Connect with us

National

തീവ്രവാദം തുടച്ച് നീക്കാൻ ശ്രീലങ്ക; സലഫി നേതാവ് അറസ്റ്റിൽ

Published

|

Last Updated

അലിയാർ

കൊളംബോ: ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദം തുടച്ച് നീക്കാനുള്ള ശക്തമായ നടപടിയുമായി ശ്രീലങ്കൻ അധികൃതർ. തീവ്രവാദി ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സഹ്‌റാൻ ഹാശിമുമായി ബന്ധമുള്ള സലഫി നേതാവിനെ അധികൃതർ അറസ്റ്റ് ചെയ്തു. തീവ്രവാദത്തിന് ഊർജം നൽകിയ സലഫി – വഹാബി ധാരയെ ശ്രീലങ്കയിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മുഹമ്മദ് അലിയാർ എന്ന 60കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സഹ്‌റാൻ ഹാശിമിന്റെ ജന്മനാടായ കട്ടാൻകുണ്ടിയിലെ സലഫി പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്ഥാപകനായ അലിയാർ, സഹ്‌റാനുമായി അടുത്ത ബന്ധം സ്ഥാപിച്ചവനും സാമ്പത്തിക ഇടപാട് നടത്തിയവനുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

സഊദിയിൽ നിന്ന് പഠനം പൂർത്തിയാക്കി ശ്രീലങ്കയിൽ തിരിച്ചെത്തിയ അലിയാർ പിന്നീട് മുഴുസമയ സലഫിസത്തിന്റെ പ്രചാരകനായിരുന്നു. സഊദിയിലെ വഹാബി നേതാക്കളുമായുള്ള അലിയാറിന്റെ ബന്ധമാണ് സഹ്‌റാനെ ഐ എസിലെത്തിച്ചതെന്നും സൂചനയുണ്ട്. സഹ്‌റാനും അലിയാർക്കും വ്യാപകമായ തോതിൽ സഊദിയടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്ന് സാമ്പത്തിക സഹായമെത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

250 ഓളം പേരുടെ മരണത്തിന് കാരണായ ഈസ്റ്റർ ആക്രമണത്തിന് മുന്നോടിയായി സഹ്‌റാൻ ഉൾപ്പെടെയുള്ള ചാവേറുകൾക്ക് അലിയാർ പരിശീലന ക്ലാസ് നൽകിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. തെക്കൻ ശ്രീലങ്കയിലെ ഹംബാൻതോട്ടയെന്ന നഗരത്തിൽ വെച്ചാണ് ക്ലാസ് നടന്ന ത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിശദീകരണങ്ങൾ അതിന് ശേഷം മാത്രമെ പുറത്തുവിടുകയുള്ളൂവെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതിനിടെ, അലിയാറുമായോ അദ്ദേഹത്തിന്റെ അഭിഭാഷകനുമായോ ബന്ധപ്പെടാൻ റോയിട്ടേഴ്‌സിന് സാധിച്ചിട്ടില്ല. ഏത് തരത്തിലുള്ള കുറ്റമാണ് ചുമത്തിയതെന്നും മറ്റുമുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.

അലിയാറിന്റെ സ്ഥാപനമായ സെന്റർ ഫോർ ഇസ്‌ലാമിക് ഗൈഡൻസിൽ നിന്ന് ലഭിച്ച ക്ലാസും അവിടുത്തെ ലൈബ്രറിയിൽ നിന്ന് വായിച്ച വഹാബിസത്തെ കുറിച്ചുള്ള പുസ്തകവുമാണ് സഹ്‌റാനെ തീവ്രവാദത്തിലേക്കെത്തിച്ചതെന്ന് തദ്ദേശിയരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങൾ മുമ്പ് കേൾക്കാത്ത കാര്യങ്ങളുമായി സഹ്‌റാൻ രംഗത്തെത്തിയതായും അവർ ഓർമിക്കുന്നു.

അതേസമയം, അലിയാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തങ്ങൾക്കൊന്നുമറിയില്ലെന്ന് സെന്ററിന്റെ ബോർഡ് അംഗങ്ങൾ വ്യക്തമാക്കി. സഹ്‌റാൻ പ്രശ്‌നക്കാരനാണെന്ന് തങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും അടുത്തകാലത്തൊന്നും സഹ്‌റാൻ സെന്ററിലേക്ക് വന്നിട്ടില്ലെന്നും അവർ പറഞ്ഞു.

റിയാദിലെ ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ അലിയാർ 1990കളിലാണ് കട്ടാൻകുണ്ടിയിൽ സെന്റർ ഫോർ ഇസ്‌ലാമിക് ഗൈഡൻസ് ആരംഭിക്കുന്നത്.

ഈസ്റ്റർ ആക്രമണവുമായി ബന്ധമുള്ള മുഴുവനാളുകളും കൊല്ലപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് മേധാവി വ്യക്തമാക്കുന്നത്. എന്നാൽ, സഹ്‌റാനെ പോലുള്ള തീവ്രവാദികൾക്ക് പ്രചോദനം നൽകിയ ചിന്താധാരകളെ പൂർണമായും തുടച്ച് നീക്കാനാണ് ശ്രീലങ്കൻ അധികൃതരുടെ ശ്രമം. ഇതിനായി രഹസ്യാന്വേഷണ വിഭാഗം സജീവമായി രംഗത്തുണ്ട്.

Latest