Connect with us

Kerala

പാര്‍ട്ടി പിടിക്കാനുള്ള ജോസ് കെ മാണിയുടെ നീക്കം; കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

Published

|

Last Updated

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ മുഖ്യമന്ത്രി സ്വപ്‌നത്തിന് തടയിട്ടത് മകന്‍ ജോസ് കെ മാണിയും മരമുകള്‍ നിഷയുമെന്ന് ജനപക്ഷം സെക്കുലര്‍ നേതാവ് പി സി ജോര്‍ജ്. ഒരു ചാനല്‍ അഭിമുഖത്തിലാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.

അതിനിടെ പാര്‍ട്ടി പിടിക്കാനുള്ള ജോസ് കെ മാണിയുടെ കരുനീക്കങ്ങള്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂക്ഷമാക്കി. മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും ഇതിനോട് വിയോജിപ്പാണെന്നാണ് റിപ്പോര്‍ട്ട്.

ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള ജില്ലാപ്രസിഡന്റുമാരുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ജോായി എബ്രാഹം ഉള്‍പ്പടെയുള്ള നേതാക്കാള്‍ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചു. സി എഫ് തോമസും മുന്‍ എം പി ജോയി എബ്രാഹാമുമാണ് ജോസിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ നീക്കം പാര്‍ട്ടിയെ പിളര്‍ത്തുമെന്ന് ജോയി എബ്രഹാം ജില്ലാ പ്രസിഡന്റുമാരോട് പറഞ്ഞു. പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകണമെന്ന നിര്‍ദ്ദേശമാണ് ഈ നേതാക്കള്‍ നല്‍കുന്നത്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പിന്തുണയും ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മാണി വിഭാഗത്തിന് ഭൂരിപക്ഷമില്ല അതിനാലാണ് സംസ്ഥാനകമ്മിറ്റിയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ മാണി വിഭാഗം നീക്കം നടത്തുന്നത്.

കേരളത്തില്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച മാണി 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇതിനുള്ള ചര്‍ച്ചകളും കരുനീക്കങ്ങളും ആരംഭിച്ചിരുന്നതായാണ് ി സി ജോര്‍ജ് വെളിപ്പെടുത്തിയത്. ആറ് മാസം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിന്നീട് തിരഞ്ഞെടുപ്പിലേക്ക് പോകാനായിരുന്നു ധാരണ. നേതാക്കളെല്ലാം യോഗം ചേര്‍ന്ന് ഇത് പ്രഖ്യാപിക്കാനിരിക്കെ ജോസ് ഇത് അട്ടിമറിക്കുകയായിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രിയാക്കുമെന്ന് രാഹുല്‍ഗാന്ധി തനക്കി വാക്ക്തന്നിട്ടുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കായുള്ള നീക്കത്തില്‍ നിന്ന് മാണിയെ ജോസും നിഷയും പിന്തിരിപ്പിച്ചതെന്ന് പി സി ജോര്‍ജ് പറഞ്ഞു. രാഹുലിന്റെ ഉറപ്പില്‍ ജോസ് കേന്ദ്രമന്ത്രിയാകുമെന്ന് ഇരുവരും മാണിയെ വിശ്വസിപ്പിച്ചു. കുടുംബത്തില്‍ പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ മാണി ഇത് അംഗീകരിച്ചു. മുഖ്യമന്ത്രി മോഹം താത്കാലികമായി മാറ്റിവെക്കുകയായിരുന്നു. ജോസ് കെ മാണിയെ പുറത്താക്കി കേരള കോണ്‍ഗ്രസ് പിരിച്ചുവിട്ടാലെ യു ഡി എഫ് രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Latest