Connect with us

Ongoing News

ആ 66 പേർ ഒരുമിച്ച് ഇത്തവണയും ബൂത്തിലെത്തും; പരാതികൾ ഉള്ളിലൊതുക്കി

Published

|

Last Updated

അലഹാബാദ് ബഹ്‌റൈച്ചിലെ രാം നരേഷ് ഭുരിയയുടെ കുടുംബം

ലക്‌നോ: ഇതൊരു വി വി ഐ പി കുടംബമാണ്. 82 പേരുണ്ടിവിടെ. അതിൽ 66പേരും വോട്ടർപട്ടികയിലുണ്ട്. എല്ലാ സ്ഥാനാർഥികളും ഈ വീട്ടിലെത്തുന്നു. ഇത്രയും വോട്ടർമാരോട് നേരിട്ട്, വ്യക്തിപരമായി വോട്ട് ചോദിക്കാൻ കഴിയുമെങ്കിൽ അതിനായി സമയം നീക്കി വെക്കുന്നതിൽ എന്താണ് തെറ്റ്? അലഹാബാദിലെ ബഹ്‌റൈച്ച് ഗ്രാമത്തിലെ രാം നരേഷ് ഭുരിയയുടേതാണ് ഈ വലിയ കുടുംബം. മക്കളും മക്കളുടെ മക്കളുമൊന്നും വേറെ വീടുവെച്ച് പോകാതെ ഒറ്റവീട്ടിൽ ഒരുമയോടെ കഴിയുന്നു. കൃഷിയാണ് പ്രധാന തൊഴിൽ. എല്ലാവരും ചേർന്ന് അത് ഭംഗിയായി നടത്തുന്നു. രണ്ട് പേർ മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി തേടിയതൊഴിച്ചാൽ മറ്റാരും പുറത്ത് ജോലിക്ക് പോകുന്നില്ല. സാമ്പത്തികമായി താരതമ്യേന നല്ല നിലയിലാണ്.

ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യം ശക്തമായി നിൽക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചു തരികയാണ് തന്റെ കുടുംബമെന്നാണ് അൽപ്പം തത്വചിന്താപരമായി രാം നരേഷ് (98)പറയുന്നത്. ഒറ്റ അടുക്കള. ദിനംപ്രതി 20 കിലോ പച്ചക്കറികളും 15 കിലോ അരിയും 10 കിലോ ഗോതമ്പും ഈ അടുക്കളയിൽ വേവുന്നു. ആർക്കും ഒരു പരാതിയുമില്ല. എല്ലാവരും സംതൃപ്തർ. ഒരു അംഗവും വേറെ പോകണമെന്ന് പറയുന്നില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് നരേഷ് പറയുന്നു. തന്റെ കുടുംബത്തെ എല്ലാവർക്കും മാതൃകയാക്കാമെന്നും അദ്ദേഹം ആത്മാഭിമാനത്തോടെ സൂചിപ്പിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ അലഹാബാദ് ഇന്ന് ബൂത്തിലേക്ക് പോകുമ്പോൾ നരേഷിന്റെ വീട്ടിൽ നിന്ന് എട്ട് കന്നി വോട്ടർമാരുണ്ട്. തന്റെ പ്രപൗത്രൻമാർ ആദ്യ വോട്ടിന്റെ ത്രില്ലിലാണെന്ന് നരേഷ് ആവേശം കൊള്ളുന്നു. സാധാരണ ഉച്ചക്ക് ശേഷമാണ് ഈ വലിയ വീട്ടുകാർ വോട്ട് ചെയ്യാൻ പോകുന്നത്. അപ്പോൾ തിരക്ക് കുറവാകുമെന്നാണ് കണക്കു കൂട്ടൽ. എല്ലാവർക്കും ഒരു ബൂത്തിൽ തന്നെയാണ് വോട്ട്. പോളിംഗ് ഉദ്യോഗസ്ഥർ ഇവർക്ക് പ്രത്യേക സൗകര്യമൊരുക്കി കൊടുക്കും. കാരണമുണ്ട്, വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന നിരവധി ചിത്രീകരണങ്ങളിൽ ഈ കുടുംബം പങ്കെടുത്തിട്ടുണ്ട്.
എല്ലാവർക്കും കൂടി ബസ് വിളിച്ചു പോയ്ക്കൂടേ എന്നാണ് ചോദ്യമെങ്കിൽ നരേഷ് അതിന് എതിരാണ്. ഏതാനും പേർ സ്‌കൂട്ടറിൽ പോകും. ബാക്കിയുള്ളവർ കാൽനടയായും. ഇതൊക്കെയാണെങ്കിലും എല്ലാ പാർട്ടികളോടും നരേഷിന്റെ കുടുംബത്തിന് വലിയൊരു പരാതിയുണ്ട്. ഈ ബിഗ്ഫാമിലി ഇപ്പോഴും കഴിയുന്നത് മൺചുമരുകളുള്ള വീട്ടിലാണ്. കൽവീടാക്കി കോൺക്രീറ്റ് ചെയ്യാനുള്ള സാമ്പത്തിക ശേഷി ഇവർക്കുണ്ട്. മുകളിൽ കൂടി ഹൈടെൻഷൻ വൈദ്യുതി ലൈൻ പോകുന്നതിനാൽ വീട് ഇരുനിലയാക്കാനോ ഉറപ്പുള്ളതാക്കാനോ അനുമതിയില്ല. “തിരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ ഞങ്ങൾ ആവശ്യപ്പെടും ഈ ലൈനൊന്ന് മാറ്റിക്കിട്ടാൻ. എല്ലാവരും ഉറപ്പും നൽകും.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ വാക്കു തന്നവരെയൊന്നും ഈ വഴിക്ക് കാണില്ല. വൈദ്യുതി വകുപ്പിന് നിരവധി തവണ എഴുതി. ഇത്തവണയും സ്ഥാനാർഥികൾക്ക് മുമ്പിൽ ഇക്കാര്യം വെച്ചിട്ടുണ്ട്. മറുപടി പതിവ് പല്ലവി തന്നെ. അടുത്ത തവണ വോട്ട് ചെയ്യണമെങ്കിൽ ഞങ്ങളുടെ പ്രശ്‌നം പരിഹരിച്ചേ തീരൂ” – മൂന്നാം തലമുറ അംഗമായ ശങ്കർ പറഞ്ഞു. കുടുംബം വലുതാകുകയാണ്. നിരവധി പെൺകുട്ടികൾ വളർന്നു വരുന്നു. വീട് വലുതാക്കാതെ വഴിയില്ല- നരേഷും വിറയാർന്ന സ്വരത്തിൽ പറയുന്നു.