Connect with us

Alappuzha

ലഹരി നുരയാന്‍ കറന്‍സി റോള്‍, പിന്നെ സ്റ്റാമ്പും രണ്ട് യുവാക്കള്‍ പിടിയില്‍

Published

|

Last Updated

ആലപ്പുഴ: ലഹരിവസ്തുവായ എം ഡി എം എയുമായി രണ്ട് യുവാക്കളെ ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി റോബർട്ടിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കാസർകോട് നീലേശ്വരം വില്ലേജിലെ പള്ളിക്കര കണിയാംവയൽ ഗ്രേസ് വീട്ടിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബിബിൻ മാത്യൂ (27), കാസർകോട് ഹൊസ്ദുർഗ് താലൂക്കിലെ അജാനൂർ കാഞ്ഞങ്ങാട് ഹാദിൽ മൻസിലിൽ മുഹമ്മദ് ഹാദിൽ (24) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ ഈ മാസം ഒമ്പതിന് രാവിലെ ഒന്പതിന് ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് ഭാഗത്ത് വെച്ചാണ് ബിബി എന്നു വിളിക്കുന്ന ബിബിൻ മാത്യുവിനെ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് അര ഗ്രാമോളം എം ഡി എം എയും 20 ഗ്രാം കഞ്ചാവും ടപ്പെന്റഡോൾ ലഹരി ഗുളികകളും പിടികൂടി. ഇയാൾ നാല് വർഷത്തോളമായി എം ഡി എം എ എന്ന രാസലഹരി ഉപയോഗിക്കുന്നു. സ്വന്തം ഉപയോഗത്തിനായി കൈവശം സൂക്ഷിച്ചതാണ് പിടികൂടിയ ലഹരിവസ്തുക്കൾ.

കോട്ടയത്ത് ബന്ധുക്കളെ കാണുന്നതിനായി ആലപ്പുഴയിൽ വന്നിറങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ കൈയിൽ നിന്ന് പൗഡർ രൂപത്തിലുള്ള മയക്കുമരുന്ന് പുകവലിക്കുന്നതിനുള്ള 10 രൂപ, 20 രുപ എന്നിവ കൊണ്ടുണ്ടാക്കിയ “കറൻസി റോളുകളും” പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുന്നതിനിടെ, വിനോദ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ആലപ്പുഴ നഗരത്തിൽ വിപണന സാധ്യത ലക്ഷ്യമിട്ട് കൂടുതൽ അളവിൽ എം ഡി എം എ എത്തിക്കാൻ ശ്രമിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ഭാഗത്ത് തിരച്ചിൽ നടത്തിയതും കൂടിയ തോതിലുള്ള എം ഡി എം എ പിടികൂടിയതും. പരിശോധനയിൽ അന്താരാഷ്ട്ര വിപണിയിൽ അര ലക്ഷം രൂപ വിലവരുന്ന ഏഴ് ഗ്രാം എം ഡി എം എയും 25 ഗ്രാം കഞ്ചാവുമായി കാസർകോട് സ്വദേശിയായ മുഹമ്മദ് ഹാദിലിനെയാണ് പിടികൂടിയത്. ആലപ്പുഴയിൽ വിൽപ്പനക്കായെത്തിച്ചതാണ് ഹാദിലിൽ നിന്ന് പിടികൂടിയ എം ഡി എം എ.
ട്രെയിനിലും ബസിലുമായി മാറിക്കേറി സഞ്ചരിച്ച് അർധരാത്രിക്ക് ശേഷം വിൽപ്പന സ്ഥലത്ത് എത്തിക്കുന്ന രീതിയാണ് ഇയാളുടേത്. ഈ രീതിയിലാണ് ആലപ്പുഴയിലും ഇയാളെത്തിയത്. മംഗലാപുരത്തുനിന്ന് എത്തിച്ചതാണ് പിടികൂടിയ എം ഡി എം എ എന്ന് ചോദ്യം ചെയ്തതിൽ സമ്മതിച്ചിട്ടുണ്ട്. ഇതിനു മുന്പ് ചെറിയ അളവിൽ രണ്ട് തവണ ആലപ്പുഴയിലും ഒരു തവണ കായംകുളത്തും ഈ ലഹരിവസ്തുപിടികൂടിയിട്ടുണ്ട്. എം ഡി എം എ കടത്തിെക്കാണ്ടുവന്ന ഹാദിലിനെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാരക ലഹരി വസ്തുവാണ് എം ഡി എം എ (മെഥലിൻ ഡയോക്‌സി മെഥ് ആംഫെറ്റാമിൻ) മെത്തിലീൻ ഡയോക്‌സീ മെത്താ ആംഫിറ്റമിൻ എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് എം ഡി എം എ. നിലവിൽ 20 ഓളം ബ്രാന്റ് നെയിമുകളിലും (ഐസ്, മെത്ത്, എക്റ്റസി, മോളി) വ്യത്യസ്ത രൂപങ്ങളിലും എം ഡി എം എ കണ്ടുവരുന്നു. നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന മാരക ലഹരി വസ്തുവാണിത്. ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ പോലും രണ്ട് ദിവസത്തോളം ഉന്മാദ അവസ്ഥയിലാക്കുന്ന ഈ ലഹരിവസ്തു ഉപയോഗിക്കുന്നതിന്റെ അളവ് അൽപ്പം കൂടിയാൽ തന്നെ മരണകാരണമാകാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ക്രിസ്റ്റൽ രൂപത്തിലും വെളുത്ത പൗഡർ രൂപത്തിലും കാണപ്പെടുന്ന എം ഡി എം എ ഒരു പാർട്ടി ഡ്രഗ് കൂടിയാണ്. ഗോവ, കൊച്ചി എന്നീ സ്ഥലങ്ങളിൽ നടക്കുന്ന ഡ്രഗ് പാർട്ടികളിലാണ് ഈ മയക്കുമരുന്നുപയോഗം കൂടുതലായി കണ്ടുവരുന്നത്. എം ഡി എം എ കൈവശം വെക്കുന്നത് 10 വർഷം മുതൽ 20 വർഷം വരെതടവും ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഈ സംഭവവുമായി ബന്ധപ്പെട്ട് മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായും നിരവധി പേർ നിരീക്ഷണത്തിലാണെന്നും ആലപ്പുഴ അസി. എക്‌സൈസ് കമ്മീഷണർ കെ കെ അനിൽ കുമാർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്‍ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർമാരായ എ കുഞ്ഞുമോൻ, ജി അലക്‌സാണ്ടർ, വി ജെ ടോമിച്ചൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി അനിലാൽ, വി അരുൺ, കെ ജി ഓംകാരനാഥ്, റ്റി ജിയേഷ്, എസ് ശ്രീജിത്ത്, എൻ പി അരുൺ, വി എ അഭിലാഷ്, സനൽ സിബിരാജ്, ഡ്രൈവർ സന്തോഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Latest