Connect with us

Kozhikode

ആര്യയുടെ വീട്ടിൽ സഹോദര വാത്സല്യത്തോടെ കലക്ടർ

Published

|

Last Updated

ആര്യ രാജന്റെ വീട്ടിൽ കലക്ടർ സാംബശിവ റാവു എത്തിയപ്പോൾ

കോഴിക്കോട്: അബോധാവസ്ഥയിൽ കഴിയുന്ന അച്ഛനെ പരിചരിച്ച് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആര്യരാജന്റെ വീട്ടിൽ സഹോദര വാത്സല്യത്തോടെ കലക്ടർ സാംബശിവ റാവു എത്തി. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അദ്ദേഹം മലാപ്പറമ്പിലെ വീട്ടിലെത്തിയത്. ആര്യയുടെ വീട്ടിൽ ഒരു മണിക്കൂറിലധികം ചെലവഴിച്ച കലക്ടർ പിതാവിന്റെ ചികിത്സാ വിവരങ്ങളും ആര്യയുടെ പഠനകാര്യങ്ങളും ചോദിച്ചറിഞ്ഞു.

ആര്യയുടെ എൻട്രൻസ് കോച്ചിംഗ് പുസ്തകങ്ങൾ മറിച്ച് നോക്കി ചോദ്യങ്ങൾ ചോദിച്ചു. എൻട്രൻസ് കോച്ചിംഗും പ്ലസ് വൺ, പ്ലസ് ടു എന്നിവയെല്ലാം ഒരുമിച്ച് നൽകുന്ന കോളജ് അന്വേഷിച്ച് നൽകുമെന്ന് കലക്ടർ അറിയിച്ചു.
എവിടെയാണ് പോകാൻ താത്പര്യമെന്ന് ചോദിച്ചപ്പോൾ പ്രൊവിഡൻസ് സ്‌കൂളിലാണ് താത്പര്യമെന്ന് ആര്യ മറുപടി നൽകി. എന്നാൽ ലക്ഷ്യം വേണമെന്നും ഇനിയാണ് ശ്രദ്ധിക്കേണ്ടതെന്നും കലക്ടർ ഉപദേശിച്ചു. ആര്യയും കുടുംബവും താമസിക്കുന്ന വാടക വീട് നടന്ന് കണ്ട കലക്ടർ എവിടെയിരുന്നാണ് പഠിക്കുന്നതെന്ന് ആര്യയോട് ചോദിച്ചു. എന്നാൽ പ്രത്യേക സ്ഥാലമില്ലെന്നായി ആര്യ. വരാന്തയിൽ കസേരകൾ മാറ്റിയിട്ട് അവിടെയിരുന്ന് പഠിക്കണമെന്ന് നിർദേശിച്ചു. ബയോളജിയാണ് താത്പര്യമെന്നും ഡോക്ടറാകാൻ ആഗ്രഹമുണ്ടെന്നും കലക്ടറുടെ ചോദ്യത്തിനുത്തരമായി ആര്യ പറഞ്ഞു. അത് നേടാൻ നല്ല എൻട്രൻസ് കോച്ചിംഗ് സെന്ററുകളിൽ പോകണമെന്നും കലക്ടർ പറഞ്ഞു.

പഠിക്കാനുള്ള മേശയെവിടെയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നറിയിച്ചപ്പോൾ മേശയെത്തിക്കാൻ നിർദേശം നൽകി. ലാപ്‌ടോപ്പും ആര്യക്ക് ലഭ്യമാക്കുമെന്ന് കലക്ടർ അറിയിച്ചു. പിതാവിന് വിദഗ്ധ ചികിത്സ നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കും. സ്വന്തമായി വീട് നിർമിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ആര്യയുടെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് നിരവധി പേർ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest