Connect with us

Kozhikode

പതിവു തെറ്റിച്ചില്ല; നോമ്പെടുത്ത് വിനോദ് കോവൂർ

Published

|

Last Updated

വിനോദ് കോവൂർ

കോഴിക്കോട്: ഇത്തവണയും റമസാനിൽ നോമ്പ് എടുത്തതിന്റെ സംതൃപ്തിയിലാണ് കലാകാരനായ വിനോദ് കോവൂർ. കോവൂർ സ്വദേശിയായ ഇദ്ദേഹം ഏഴ് വർഷമായി നോമ്പിന് മുടക്കം വരുത്താറില്ല. തന്റെ കൂടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും മുസ്‌ലിം സുഹൃത്തുക്കളാണ് റമസാനിൽ നോമ്പ് എടുക്കുമ്പോൾ താൻ മാത്രം ഭക്ഷണം കഴിക്കുന്നത് ശരില്ല എന്ന തോന്നലും മുസ്‌ലിം കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്തതുമാണ് നോമ്പ് എടുക്കാൻ പ്രചോദനമായതെന്ന് ഇദ്ദേഹം പറയുന്നു.

തുടക്കത്തിൽ നാല്, അഞ്ച് നോമ്പ് വരെയാണ് എടുത്തിരുന്നത്. പിന്നീടാണ് എണ്ണം വർധിപ്പിച്ച് തുടങ്ങിയത്. നോമ്പ് എടുത്ത് കഴിയുമ്പോൾ മനസ്സിനും ശരീരത്തിനും പ്രത്യേക ഉൻമേഷം ലഭിക്കാറുണ്ടെന്നും അത് തന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കോഴിക്കോടായിരിക്കുമ്പോൾ എത്ര തിരക്കായാലും മുസ്‌ലിം സുഹൃത്തുക്കളുടെ വീടുകളിൽ നിന്നാണ് നോമ്പ് തുറക്കുന്നത്. തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം അവരുടെ ഉമ്മമാർ വീട്ടിൽ ഒരുക്കും. എന്നാൽ ഇത്തവണ പരിപാടിയുമായി എറണാകുളത്തായതിനാൽ നോമ്പ് തുറ ഹോട്ടലിലും മറ്റുമായതിൽ വിഷമമുണ്ടെന്ന് വിനോദ് പറഞ്ഞു.

പുലർച്ചെ കാരക്കയും നാരങ്ങ വെള്ളവുമാണ് ഭക്ഷണം. കാരക്കയും നാരങ്ങ വെള്ളവും കുടിച്ചാണ് നോമ്പ് തുറക്കുന്നതും. പിന്നീട് രാത്രി പത്തിരി, പുട്ട്, ചപ്പാത്തി, വെജിറ്റബിൾ കറി, തരിക്കഞ്ഞി എന്നിവയാണ് കഴിക്കുന്നത്. വിനോദ് പൂർണ വെജിറ്റേറിയനാണ്.

തികഞ്ഞ ഈശ്വര വിശ്വാസിയായ ഇദ്ദേഹം എല്ലാ മതങ്ങൾക്കും അതിന്റെ അനുഷ്ഠാനങ്ങൾക്കും വളരെ പ്രാധാന്യം നൽകുന്നയാളാണ്. ആരോഗ്യമുള്ളയിടത്തോളം കാലം ഇനിയുള്ള വർഷങ്ങളിലും നോമ്പിന് മുടക്കം വരുത്തില്ല എന്നും എല്ലാവരും നോമ്പ് എടുക്കണമെന്നും വിശപ്പിന്റെ വില മനസ്സിലാക്കണമെന്നും വിനോദ് പറയുന്നു.

Latest