Connect with us

National

1987ല്‍ ഡിജിറ്റല്‍ കാമറ സ്വന്തമാക്കി, 88ല്‍ ഇമെയില്‍ അയച്ചു; അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ തുടര്‍ന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി:മേഘ സിദ്ധാന്തത്തിനു പിന്നാലെ വീണ്ടും അബദ്ധജടിലങ്ങളായ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ കാമറ സ്വന്തമാക്കിയവരില്‍ ഒരാള്‍ താനാണെന്നും അതില്‍ പകര്‍ത്തിയ എല്‍ കെ അദ്വാനിയുടെ കളര്‍ച്ചിത്രം 1988ല്‍ ഇ മെയില്‍ വഴി അയച്ചുകൊടുത്തുവെന്നും മറ്റുമാണ് മോദി വിളിച്ചു പറഞ്ഞത്. ന്യൂസ് നേഷന്‍ എന്ന ടെലിവിഷന്‍ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മോദി ഈ അവകാശവാദവും ഉന്നയിച്ചത്.

മേഘങ്ങള്‍ പാക് റഡാറുകളെ കബളിപ്പിച്ച് ഇന്ത്യന്‍ വിമാനങ്ങളെ മറച്ചു നിര്‍ത്തുമെന്നും ബലാകോട്ടിലെ വ്യോമാക്രമണത്തിനുള്ള പറ്റിയ സമയം അതാണെന്ന് താനാണ് നിര്‍ദേശിച്ചതെന്നുമുള്ള പരാമര്‍ശം മോദി നടത്തിയതും ഈ അഭിമുഖത്തില്‍ തന്നെയായിരുന്നു.
നൂതന ഉപകരണങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങിയത് എങ്ങനെയാണ് എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് മോദി താന്‍ ഡിജിറ്റല്‍ കാമറ സ്വന്തമാക്കിയതിനെ കുറിച്ചും മറ്റും വാചാലനായത്.

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു മുമ്പു തന്നെ തനിക്ക് ഇലക്ട്രോണിക് ഉപകരണങ്ങളോട് താത്പര്യമുണ്ടായിരുന്നു. 90കളില്‍ തന്നെ ടച്ച്‌സ്‌ക്രീന്‍ ഡിവൈസുകളില്‍ ഉപയോഗിക്കുന്ന സ്റ്റൈലസ് പെന്‍ സ്വന്തമാക്കിയിരുന്നു. 1987-88 കാലത്തു തന്നെ തനിക്ക് ഒരു ഡിജിറ്റല്‍ കാമറയുണ്ടായിരുന്നു. ആരെങ്കിലും അന്ന് അത്തരമൊരെണ്ണം സ്വന്തമാക്കിയിരുന്നോ എന്നറിയില്ല. അഹമ്മദാബാദിനു സമീപത്തെ വിരംഗ് തെഹ്‌സിലില്‍ വച്ച് അദ്വാനിയുടെ ചിത്രം ഈ കാമറയിലെടുത്തിരുന്നു. അത് ഇമെയില്‍ വഴി അയച്ചുകിട്ടിയപ്പോള്‍ അദ്വാനി അതിശയിച്ചുപോയി. അക്കാലത്ത് വളരെ കുറച്ചു പേര്‍ക്കു മാത്രമെ ഇമെയില്‍ സംവിധാനം ഉണ്ടായിരുന്നുള്ളൂ-ഇങ്ങനെ പോയി മോദിയുടെ പരാമര്‍ശങ്ങള്‍.

എന്നാല്‍, മോദിയുടെ അവകാശവാദത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നു. 1995ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വി എസ് എന്‍ എല്‍ കമ്പനിയാണ് രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചതെന്നും 80കളില്‍ ആഗോള തലത്തില്‍ തന്നെ വിദ്യാഭ്യാസ-ഗവേഷണ ആവശ്യങ്ങള്‍ക്കു മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അന്ന് ഇന്ത്യയില്‍ ആരെങ്കിലും ഉപയോച്ചിരുന്നതായി എവിടെയും രേഖപ്പെടുത്തി കണ്ടിട്ടുമില്ല. അങ്ങനെയിരിക്കെ മോദി ഇത് എങ്ങനെ ഉപയോഗിച്ചുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

1990ല്‍ ഡൈകാം മോഡല്‍ ഒന്നാണ് ഇന്ത്യയില്‍ ആദ്യമായി വില്‍പനക്കെത്തിയ ആദ്യ ഡിജിറ്റല്‍ കാമറ. ഇതിനു മുമ്പ് മോദി ഇത് ഉപയോഗപ്പെടുത്തിയെന്ന് പറയുന്നത് എങ്ങനെയാണെന്ന സംശയവും വിമര്‍ശകര്‍ ഉന്നയിക്കുന്നു.
ഇനി മോദിയാണോ ഇമെയില്‍ കണ്ടുപിടിച്ചതെന്നും പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് വരുന്നതെന്ന് അവകാശപ്പെടുന്ന മോദി ഇത്തരം ഉപകരണങ്ങള്‍ എങ്ങനെ സ്വന്തമാക്കിയെന്ന പരിഹാസവും ട്രോളുകളില്‍ നിറയുന്നുണ്ട്.

Latest