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍ നടപടി സ്വീകരിക്കുമെന്നും ഹാപൂര്‍ പോലീസ് സൂപ്രണ്ട് യദ്‌വീര്‍ സിംഗ് പറഞ്ഞു. ഇരക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവല്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിട്ടുണ്ട്.

മാതാപിതാക്കള്‍ വിറ്റ യുവതിയെ വാങ്ങിയയാള്‍ വിവിധ വീടുകളില്‍ ജോലി ചെയ്യാനായി അയക്കുകയും ഇവിടങ്ങളില്‍ വച്ച് നിരവധി പീഡനങ്ങള്‍ക്കും കൂട്ടമാനഭംഗത്തിനും ഇരയാവുകയായിരുന്നുവെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയെ വാങ്ങിയ വ്യക്തി പലരില്‍ നിന്നായി കടം വാങ്ങിയ തുക വീട്ടുന്നതിന് യുവതിയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു.

Latest