Connect with us

National

ജീവന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിയുടെ കത്ത്

Published

|

Last Updated

ന്യൂഡൽഹി: ജീവന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മലെഗാവ് കേസിലെ പ്രതി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു. മലെഗാവ് സ്‌ഫോടനക്കേസിലെ പ്രതി സമീർ കുൽക്കർണിയാണ് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കത്ത് നൽകിയത്. 2017 ഒക്ടോബർ മുതൽ ജാമ്യത്തിലുള്ള സമീർ കുൽക്കർണി ആരിൽ നിന്നാണ് തനിക്ക് ഭീഷണിയെന്ന് വ്യക്തമാക്കാതെയാണ് കത്തെഴുതിയിരിക്കുന്നത്. സുരക്ഷ അടിയന്തരമായി വേണമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും കത്തിൽ പറയുന്നു.

മധ്യപ്രദേശിലെ ഭോപ്പാലിൽ പ്രസ് ജീവനക്കാരനായിരുന്ന കുൽക്കർണി മലെഗാവ് സ്ഫോടനത്തിന് ആവശ്യമായ രാസവസ്തുക്കൾ സംഘടിപ്പിച്ച് നൽകിയെന്ന കുറ്റത്തിനാണ് അറസ്റ്റിലായത്. സ്‌ഫോടനത്തിൽ പ്രജ്ഞാ സിംഗിന്റെ പങ്കിനെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ചോദ്യം ചെയ്യലിനിടെ കൈമാറിയത് കുൽക്കർണിയാണ്. 2008 സെപ്തംബർ 29 ന് നടന്ന മലെഗാവ് സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest