Connect with us

Ongoing News

നാലാം തവണയും പേര് മാറ്റാനൊരുങ്ങി വീരേന്ദ്ര കുമാറിന്റെ പാർട്ടി

Published

|

Last Updated

കണ്ണൂർ: എം പി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ വീണ്ടും പേരും കൊടിയും മാറുന്നു. ജനതാദൾ എസുമായി വഴി പിരിഞ്ഞതിന് ശേഷം കേരളത്തിലെ വീരേന്ദ്ര കുമാർ വിഭാഗം പാർട്ടിയുടെ പേരും കൊടിയും മാറുന്നത് ഇത് നാലാം തവണയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ജില്ലാ പ്രസിഡന്റുമാരുടേയും സംസ്ഥാന ഭാരവാഹികളുടേയും യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. മുലായം സിംഗ് യാദവിന്റെ സമാജ്്വാദി പാർട്ടി (എസ് പി), ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദൾ (ആർ ജെ ഡി) എന്നിവയിലേതെങ്കിലുമൊന്നിൽ ലയിക്കുകയോ അല്ലെങ്കിൽ പഴയ എസ് ജെ പി പുനരുജ്ജീവിപ്പിക്കുകയോ വേണമെന്നാണ് യോഗത്തിലെ അഭിപ്രായം. ആർ ജെ ഡിയിൽ ലയിക്കണമെന്ന അഭിപ്രായവും നിലവിൽ രാജ്യത്തെ വലിയ ജനതാ പരിവാർ സംഘടന എന്ന നിലക്ക് എസ് പിയുമായി യോജിക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്.
എൽ ജെ ഡി നേതാവ് ശരദ് യാദവ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ ജെ ഡി ടിക്കറ്റിലാണ് ഇത്തവണ മത്സരിച്ചത്. അതനുസരിച്ച് ആർ ജെ ഡിയിൽ ലയിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് അടുത്ത മാസം പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗവും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും ഏത് പാർട്ടിയുമായി ലയിക്കണമെന്ന തീരുമാനമെടുക്കുന്നത്. യു പി എക്ക് അധികാരം ലഭിച്ചാൽ ആർ ജെ ഡിക്കായിരിക്കും നറുക്ക് വീഴുക. എന്നാൽ കോൺഗ്രസ്, ബി ജെ പി ഇതര കക്ഷികൾക്ക് സർക്കാർ രൂപവത്കരണത്തിൽ അവസരം ലഭിച്ചാൽ എസ് പിയായിരിക്കും ലക്ഷ്യം. ആർ ജെ ഡിയിൽ ചേരുന്നത് കേരളത്തിൽ ഇടത് മുന്നണിയിൽ ഘടക കക്ഷി എന്ന നിലയിൽ ബാധിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ വീരേന്ദ്ര കുമാറിന്റെ പാർട്ടി ലയനത്തിന് തയ്യാറാകുകയുള്ളൂ.

കോൺഗ്രസുമായി സഖ്യമുള്ള ആർ ജെ ഡിയുമായി എൽ ഡി എഫിലെ ഘടകകക്ഷി ലയിക്കുന്നതിൽ സി പി എമ്മിന് എതിർപ്പുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ മുന്നണി ധാരണ അതാത് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാമെന്ന തീരുമാനം വേണമെന്നും കേരള ഘടകത്തിന് അഭിപ്രായമുണ്ട്. എന്നാൽ കേരള സംസ്ഥാന ഘടകത്തിന് എൽ ഡി എഫിൽ തുടരാൻ അനുമതി നൽകിയില്ലെങ്കിൽ എസ് പിയുമായി ലയനത്തിനാണ് തയ്യാറാകുക.

പാർട്ടി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാർ കഴിഞ്ഞ ദിവസം ആർ ജെ ഡി നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് എൽ ഡി എഫ് വിട്ടതോടെയാണ് ജനതാദൾ എസിൽ പിളർപ്പുണ്ടായതും വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം എസ് ജെ ഡി രൂപവത്കരിച്ച് യു ഡി എഫിൽ ഘടക കക്ഷിയായതും. പിന്നീട് ദേശീയതലത്തിൽ ഏതെങ്കിലും ജനതാ പരിവാർ സംഘടനയുമായി യോജിച്ച് പ്രവർത്തിക്കണമെന്ന ആവശ്യമുയർന്നപ്പോൾ നിതീഷ് കുമാറിന്റെ ജനതാ ദൾ യു വിൽ ലയിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധവും അധികം നീണ്ടുനിന്നില്ല. നിതീഷ് കുമാർ ബി ജെ പിയുമായി സഹകരിക്കാൻ തീരുമാനിച്ചതോടെ പാർട്ടി പിളരുകയും ശരത് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗം എൽ ജെ ഡിക്ക് രൂപം കൊടുക്കുകയും വീരേന്ദ്ര കുമാർ ഈ പാർട്ടിയിൽ നിലയുറപ്പിക്കുകയുമായിരുന്നു.

പേരും ചിഹ്നവും കൊടിയും മാറികൊണ്ടിരിക്കുന്നതിൽ പാർട്ടി അണികൾക്ക് അമർഷമുണ്ട്. നേരത്തെ ജെ ഡി യു വിട്ട് എൽ ജെ ഡിയിൽ ചേർന്നപ്പോൾ അണികൾക്കിടയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. തിരഞ്ഞെടുപ്പ് അടയാളം അടിക്കടി മാറിക്കൊണ്ടിരിക്കുന്ന പ്രയാസമാണ് പ്രവർത്തകർ നേതൃത്വത്തിന് മുന്പിൽ അവതരിപ്പിച്ചത്.

Latest