Connect with us

National

വിവാദ പരാമര്‍ശം: സാം പിത്രോദയെ വീണ്ടും തള്ളിപ്പറഞ്ഞ് രാഹുല്‍

Published

|

Last Updated

ഫത്തേഗഡ് സാഹിബ്: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിദേശ കാര്യങ്ങളുടെ ചുമതലയുള്ള സാം പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരായ നിലപാട് ആവര്‍ത്തിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിത്രോദയുടെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം രാഷ്ട്രത്തോട് മാപ്പു പറയുക തന്നെ വേണമെന്നും പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞു.

“ഇക്കാര്യം ഞാനദ്ദേഹത്തെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചതില്‍ അദ്ദേഹം ലജ്ജിക്കണം, പരസ്യമായി മാപ്പു പറയണം”-കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി

1984ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ് പിത്രോദ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും രൂക്ഷ വിമര്‍ശനത്തിനു വഴിവെച്ച പ്രതികരണം നടത്തിയത്. ഹുവാ തോ ഹുവാ (സംഭവിച്ചത് സംഭവിച്ചു) എന്നായിരുന്നു പ്രതികരണം. കോണ്‍ഗ്രസിന്റെ പ്രകൃതവും മനോഭാവവുമാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. നടുക്കമുളവാക്കുന്നതാണ് പിത്രോദയുടെ പരാമര്‍ശമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.

സ്വന്തം പാര്‍ട്ടി തള്ളിപ്പറഞ്ഞതോടെ തന്റെ വാക്കുകളെ ന്യായീകരിച്ച് പിത്രോദ രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കഴിഞ്ഞതിനെ കുറിച്ച് ആലോചിച്ചു നില്‍ക്കാതെ മുന്നോട്ടു നീങ്ങണമെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി സര്‍ക്കാര്‍ രാജ്യത്ത് സ ചെയ്തുകൂട്ടിയതടക്കം നിരവധി വിഷയങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് ഉദ്ദേശിച്ചത്. അത് തെറ്റിദ്ധാരണക്കിടയാക്കിയതില്‍ ഖേദമുണ്ട്.-വാര്‍ത്താ എജന്‍സിയായ എ എന്‍ ഐയോടു സംസാരിക്കവെ പിത്രോദ പറഞ്ഞു.

പിത്രോദ പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്നും ഈ രീതിയില്‍ സംസാരിക്കരുതെന്ന് താന്‍ അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം എന്‍ ഡി ടിവിക്കു നല്‍കിയ അഭിമുഖത്തിലും രാഹുല്‍ പറഞ്ഞിരുന്നു. 1984ലെ ദുരന്തവുമായി ബന്ധപ്പെട്ട് സംവാദത്തിന്റെ ആവശ്യമില്ല. കലാപം നടത്തിയവര്‍ നൂറു ശതമാനവും ശിക്ഷിക്കപ്പെടണം-രാഹുല്‍ വിശദമാക്കി.