Connect with us

National

കോണ്‍ഗ്രസിനെതിരായ പ്രവചനം തെറ്റിയാല്‍ മോദി തൂങ്ങിമരിക്കുമോ; വിവാദമായി കാര്‍ഗെയുടെ പ്രസ്താവന

Published

|

Last Updated

ബെംഗളൂരു: വിവാദങ്ങള്‍ക്കു തിരികൊളുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെയുടെ വെല്ലുവിളി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40ല്‍ താഴെ സീറ്റുകള്‍ മാത്രമെ ലഭിക്കുകയുള്ളൂവെന്ന മോദിയുടെ പ്രവചനം തെറ്റിയാല്‍ ഡല്‍ഹിയിലെ വിജയ് ചൗക്കില്‍ പരസ്യമായി തൂങ്ങിമരിക്കാന്‍ അദ്ദേഹം തയാറാകുമോ എന്ന് കാര്‍ഗെ ചോദിച്ചു. നിയമസഭാ ഉപ തിരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയിലെ ചിഞ്ചോലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഭാഷ് റാത്തോഡിന്റെ തിരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് കാര്‍ഗെ ഇത്തരമൊരു വെല്ലുവിളി നടത്തിയത്.

നിങ്ങള്‍ ജനങ്ങളാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്. സുഭാഷിന്റെയും ഞങ്ങളുടെയും ഭാവിയും നിങ്ങളുടെ കൈയിലാണ്. അല്ലാതെ, ബി ജെ പിയുടെയോ മോദിയുടെയോ കൈയിലല്ല. എവിടെ ചെല്ലുമ്പോഴും കോണ്‍ഗ്രസിന് 40 സീറ്റു പോലും കിട്ടില്ലെന്ന് വിളിച്ചു പറയുകയാണ് മോദി. അത് നിങ്ങളാരെങ്കിലും അംഗീകരിക്കുന്നുണ്ടോ. കോണ്‍ഗ്രസിന് 40 സീറ്റ് കിട്ടിയാല്‍ വിജയ് ചൗക്കില്‍ തൂങ്ങിമരിക്കാന്‍ മോദി തയാറാകുമോ? കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് മോദി ജനിച്ചിട്ടു പോലുമില്ല. എന്നിട്ടും കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണ് അദ്ദേഹം. താന്‍ പിന്നാക്ക സമുദായത്തില്‍ പെട്ടയാളാണെന്ന് അവകാശപ്പെടുന്ന മോദി പക്ഷെ സഹായിക്കുന്നത് വന്‍ പണക്കാരെ മാത്രമാണ്.

മോദിക്കെതിരായ കാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബി ജെ പി നേതാക്കള്‍ രംഗത്തെത്തി. ഒരു മുതിര്‍ന്ന നേതാവില്‍ ഇത്രയും തരംതാഴ്ന്ന പ്രതികരണങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും കാര്‍ഗെ മാപ്പു പറയണമെന്നും ബി ജെ പി നേതാവും എം പിയുമായ ശോഭ കരന്ദ്‌ലാജെ പറഞ്ഞു. പച്ച നുണകളും വ്യാജ ആരോപണങ്ങളും അപകീര്‍ത്തികരമായ പ്രസ്താവനകളും ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പതിവാക്കി മാറ്റിയിരിക്കുകയാണ്. പുരോഗമനാത്മകമായി അവര്‍ക്കൊന്നും പറയാനില്ല-കരന്ദ്‌ലാജെ ട്വീറ്റ് ചെയ്തു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 സീറ്റുകളാണ് ലഭിച്ചിരുന്നത്.

---- facebook comment plugin here -----

Latest