Connect with us

Ongoing News

ഇടവപ്പാതി കനിഞ്ഞില്ലെങ്കിൽ കെ എസ് ഇ ബി പ്രതിസന്ധിയിലാകും

Published

|

Last Updated

പത്തനംതിട്ട: ഇടവപ്പാതി കനിഞ്ഞില്ലെങ്കിൽ ആഭ്യന്തര വൈദ്യുതോദ്പ്പാദനം കെ എസ് ഇ ബിയെ കടുത്ത പ്രതിസന്ധിയിലാക്കും. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സംഭരിച്ചിരിക്കുന്ന വെള്ളം മാത്രം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം നടത്തിയാൽ 13 ദിവസത്തേക്ക് ഉത്പാദനത്തിനാവശ്യമായ ജലം മാത്രമാണ് സംഭരണികളിലുള്ളത്. അത് സംഭരണ ശേഷിയുടെ 25 ശതമാനത്തോളം വരും. മഹാപ്രളയത്തെ തുടർന്ന് നടത്തിയ മുന്നൊരുക്കവും പ്രതീക്ഷിച്ച വടക്ക് കിഴക്കൻ മൺസൂൺ മഴയിൽ കുറവ് വന്നതും സംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി.

സംസ്ഥാനത്ത് നിലവിൽ ശരാശരി വൈദ്യുതോപഭോഗം 81.58 ദശലക്ഷം യൂനിറ്റാണ്. ശനിയാഴ്ച 84.17 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ ഉപഭോഗമാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ 25.63 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉത്പ്പാദിപ്പിക്കുകയും 58.53 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്ത് നിന്നും വാങ്ങുകയുമാണ് ചെയ്തത്. ഗ്രൂപ്പ് ഒന്നിൽപ്പെടുന്ന വൈദ്യുതി നിലയങ്ങളിൽ നിന്നും 20.55 ദശലക്ഷം യൂനിറ്റും ഗ്രൂപ്പ് രണ്ടിൽ നിന്നും 1.05 ദശലക്ഷം യൂനിറ്റും ഗ്രൂപ്പ് മുന്നിൽപ്പെടുന്ന അണക്കെടുക്കളിലെ ജലം ഉപയോഗിച്ച് 2.60 ദശലക്ഷം യൂനിറ്റും സംസ്ഥാനത്ത് ഉത്പ്പാദിപ്പിച്ചു.

സംസ്ഥാനത്തെ കെ എസ് ഇ ബി ലിമിറ്റഡിന്റെ ചുമതലയിലുള്ള വൈദ്യുതി ഉത്പ്പാദനം ശരാശരി 25.26 ദശലക്ഷം യൂനിറ്റാണ്. 12 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള സ്വകാര്യ വൈദ്യുതി നിലയങ്ങളായ മണിയാർ കാർബൊറാണ്ടം ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ട് അറ്റക്കുറ്റപണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വൈദ്യുതോത്പ്പാദന കേന്ദ്രങ്ങളായ ശബരിഗിരിയിലെ രണ്ട് ജനറേറ്ററുകളുടെ പ്രവർത്തനം വാർഷിക അറ്റകുറ്റപണികൾക്കായി നിർത്തി വച്ചിരിക്കുകയാണ്. ഇടുക്കിയും ശബരിഗിരിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിൽപ്പെടുന്ന അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 26 ശതമാനവും ഗ്രൂപ്പ് രണ്ടിൽ 15 ശതമാനവും ഗ്രൂപ്പ് മുന്നിൽ 31 ശതമാനവും ജലവുമാണുള്ളത്.

കുണ്ടലയിൽ 13 ശതമാനവും മാഡുപ്പെട്ടി 25 ശതമാനവും അണയിറക്കൽ 9 ശതമാനവും ഇടുക്കിയിൽ 29 ശതമാനവും പമ്പയിൽ 24 ശതമാനവും കുറ്റ്യാടിയിൽ 25 ശതമാനവും ഇടമലയാറിൽ 17 ശതമാനവും പൊൻമുടിയിൽ 20 ശതമാനവും നേര്യമംഗലത്ത് 50 ശതമാനവും ജലമുണ്ട്. ഷോലയാർ 20, താരിയോട് 13, പൊറിംഗൽ 17, ലോവർ പെരിയാർ 57 ശതമാനം എന്നിങ്ങനെയാണ് സംഭരണ ശേഷി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 170.325 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനുള്ള ജലം സംഭരണികളിൽ കുറവാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിക്കുന്നതിനാണ് സംസ്ഥാനത്തെ അണക്കെട്ടുകൾക്ക് കഴിയുക. 3500 മെഗാവാട്ട് വൈദ്യുതിയാണ് ശരാശരി ഒരു ദിവസം സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. നിലവിലെ സാഹചര്യത്തിൽ പരമാവധി 60 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പുറത്തുനിന്നും സംസ്ഥാനത്തിലെത്തിക്കാൻ കഴിയുക. 2018 ജൂൺ ഒന്നു മുതൽ ഇതുവരെ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ സംഭരണികളിലേക്ക് ഇതുവരെ ഒഴുകിയെത്തിയത് 11109.88 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതാവശ്യമായ ജലമാണ്. 2007- 2008ൽ 9658.79 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരണികളിലേക്ക് ഒഴുകിയെത്തിയിരുന്നു. ജൂൺ ആദ്യമാണ് മൺസൂൺകാറ്റിന്റെ തേരിലേറി ഇടവപ്പാതി കേരളത്തിന്റെ തീരം തൊടുന്നത്. 2018ൽ മഹാ പ്രളയത്തിനിടയാക്കിയ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 23.34 ശതമാനം മഴ അധികമായി ലഭിച്ചിരുന്നു.

Latest