Connect with us

Kerala

പി ജെ ജോസഫ് കേരള കോണ്‍ഗ്രസിന്റെ താത്കാലിക ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണിയുടെ നിര്യാണത്തോടെ പാര്‍ട്ടി പിടിക്കാന്‍ ജോസ് കെ മാണിയും പി ജെ ജോസഫും അണിയറ നീക്കങ്ങള്‍ തുടരുന്നതിനിടെ പി ജെ ജോസഫ് കേരള കോണ്‍ഗ്രസിന്റെ താത്കാലിക ചെയര്‍മാന്‍ നല്‍കാന്‍ തീരുമാനം. അന്തരിച്ച കെ എം മാണിക്ക് പകരമാണ് നിലവില്‍ വൈസ് ചെയര്‍മാനായ പി ജെ ജോസഫിന് പുതിയ ചുമതല നല്‍കിയത്.

പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ പി ജെ ജോസഫിന് സ്ഥാനത്ത് തുടരാം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമാണ് തീരുമാനം അറിയിച്ചത്. ഇപ്പോള്‍ പി ജെ ജോസഫിന് ചെയര്‍മാന്റെ ചുമതല നല്‍കിയിരിക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. ചെയര്‍മാനെയും നിയമസഭയിലെ പാര്‍ട്ടി നേതാവിനെയും ഉടന്‍ തിരഞ്ഞെടുക്കും. പാര്‍ട്ടിക്കുള്ളില്‍ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എം മാണി അനുസ്മരണം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള ജില്ലാപ്രസിഡന്റുമാരുടെ നീക്കം പാര്‍ട്ടിയില്‍ ശക്തമായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഇതിനോട് വിയോജിപ്പുണ്ട്. സി എഫ് തോമസും ജോയി എബ്രാഹാമുമാണ് ഇതില്‍ പ്രധാനികള്‍. ഇപ്പോാഴത്തെ നീക്കം പാര്‍ട്ടിയെ പിളര്‍ത്തുമെന്ന് ജോയി എബ്രഹാം ജില്ലാ പ്രസിഡന്റുമാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്ന നിലപാടില്‍ നിന്ന് ജോസ് കെ മാണി പിന്നോട്ട് പോകണമെന്ന നിര്‍ദ്ദേശമാണ് ഈ നേതാക്കള്‍ നല്‍കുന്നത്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പിന്തുണയും ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മാണി വിഭാഗത്തിന് ഭൂരിപക്ഷമില്ല അതിനാലാണ് സംസ്ഥാനകമ്മിറ്റിയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ മാണി വിഭാഗം നീക്കം നടത്തുന്നത്.