Connect with us

Editorial

ജുഡീഷ്യറി പ്രതിക്കൂട്ടില്‍

Published

|

Last Updated

നീതി നടപ്പാക്കിയാല്‍ പോരാ, അത് കൃത്യമായി നടപ്പാക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക കൂടി വേണമെന്നാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഉദ്‌ഘോഷിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ കേസില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവരുള്‍ക്കൊള്ളുന്ന അന്വേഷണ സമിതിയുടെ തീര്‍പ്പ് സത്യസന്ധവും നിഷ്പക്ഷവുമാണെന്ന് ഇന്ത്യന്‍ ജനത അംഗീകരിക്കുന്നുണ്ടോ? ഇല്ലെന്നാണ് അന്വേഷണ സമിതിയുടെ തീര്‍പ്പിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്ന പ്രതിഷേധ പ്രകടനങ്ങളും സമിതി രൂപവത്കരണ രീതിക്കെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ തന്നെ ഉടലെടുത്ത അഭിപ്രായ ഭിന്നതയും ഏറ്റവുമൊടുവില്‍ ഇതുസംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് എഴുതിയ കത്തും വിളിച്ചോതുന്നത്. നിലവിലുള്ള ജഡ്ജിമാര്‍ ഉള്‍പ്പെട്ട സമിതിയായിരുന്നില്ല അന്വേഷണം നടത്തേണ്ടതെന്നും, ഇക്കാര്യത്തില്‍ നീതിയും സുതാര്യതയും ഉറപ്പ് വരുത്താന്‍ വിരമിച്ച ജഡ്ജിമാരുടെ പാനലിനെയായിരുന്നു നിയോഗിക്കേണ്ടതെന്നുമാണ് കത്തില്‍ എ ജി ആവശ്യപ്പെട്ടത്. പാനലില്‍ വിരമിച്ച വനിതാ ജഡ്ജി കൂടി അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമന്മാരില്‍ ഒന്നാമനാണ് ചീഫ് ജസ്റ്റിസ് എന്നാണ് പറയപ്പെടുന്നതെങ്കിലും നിലവിലെ ജുഡീഷ്യറി സംവിധാനത്തില്‍, കേസുകള്‍ വീതിച്ചു നല്‍കുന്നതുള്‍പ്പെടെ ചില കാര്യത്തില്‍ ചീഫ് ജസ്റ്റിസാണ് പരമാധികാരി(മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍). അതുകൊണ്ട് തന്നെ മറ്റു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനു വിധേയപ്പെടാന്‍ നിര്‍ബന്ധിതമാകുന്ന ഒരവസ്ഥയുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിയോഗിക്കപ്പെടുന്നത് സര്‍വീസിലുള്ള ജഡ്ജിമാര്‍ തന്നെയാകുമ്പോള്‍, അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ വിധേയത്വം പ്രതിഫലിച്ചേക്കാം. കോടതി ജീവനക്കാരിയായ സ്ത്രീയുടെ പരാതി സംബന്ധിച്ച തീര്‍പ്പില്‍ അത് സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണ,് സമിതിയുടെ അന്വേഷണ രീതിയുമായി ബന്ധപ്പെട്ടു ജുഡീഷ്യറിയില്‍ തന്നെ ഉയര്‍ന്ന അപസ്വരങ്ങളും മറ്റും വ്യക്തമാക്കുന്നത്. അന്വേഷണ സമിതിയില്‍ വിരമിച്ച ജഡ്ജിമാരായിരുന്നു വേണ്ടതെന്ന് എ ജി ആവശ്യപ്പെടാനുള്ള കാരണമിതാണ്. എന്നാല്‍ ഈ നിലപാട് ഔദ്യോഗികമല്ലെന്നും വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്നും എ ജിയെക്കൊണ്ട് നിര്‍ബന്ധിച്ച് മറ്റൊരു കത്തെഴുതിപ്പിച്ചു അദ്ദേഹത്തെ ഒതുക്കുകയായിരുന്നു സര്‍ക്കാര്‍. അതുപക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായ അനുഭവമാണ് ഉണ്ടാക്കിയത്. പൊതു സമൂഹത്തിന്റെ ഇതുസംബന്ധിച്ച സന്ദേഹങ്ങള്‍ ഇതോടെ ശക്തിപ്പെട്ടിരിക്കയാണ്.

കേസ് വിസ്താരത്തിനായി സമിതിയുടെ മുമ്പില്‍ ഹാജരാകുമ്പോള്‍ സഹായിയായി ഒരു അഭിഭാഷകനെ കൂട്ടാനുള്ള അനുവാദം, കേസ് നടപടി വീഡിയോയില്‍ പകര്‍ത്തണം തുടങ്ങി പരാതിക്കാരി ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്കു നേരെയും നിഷേധാത്മക നയമാണ് അന്വേഷണ സമിതി സ്വീകരിച്ചത്. മാത്രമല്ല സമിതി റിപ്പോര്‍ട്ടിന്റെ കോപ്പി രഞ്ജന്‍ ഗോഗോയിക്ക് നല്‍കിയപ്പോള്‍ പരാതിക്കാരിക്ക് നല്‍കിയതുമില്ല. ചീഫ് ജസ്റ്റിസാണ് ആരോപണവിധേയന്‍ എന്നിരിക്കെ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ഓഫീസിനെ അകറ്റി നിര്‍ത്തുകയെന്നത് സാമാന്യ മര്യാദയാണ്. അതും ഉണ്ടായില്ല. മാത്രമല്ല, ചീഫ് ജസ്റ്റിസിന്റെ കസേരയിലിരുന്നു കൊണ്ടു തന്നെ ജസ്റ്റിസ് ഗോഗോയി പരാതിക്കാരിക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഗുരുതരമായ ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ നഷ്ടപ്പെട്ട ജോലി തിരിച്ചു നല്‍കാമെന്ന വാഗ്ദാനത്തിലൂടെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും അന്വേഷണ സമിതിയുടെ ഭാഗത്തു നിന്നുണ്ടായതായി ആ സ്ത്രീ വെളിപ്പെടുത്തുകയുണ്ടായി. എന്തിനായിരുന്നു, ആര്‍ക്കു വേണ്ടിയായിരുന്നു ഇങ്ങനെയൊരു അനുനയ ശ്രമം.

മാനുഷിക മൂല്യങ്ങളെ ആദരിക്കാനും തങ്ങളുടെ മുമ്പില്‍ പരാതികളുമായി എത്തുന്നവരെ അനുകമ്പയോടെയും നീതിബോധത്തോടെയും അഭിമുഖീകരിക്കാനും ന്യായാധിപന്മാര്‍ക്ക് സാധിക്കണം. മേലധികാരികളുടെയോ ബാഹ്യ ശക്തികളുടെയോ താത്പര്യ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായി അവര്‍ മാറരുത്. വിധേയത്വങ്ങള്‍ ഒരാള്‍ക്കും നീതിനിഷേധത്തിനിട വരുത്തരുത്. നിയമ പണ്ഡിതനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഒരിക്കല്‍ പറഞ്ഞു: “ശ്രദ്ധയോടെ കേള്‍ക്കുക, ബുദ്ധിപൂര്‍വം ഉത്തരം നല്‍കുക, വിവേകപൂര്‍വം പരിഗണിക്കുക, നിഷ്പക്ഷമായി തീരുമാനമെടുക്കുക എന്നിവയാണ് ഒരു ന്യായാധിപന്റെ കൈമുതലെന്നത് പല ന്യായാധിപന്‍മാരും സൗകര്യപൂര്‍വം വിസ്മരിക്കുകയാണെന്ന് തോന്നിപോകുന്നു”. ചീഫ് ജസ്റ്റിസിനെതിരായ പരാതി കൈകാര്യം ചെയ്ത അന്വേഷണ സമിതിയുടെ കാര്യത്തില്‍ ഏറെക്കുറെ ശരിയല്ലേ കൃഷ്ണയ്യരുടെ വാക്കുകള്‍?

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന അസുഖകരമായ വാര്‍ത്തകളാണ് ജുഡീഷ്യറിയില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 2018 ജനുവരിയില്‍ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ന്യായാധിപന്മാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ചരിത്രത്തിലാദ്യമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്കായി പാര്‍ലിമെന്റില്‍ നോട്ടീസ് നല്‍കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി. ഇപ്പോള്‍ ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം കൈകാര്യം ചെയ്ത രീതി ജുഡീഷ്യറിക്കേല്‍പ്പിച്ച കളങ്കം കൂടുതല്‍ ഗുരുതരമാണ്. സ്ത്രീയുടെ പരാതിയില്‍ ചീഫ് ജസ്റ്റിസിനെ അകറ്റി നിര്‍ത്തി സ്വതന്ത്രവും സുതാര്യവും നീതിയുക്തവുമായ അന്വേഷണം നടത്തിയെങ്കിലേ ഇതുസംബന്ധിച്ച് പൊതുസമൂഹത്തിലുടലെടുത്ത സന്ദേഹങ്ങളും ആശങ്കകളും അകറ്റി ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കാനാകൂ.