Connect with us

Gulf

അനാഥകളുടെ മാതാവിന് നന്ദി പറയാന്‍ 224 കുട്ടികളെത്തി

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ പത്‌നി ശൈഖ ഹിന്ദ് ബിന്‍ത് മക്തും ബിന്‍ ജുമാ അല്‍ മക്തുമിന്റെ മുഖ്യകാര്‍മികത്വത്തില്‍ ജീവകാരുണ്യ സംഘടനയായ ദാറുല്‍ ബിര്‍ സൊസൈറ്റി അനാഥ സംരക്ഷണങ്ങളുടെ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു.

ഇത്തവണ ലോകമെമ്പാടുമായി ദാറുല്‍ ബിര്‍ സൊസൈറ്റി ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ 40-ാം വാര്‍ഷികത്തിന്റെ വേദിയുമായി ദിനാചരണ ചടങ്ങുകള്‍.
ശൈഖാ ഹിന്ദ് ബിന്‍ത് മക്തും ബിന്‍ ജുമാ മക്തുമിന്റെ കാര്‍മികത്വത്തില്‍ സൊസൈറ്റി സംരക്ഷിച്ചു വരുന്ന 224 അനാഥ ബാല്യങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട മാതാവിന് നന്ദി പറയാന്‍ ചടങ്ങിനെത്തി. സംരക്ഷണത്തിന്റെ എല്ലാ ഉത്തരവാതിത്വ നിര്‍വഹണവും അവസാനം തങ്ങളെ സമൂഹത്തില്‍ ഉന്നതരായ പൗരമാരായി വളര്‍ത്തുവാനുമുള്ള സാഹചര്യങ്ങളും ഒരുക്കി തരുന്ന ശൈഖാ ഹിന്ദ് ബിന്‍ത് മക്തും ബിന്‍ ജുമാ മക്തുമിന് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ചാണ് കുട്ടികള്‍ നന്ദി അറിയിച്ചത്.
ദുബൈ വോള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിയില്‍ ശൈഖ് മുഹമ്മദ് ബിന്‍ ജുമാ അല്‍ മക്തും, യു എ ഇ സാമൂഹിക വികസന മന്ത്രി ഹിസ്സ ബിന്‍ത് ഈസാ ബുഹുമൈദ്, ദാറുല്‍ ബിര്‍ സൊസൈറ്റി ചെയര്‍മാന്‍ ഖല്‍ഫാന്‍ ഖലീഫാ അല്‍ മസ്‌റൂഇ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്ള അലി ബിന്‍ സായിദ് അല്‍ ഫലാസി തുടങ്ങിയവര്‍ പങ്കെടുത്തു. റമസാനിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് എല്ലാവര്‍ഷവും ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തിന് ശൈഖ ഹിന്ദ് തുടര്‍ച്ചയായി നല്‍കി വരുന്ന എല്ലാ സഹായത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും അബ്ദുള്ള അലി ബിന്‍ സായിദ് അല്‍ ഫലാസി ചടങ്ങില്‍ ക്യതജ്ഞത അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദാറുല്‍ ബിര്‍ സൊസൈറ്റി സംരക്ഷിച്ചുവരുന്നത് 34,000ലധികം അനാഥരെയാണ്. പിതാവ് ഇല്ലാത്ത ഒരു അപകര്‍ഷതാബോധവും ഒരിക്കലും ഇവരെ ഞങ്ങള്‍ അറിയിച്ചിട്ടില്ല. അത്രയും ഏറെ ശ്രദ്ധയോടെയാണ് അനാഥരെ ദാറുല്‍ ബിര്‍ സൊസൈറ്റി സംരക്ഷിച്ചുപേരുന്നതെന്ന് അബ്ദുള്ള അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു. അനാഥര്‍ എന്നും ലോകത്തിന് മാത്യക കാട്ടിയവരാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ)യും ലോകപ്രസിദ്ധരായ നിരവധി നേതാക്കളും ഒട്ടനവധി ശാസ്ത്രജ്ഞരും അനാഥ ബാല്യത്തിലൂടെ കടന്ന് വന്നവരാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി

ദുബൈയിലെ മനാറായിലാണ് ദാറുല്‍ ബിര്‍ സൊസൈറ്റിയുടെ മുഖ്യകാര്യാലയം. ഇന്ത്യയില്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമാണ്. റമസാനിലാണ് പ്രവര്‍ത്തനം കൂടുതല്‍ സജീവമാകുന്നത്. ഈ സമയത്താണ് പുതിയ അനാഥരുടെ സംരക്ഷണങ്ങള്‍ ഏറ്റടുക്കുന്നത്. പ്രായപൂര്‍ത്തിയാകും വരെ ഇവരുടെ വിദ്യാഭ്യാസം, ജീവിത ചെലവുകള്‍, താമസം അടക്കമുള്ള എല്ലാം സംരക്ഷണങ്ങളും ദാറുല്‍ ബിര്‍ സൊസൈറ്റിയുടെ കീഴിലാണ് നടന്ന് വരുന്നത്. വിദ്യാഭ്യാസത്തിന് ശേഷം സമൂഹത്തില്‍ മികച്ച പൗരന്മാരാക്കി ഇവരുടെ താത്പര്യപ്രകാരം തന്നെ തുടര്‍ മേഖകളിലേക്ക് പറഞ്ഞയക്കുന്നു.

ദിനാചരണ ചടങ്ങുമായി സഹകരിച്ച സ്ഥാപനങ്ങളേയും വ്യക്തികളെയും പ്രത്യേകം ആദരിച്ചു. പരിപാടിയുടെ ഭാഗമായി അനാഥരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ടൂറിസ്റ്റ് കേന്ദ്രളിലെ സന്ദര്‍ശനവും ഇഫ്താര്‍ ചടങ്ങും ദാറുല്‍ ബിര്‍ സൊസൈറ്റി സംഘടിപ്പിച്ചിരുന്നു

Latest