Connect with us

Thiruvananthapuram

സർവ ശിക്ഷാ അഭിയാൻ: 897 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

Published

|

Last Updated

തിരുവനന്തപുരം: സർവശിക്ഷാ അഭിയാനിൽ സംസ്ഥാനം 2019-20 അക്കാദമിക് വർഷത്തിൽ സമർപ്പിച്ച പദ്ധതിയിൽ 897 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകി. കേരളം സമർപ്പിച്ചിരുന്ന 1,460 കോടി രൂപയുടെ പദ്ധതിയിൽ നിന്നാണ് 897 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പ്രോജക്ട് അപ്രൂവൽ ബോർഡാണ് (പി എ ബി) വിശദമായ പരിശോധനകൾക്കും ചർച്ചകൾക്കും ശേഷം പദ്ധതിക്കായി തുക അനുവദിച്ചത്.

കഴിഞ്ഞ അക്കാദമിക വർഷം അനുവദിച്ചതിനേക്കാൾ കൂടുതൽ തുക ഇത്തവണ നേടിയെടുക്കാനായെന്നത് ശ്രദ്ധേയമാണ്. പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനത്തായതോടെയാണ് കേരളത്തിന് ഈ വർഷം കൂടുതൽ അടങ്കൽ തുക അംഗീകരിക്കാൻ കേന്ദ്രം തയ്യാറായത്. കഴിഞ്ഞ വർഷം അംഗീകരിച്ച പദ്ധതി അടങ്കൽ തുകയുടെ കേന്ദ്ര വിഹിതമായ അറുപത് ശതമാനം കേന്ദ്രത്തിൽ നിന്ന് ലഭിക്കാത്ത പശ്ചാത്തലത്തിൽ പദ്ധതി നടത്തിപ്പിൽ വന്നിട്ടുള്ള പ്രയാസം സംസ്ഥാന പ്രതിനിധികൾ പങ്കുവെച്ചു.

പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾക്കും അടിസ്ഥാനസൗകര്യ വികസനം, ടീച്ചർ എജ്യൂക്കേഷൻ എന്നിവക്കുമാണ് തുക അനുവദിച്ചത്. കഴിഞ്ഞ വർഷം നടപ്പാക്കിയ ശാസ്ത്ര പാർക്ക്, ശാസ്ത്രപഥം, ജൈവവൈവിധ്യ ഉദ്യാനം, പെൺകുട്ടികളുടെ നാടക ക്യാമ്പ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നുള്ള പരിപാടികൾ, ഭാഷാനൈപുണ്യം വർധിപ്പിക്കുന്നതിനുള്ള തനത് പ്രവർത്തനങ്ങൾ എന്നിവ തുടർന്നും നടപ്പാക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം തുടക്കം കുറിച്ച പ്രീപ്രൈമറി പിന്തുണ പദ്ധതിക്ക് ഈ വർഷം ഇരുപത് കോടി രുപ വകയിരുത്തിയിട്ടുണ്ട്. ക്ലസ്റ്ററധിഷ്ഠിത പ്രീ സ്‌കൂളിംഗ് നടപ്പാക്കുന്നതിനും വികസന മേഖലകൾ ശക്തിപ്പെടുത്തുന്നതിനും പരിശീലനങ്ങൾക്കുമായാണ് തുക അനുവദിച്ചത്. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി മേഖലകളിലെ അക്കാദമിക പ്രവർത്തനങ്ങൾക്കും പ്രത്യേക തുക അനുവദിച്ചു. ഇതിൽ പഠന പോഷണ പരിപാടികളുടെ തുടർച്ചക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ വിദ്യാലയ അന്തരീക്ഷം കാര്യക്ഷമമാക്കുന്നതിനും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് തനതായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും കൂടുതൽ തുക ലഭ്യമാക്കിയിട്ടുണ്ട്. 115 കോടി രൂപയാണ് ഇതിലേക്കായി അനുവദിച്ചിട്ടുള്ളത്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഫിസിക്കൽ എജ്യൂക്കേഷൻ, വിദ്യാലയ വിലയിരുത്തൽ, നാഷനൽ അച്ചീവ്‌മെന്റ് സർവേയുടെ അടിസ്ഥാനത്തിൽ പഠനവിടവുകൾ പരിഹരിക്കൽ, മൂല്യനിർണയം ശക്തിപ്പെടുത്തൽ തുടങ്ങിയവക്കും പ്രത്യേകം തുക ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നൂറ് സർക്കാർ സ്‌കൂളുകളിൽ 3.5 ലക്ഷം രൂപ നിരക്കിൽ 3.5 കോടി രൂപയുടെ സോളാർ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പെൺകുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് പന്ത്രണ്ട് കോടി രൂപയുടെ പദ്ധതിക്കുള്ള അംഗീകാരമാണ് ലഭിച്ചത്. ആദിവാസി മേഖലകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ നിലവിലുള്ള മൂന്ന് ഹോസ്റ്റലിന് പുറമെ കണ്ണൂർ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മൂന്ന് ഹോസ്റ്റൽ കൂടി നടത്തുന്നതിനുള്ള അനുമതി ലഭിച്ചു.