Connect with us

National

മോദിയുടെ മേഘ സിദ്ധാന്തം ഇന്ത്യയെ നാണംകെടുത്തി: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: മേഘങ്ങള്‍ പാക് റഡാറുകളെ കബളിപ്പിച്ച് ഇന്ത്യന്‍ വിമാനങ്ങളെ മറച്ചു നിര്‍ത്തുമെന്നും ബലാകോട്ടിലെ വ്യോമാക്രമണത്തിനുള്ള പറ്റിയ സമയം അതാണെന്ന് താനാണ് നിര്‍ദേശിച്ചതെന്നുമുള്ള മോദിയുടെ പരാമര്‍ശത്തെ
പരിഹസിച്ച് കോണ്‍ഗ്രസ്. ഇന്ത്യയെ ലോകത്തിനു മുമ്പില്‍ നാണംകെടുത്തിയിരിക്കുകയാണ് മോദിയെന്ന് പാര്‍ട്ടി പ്രതികരിച്ചു. ഇത്തരം സിദ്ധാന്തങ്ങള്‍ വാട്‌സാപ്പ് സര്‍വകലാശാലയില്‍ നിന്ന് പഠിച്ചെടുത്തതാണോയെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. പ്രധാന മന്ത്രി വാര്‍ത്താ സമ്മേളനം വിളിക്കാതിരിക്കുന്നത് തന്നെയാണ് നല്ലതെന്നും അല്ലെങ്കില്‍ ഇത്തരം അബദ്ധങ്ങളുടെ ഘോഷയാത്രയാകും നടക്കുകയെന്നും കോണ്‍ഗ്രസ് പറഞ്ഞു.

മോദിയുടെ മേഘ സിദ്ധാന്തത്തിനെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും ഒഴുകുകയാണ്. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മോദി ബലാകോട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് താന്‍ സൈന്യത്തിനു നല്‍കിയ ഉപദേശത്തെ കുറിച്ച് പറഞ്ഞത്.

കാലാവസ്ഥ മോശമായതിനാല്‍ ആക്രമണം മാറ്റിവെക്കാനായിരുന്നു വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ആലോചന. എന്നാല്‍ മഴക്കാറ് മൂടിയ അന്തരീക്ഷം പാക് റഡാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് താന്‍ അഭിപ്രായപ്പെടുകയായിരുന്നു. ഈ നിര്‍ദേശം സ്വീകരിച്ചു നടത്തിയ ആക്രമണത്തിലാണ് ബലാകോട്ടിലെ നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാനായത്- മോദി ട്വീറ്റ് ചെയ്തു.

രാഷ്ട്രീയ നേതാക്കന്മാരും പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ട്വിറ്ററില്‍  പരിഹാസ പ്രതികരണങ്ങള്‍ നിറയുകയും ചെയ്തതോടെ ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പ്രസ്താവന പിന്‍വലിച്ചു.

Latest