Connect with us

Health

രാജ്യത്ത് മദ്യപാന നിരക്ക് കൂടുന്നു

Published

|

Last Updated

പാലക്കാട്: രാജ്യത്ത് മദ്യപാന നിരക്ക് കുത്തനെ കൂടുന്നതായി പഠന റിപ്പോർട്ട്. 2010നും 2017നും ഇടയിൽ ഇന്ത്യയുടെ വാർഷിക മദ്യപാനനിരക്ക് 38 ശതമാനമാണ് വർധിച്ചതെന്ന് ലാൻസെറ്റ് ജേണൽ പ്രസിദ്ധകരിച്ച ഗവേഷണപഠനം വ്യക്തമാക്കുന്നു.
2010ൽ ഒരാൾ ശരാശരി 4.3 ലിറ്റർ മദ്യമായിരുന്നു ഒരു വർഷം അകത്താക്കിയിരുന്നതെങ്കിൽ 2017ൽ അത് 5.9 ലിറ്ററായി വർധിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ കാലഘട്ടത്തിൽ അമേരിക്കയിലും ചൈനയിലും മദ്യത്തിന്റെ ഉപയോഗം ചെറിയ തോതിൽ മാത്രമാണ് കൂടിയത്. അമേരിക്കയിൽ 2010ൽ 9.3 ലിറ്ററായിരുന്നത് 2017ൽ 9.8 ശതമാനമായും ചൈനയിൽ 7.1 ലിറ്ററായിരുന്നത് 7.4 ലിറ്ററായും വർധിച്ചു. 189 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 1990 മുതൽ ആഗോള തലത്തിൽ മദ്യ ഉപയോഗത്തിന്റെ തോത് 70 ശതമാനം വർധിച്ചതായും പറയുന്നു. മദ്യ ഉപയോഗം വർധിച്ചതോടൊപ്പം ജനസംഖ്യ കൂടിയതും ഇതിന് കാരണമായി. 1990ൽ 2,099 കോടി ലിറ്ററായിരുന്നു മദ്യ ഉപയോഗം. 2017ൽ അത് 3,567 കോടിയായി മാറി. സമ്പന്ന രാജ്യങ്ങളിൽ മദ്യത്തിന്റെ ഉപയോഗത്തിൽ വലിയ മാറ്റമില്ലാതെ തുടരുമ്പോൾ ദരിദ്ര- വികസ്വര രാജ്യങ്ങളിൽ അത് കുത്തനെ വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 2030 ആകുമ്പോഴേക്ക് ലോക ജനസംഖ്യയുടെ പകുതിയും മദ്യം ഉപയോഗിക്കുന്നവരായി മാറുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അതിൽ നാലിലൊന്നു പേരും മാസത്തിൽ ഒരിക്കലെങ്കിലും മദ്യപിക്കുന്നവരായി മാറും.

ആഗോളതലത്തിൽ മദ്യപാനം ഏതെങ്കിലും വിധത്തിൽ 200ലേറെ രോഗങ്ങൾക്ക് കാരണമാവുന്നതായും ഗവേഷണത്തിൽ വ്യക്തമായി. 1990നു മുമ്പ് സാമ്പത്തികമായി അഭിവൃദ്ധിയുള്ള രാജ്യങ്ങളിലായിരുന്നു മദ്യത്തിന്റെ ഉപയോഗം കൂടുതലായി ഉണ്ടായിരുന്നത്. ഇക്കാലത്ത് മദ്യപാനത്തിൽ യൂറോപ്പായിരുന്നു മുൻപന്തിയിലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വികസിത രാജ്യങ്ങളിൽ മദ്യത്തിന്റെ ഉപയോഗം കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തപ്പോൾ ഇന്ത്യ, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ അതിന്റെ തോത് കുത്തനെ കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകാരിയായ മദ്യത്തിന്റെ ഉപയോഗം 2025 ആകുമ്പോഴേക്ക് 10 ശതമാനം കുറക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കം ലോകത്തിന്റെ എല്ലാ ഭാഗത്തും വിജയിക്കാനിടയില്ലെന്നും പഠനം വ്യക്തമാക്കുന്നു.

Latest