Connect with us

Sports

കപ്പില്‍ ഇന്ന്‌ ആരുടെ മുത്തം?

Published

|

Last Updated

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ പുതിയ ചാമ്പ്യന്‍മാരെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഐപിഎല്ലിന്റെ 12ാം സീസണിലെ കലാശപ്പോരില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍ വിജയികളായ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

ഇവരില്‍ ആരു ജയിച്ചാലും അത് പുതിയ റെക്കോര്‍ഡായിരിക്കും. കാരണം മൂന്നു കിരീടങ്ങള്‍ വീതം നേടി ഇരുടീമും ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് പങ്കിടുകയാണ്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍  രാത്രി 7.30നാണ് കിരീടപ്പോരിനു തുടക്കമാവുന്നത്. കപ്പുയര്‍ത്തുന്നത് എംഎസ് ധോണിയോ അതോ രോഹിത് ശര്‍മയോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. ഈ സീസണില്‍ മൂന്നു തവണ നേര്‍ക്കു നേര്‍ വന്നപ്പോഴും ചെന്നൈയെ മുംബൈ തകര്‍ത്തുവിട്ടിരുന്നു.

ഹൈദരാബാദിലെ കണക്കുകള്‍ ഫൈനലിന്റെ വേദിയായ ഹൈദരാബാദിലെ കണക്കുകള്‍ നോക്കിയാല്‍ 69 ഐപിഎല്‍ മത്‌സരങ്ങളാണ് ഇവിടെ ഇതുവരെ നടന്നത്. ഇതില്‍ ആദ്യം ബൗള്‍ ചെയ്ത ടീമാണ് കൂടുതല്‍ മല്‍സരങ്ങളും ജയിച്ചത് (35).
ആദ്യ ബാറ്റ് ചെയ്ത ടീം 32 മത്സരങ്ങളിലും വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. 163 റണ്‍സാണ് ഈ പിച്ചില്‍ ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍. രണ്ടാമിന്നിംഗ്‌സിലെ ശരാശരി സ്‌കോറാവട്ടെ 149 റണ്‍സുമാണ്. ഐപിഎല്ലില്‍ കഴിഞ്ഞ 12 സീസണുകളിലെ കണക്കുകള്‍ നോക്കിയാല്‍ ഫൈനലില്‍ ധോണിപ്പടക്കെതിരേ ഹിറ്റ്മാന്റെ മുംബൈക്കാണ് മുന്‍തൂക്കം. ഇരുടീമുകളും 29 മത്സരങ്ങളിലാണ് ഇതിനകം നേര്‍ക്കുനേര്‍ വന്നത്. ഇവയില്‍ 17ലും ജയം മുംബൈക്കായിരുന്നു. 12 മല്‍സരങ്ങളിലാണ് ചെന്നൈക്കു ജയിച്ചു കയറാനായത്.

ടീം ന്യൂസ്
ഫൈനലില്‍ മുംബൈ ടീം ഒരു മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. പിച്ചിന്റെ സ്വഭാവം കൂടി പരിഗണിച്ച് ജയന്ത് യാദവിനു പകരം ന്യൂസിലാന്‍ഡ് പേസര്‍ മിച്ചെല്‍ മക്ലെനഗന്‍ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ എത്തിയേക്കും. മറുഭാഗത്ത് ചെന്നൈ ടീമിലും ഒരു മാറ്റം പ്രതീക്ഷിക്കാം. ക്വാളിഫയര്‍ വണ്ണില്‍ നിരാശപ്പെടുത്തിയ ശര്‍ദ്ദുല്‍ താക്കൂറിനു പകരം മുരളി വിജയ്, ധ്രുവ് ഷോറെ എന്നിവരിലൊരാള്‍ കളിക്കാനാണ് സാധ്യത.

സാധ്യതാ ടീം മുംബൈ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കിരോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ. ക്രുനാല്‍ പാണ്ഡ്യ, മിച്ചെല്‍ മക്ലെനഗന്‍ / ജയന്ത് യാദവ്, രാഹുല്‍ ചഹര്‍, ലസിത് മലിങ്ക, ജസ്പ്രീത് ബുംറ.

ചെന്നൈ: എംഎസ് ധോണി (ക്യാപ്റ്റന്‍), ഷെയ്ന്‍ വാട്‌സന്‍, ഫഫ് ഡുപ്ലെസി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, ധ്രുവ് ഷോറെ/ മുരളി വിജയ്, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ദീപക് ചഹര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍.

Latest