Connect with us

National

മാവോയിസ്റ്റ് വേട്ടക്കായി ദന്തശ്വരി ഫൈറ്റേഴ്‌സ്

Published

|

Last Updated

റായ്പൂര്‍: രാജ്യ ചരിത്രത്തില്‍ ആദ്യമായി മാവോയിസ്റ്റ് വേട്ടക്കായി എല്ലാവിധ ആധുനിക പരിശീലങ്ങളും പൂര്‍ത്തിയാക്കി വനിതാ കമാന്‍ഡോ സംഘം ഇറങ്ങി. 30 വനിതകള്‍ അടങ്ങിയ കമാന്‍ഡോ സംഘത്തെയാണ് ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ബസ്തറിലും ദന്തേവാഡയിലും സുരക്ഷക്കായി വിനിയോഗിച്ചിരിക്കുന്നത്. ദന്തേശ്വരി ഫൈറ്റേഴ്‌സ് എന്നാണ് സേനയുടെ പേര്. ഒരു ഡെപ്യൂട്ടി സൂപ്രണ്ടാണ് സേനക്ക് നേതൃത്വം നല്‍കുന്നത്. 30 അംഗ സേനയില്‍ അഞ്ച് പേര്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ഉപേക്ഷിച്ച് എത്തിയ വനിതകളാണെന്ന് ദന്തേശ്വരി ഫൈറ്റേഴ്‌സിന്റെ ആദ്യ സൂപ്രണ്ടായ ദിനേശ്വരി നന്ദ് റഞ്ഞു.

ബസ്തറില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള ഇവര്‍ക്ക് അവരുടെ എല്ലാ തന്ത്രങ്ങളും അറിയാം. താവളങ്ങളെക്കുറിച്ചും ബോധ്യമുണ്ട്. മാവോയിസ്റ്റുകള്‍ക്കാതെരായ പോരാട്ടത്തില്‍ ഇവരുടെ സ്വാധീനം ഗുണം ചെയ്യുമെന്നും നന്ദ് പറഞ്ഞു.

അടുത്തിടെയാണ് ചത്തീസ്ഗഢ് പോലീസിലെ ജില്ലാ റിസര്‍വ് ഗാര്‍ഡിലേക്ക് വനിതകള്‍ക്ക് നിയമനം നല്‍കിയത്. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റ് വേട്ടക്കായി വനിതാ കമാന്‍ഡോ സംഘത്തെ ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സാങ്കേതികത്വ പരിശീലനം, ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം, ബുള്ളറ്റ് റൈഡിനുള്ള പരിശീലനമെല്ലാം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ദന്തേശ്വരി ഫൈറ്റേഴ്‌സിന് ഉള്‍വനത്തിലെ ഏറ്റുമുട്ടലിനുള്ള പരിശീലനവും ലഭിച്ചിട്ടുണ്ട്. നാടിന്റെ സുരക്ഷക്ക് സ്ത്രീകളെ മുഖ്യ പങ്കാളികളാക്കി ഉയര്‍ത്തികൊണ്ടുവരുന്ന ഇത്തരം നീക്കങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന്റ മികച്ച ഉദാഹരണങ്ങളാണെന്ന് ബസ്തര്‍ ഐ ജി വിവേകാനന്ദ സിന്‍ഹ പ്രതികരിച്ചു.

ഒരു വര്‍ഷം മുമ്പ് ബസ്തറില്‍ യുവതി- യുവാക്കളെ ഉള്‍പ്പെടുത്തി സി ആര്‍ പി എഫ് ബസ്താരിയ ബറ്റാലിയന്‍ രൂപവത്ക്കരിച്ചിരുന്നു. ഇതിന്റെ പരിശീലനവും അവസാനഘട്ടത്തിലാണ്. ഇതില്‍ ഉള്‍പ്പെട്ട ചില വനിതകളും ദന്തേശ്വരി ഫൈറ്റേഴ്‌സിലുണ്ട്. വരും ദിവസങ്ങളില്‍ തന്നെ ദന്തേശ്വരി ഫൈറ്റേഴ്‌സിന്റെ ഓപ്പറേഷനുകള്‍ ആരംഭിക്കും. ദന്തേവാഡ എസ് പി അഭിഷേക് പല്ലവ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.