Connect with us

Gulf

അവീര്‍ മേഖലയില്‍ 50 കോടി ദിര്‍ഹമിന്റെ റോഡ് പദ്ധതി

Published

|

Last Updated

ദുബൈ: വിവിധയിടങ്ങളില്‍ മികച്ച റോഡ് ഒരുക്കി ദുബൈയിലെ ഗതാഗതം സുഗമമാക്കണമെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരം ദുബൈയില്‍ അതിനൂതന പാത ഒരുങ്ങുന്നു. 50 കോടി ദിര്‍ഹം ചെലവിലാണ് പാത നിര്‍മിക്കുക. അല്‍ ഖവാനീജ് കോറിഡോര്‍, മുശ്രിഫ് പാര്‍കുമായി ബന്ധിപ്പിക്കുന്ന പുതിയ പാത അല്‍ ഖവാനീജ്, അല്‍ അമര്‍ദി എന്നിവിടങ്ങളിലെ മൂന്ന് പ്രധാന ജംഗ്ഷനുകളില്‍ ഗതാഗതം ഏറെ സുഖകരമാക്കും.
വരും വര്‍ഷങ്ങളിലെ ഗതാഗത പ്രശ്‌നങ്ങളെ മുന്നില്‍ കണ്ടാണ് പാത രൂപകല്‍പന ചെയ്തിട്ടുള്ളത്. അവീര്‍, ഖവാനീജ് മേഖലയിലെ ഗതാഗതം എളുപ്പമാക്കുന്നതിന് പുതിയ പാത വഴിയൊരുക്കും. എമിറേറ്റ്‌സ് റോഡിലേക്കുള്ള ഗതാഗതവും ഇതിലൂടെ സുഖകാരമുള്ളതാകും. ഇതിലൂടെ ഈ ഭാഗത്തുള്ള ഗതാഗത സ്തംഭനത്തിന് കുറവ് സംഭവിച്ച് 45 സെക്കന്‍ഡ് മാത്രം കാത്തുകിടക്കേണ്ട അവസ്ഥ മാത്രമുണ്ടാകുകയുള്ളുവെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് 50 കോടി ദിര്‍ഹമിന്റെ കരാര്‍ കഴിഞ്ഞ ദിവസം നല്‍കി. രണ്ട് വരി പാതകള്‍ അടക്കമുള്ള സൗകര്യത്തോടെ മേല്‍പാലങ്ങള്‍, അല്‍ ഖവാനീജ് സ്ട്രീറ്റില്‍ അറേബ്യന്‍ സെന്ററിനരികെ കാല്‍നടക്കാര്‍ക്കായി നടപ്പാലം, മഴവെള്ളം ഒഴുകി പോകുന്നതിനുള്ള ഡ്രൈനേജ് സംവിധാനങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മൊത്തം 23 കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest