Connect with us

Ongoing News

ഇംഗ്ലണ്ടില്‍ ഇന്ന്‌ കിരീട ദിനം

Published

|

Last Updated

Highlights:

  • പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന അവസാന റൗണ്ട് മത്സരങ്ങളെല്ലാം രാത്രി 7.30ന് കിക്കോഫ്
  • തുടരെ രണ്ടാം പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിട്ട് പെപ് ഗോര്‍ഡിയോള
  • അലക്‌സ് ഫെര്‍ഗൂസന്‍, ജോസ് മൗറിഞ്ഞോ പരിശീലകര്‍ മാത്രമാണ് കിരീടം നിലനിര്‍ത്തിയവര്‍
  • പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരിക്കല്‍ പോലും ചാമ്പ്യന്‍മാരായിട്ടില്ല ലിവര്‍പൂള്‍
  • 2012ന് ശേഷം കിരീടം നേടിയിട്ടില്ല യുര്‍ഗന്‍ ക്ലോപ്

ലണ്ടന്‍: യൂറോപ്പിലെ മറ്റ് പ്രധാന ലീഗുകളിലെല്ലാം ചാമ്പ്യന്‍മാരെ നേരത്തെ തീരുമാനിക്കപ്പെട്ടപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന ദിവസത്തെ ആവേശകരമായ ക്ലൈമാക്‌സിലേക്ക് മാറ്റി വെച്ചിരിക്കുന്നു. ഇന്നാണാ ദിവസം ! മാഞ്ചസ്റ്റര്‍ സിറ്റിയോ ലിവര്‍പൂളോ ? 37 മത്സരങ്ങളില്‍ നിന്ന് 95 പോയിന്റാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ലിവര്‍പൂളിന് 94ഉം. ഒരു പോയിന്റിന്റെ നേരിയ വ്യത്യാസത്തിന് ലീഡ് ചെയ്യുന്ന സിറ്റിക്ക് ഇന്ന് എവേ മാച്ചില്‍ ബ്രൈറ്റനാണ് എതിരാളി. ലിവര്‍പൂള്‍ ഹോം മാച്ചില്‍ വോള്‍വ്‌സിനെ നേരിടും. ബ്രൈറ്റനെ തോല്‍പ്പിച്ചാല്‍ സിറ്റിക്ക് കിരീടം നിലനിര്‍ത്താം.

ലിവര്‍പൂളിന് മുപ്പത് വര്‍ഷത്തെ പ്രീമിയര്‍ ലീഗ് കിരീട കാത്തിരിപ്പിന് അറുതിവരുത്തണമെങ്കില്‍ സിറ്റി തോല്‍ക്കുകയോ സമനിലയില്‍ കുടുങ്ങുകയോ വേണം. ഇത് മാത്രം പോരാ, ലിവര്‍പൂള്‍ ജയിക്കുകയും വേണം. സിറ്റി തോല്‍ക്കുകയും ലിവര്‍പൂള്‍ സമനിലയാവുകയും ചെയ്താല്‍ പോയിന്റ് തുല്യമാകും. അങ്ങനെ സംഭവിച്ചാലും സിറ്റി ചാമ്പ്യന്‍മാരാകും. അതേ സമയം സിറ്റിയുടെ തോല്‍വി നാല് ഗോളുകള്‍ക്കായാല്‍ കഥ മാറും.

പോയിന്റ് നില തുല്യമാവുകയും ഗോള്‍ വ്യത്യാസം, അടിച്ച ഗോളുകള്‍ എല്ലാം തുല്യമാവുകയും ചെയ്താല്‍ കിരീട ജേതാക്കളെ നിര്‍ണയിക്കാന്‍ ന്യൂട്രല്‍ വേദിയില്‍ പ്ലേ ഓഫ് വെക്കേണ്ടി വരും. സിറ്റി 4-0ന് തോല്‍ക്കുകയും ലിവര്‍പൂള്‍ 4-4ന് ഡ്രോ ആവുകയും ചെയ്താല്‍ പ്ലേ ഓഫിന് വഴിയൊരുങ്ങും. ഇങ്ങനെ കണക്കിലെ കളികളെ അടിസ്ഥാനമാക്കിയാണ് ലിവര്‍പൂളിന്റെ കിരീട സാധ്യതകള്‍.
സിറ്റിയുടെ എതിരാളി ലീഗില്‍ റെലഗേഷന്‍ അതിജീവിച്ചവരാണ്. 36 പോയിന്റുമായി പതിനേഴാം സ്ഥാനത്താണ് ബ്രൈറ്റണ്‍. സീസണില്‍ ഒമ്പത് ലീഗ് ജയങ്ങള്‍ മാത്രമാണുള്ളത്. 19 കളികളില്‍ തോറ്റപ്പോള്‍ ഒമ്പതെണ്ണം സമനില.
ലിവര്‍പൂളിന്റെ എതിരാളി വോള്‍വ്‌സ് കുറേക്കൂടി കരുത്തരാണ്. 57 പോയിന്റോടെ ഏഴാം സ്ഥാനത്താണവര്‍. 16 കളികള്‍ ജയിച്ചിട്ടുണ്ട്. ഒമ്പത് സമനിലകള്‍, പന്ത്രണ്ട് തോല്‍വികള്‍.

സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയ ഗോളുകള്‍ 91 ആണ്. വഴങ്ങിയത് 22ഉം. ലിവര്‍പൂള്‍ നേടിയത് 87ഉം വഴങ്ങിയത് 22ഉം. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് സീസണിലെ ഏറ്റവും മികച്ച ടീമുകളാണ് അവസാന ദിവസം വരെ കിരീടത്തിനായി രംഗത്തുള്ളതെന്ന്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ എട്ടാം തവണയാണ് കിരീട നിര്‍ണയം അവസാന ദിവസത്തേക്ക് നീണ്ടത്. 1990ന് ശേഷം ലീഗ് കിരീടം നേടിയിട്ടില്ല ലിവര്‍പൂള്‍.

തുടരെ രണ്ടാം സീസണിലും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇടം ഉറപ്പിച്ച ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ തുടക്കം മുതല്‍ ഫേവറിറ്റുകളായിരുന്നു. തുടരെ എട്ട് ജയങ്ങളുമായാണ് ലിവര്‍പൂള്‍ ഇന്ന് വോള്‍വ്‌സിനെ നേരിടാനിറങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് പിറകിലായ ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ച് ഫൈനലുറപ്പിച്ചതിന്റെ ആത്മവീര്യവും റെഡ്‌സില്‍ കാണാം. മാഞ്ചസ്റ്റര്‍ സിറ്റി സീസണില്‍ മൂന്ന് ആഭ്യന്തര കിരീടങ്ങള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമാകാനുള്ള പുറപ്പാടിലാണ്. ചെല്‍സിയെ തോല്‍പ്പിച്ച് ലീഗ് കപ്പ് നേടിയ സിറ്റി അടുത്ത ശനിയാഴ്ച എഫ് എ കപ്പ് ഫൈനലില്‍ വാട്‌ഫോഡിനെ നേരിടാനിരിക്കുകയാണ്.

ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് വോള്‍വ്‌സിനെ തോല്‍പ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരഫലം എന്തുമാകട്ടെ, ഞങ്ങള്‍ക്ക് ജയിച്ചല്ലേ തീരൂ – ക്ലോപ് ചോദിക്കുന്നു. 2012 ല്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടിന് ഇരട്ടക്കിരീടം നേടിക്കൊടുത്തതിന് ശേഷം യുര്‍ഗന്‍ ക്ലോപിന് കിരീട വിജയങ്ങളില്ല. ലിവര്‍പൂളിലെത്തിയതിന് ശേഷം കിരീടത്തിനരികിലെത്താന്‍ സാധിച്ചിട്ടുണ്ട്. തുടരെ രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്താന്‍ സാധിച്ചത് യുര്‍ഗന്‍ ക്ലോപ് എന്ന പരിശീലകന്റെ വിജയമാണ്.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തന്നെ ഇത്രയും ആവേശകരമായ സീസണ്‍ ഉണ്ടായിട്ടുണ്ടാകില്ല. 32 തവണയാണ് ലീഡ് മാറിമറിഞ്ഞത്. ഇത് റെക്കോര്‍ഡാണ്. പല ആഴ്ചകളിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരത്തിന് മുമ്പായിട്ടായിരുന്നു ലിവര്‍പൂളിന്റെ കളി. ആദ്യം മുന്നില്‍ കയറാന്‍ ലിവര്‍പൂളിന് ഇത് അവസരമൊരുക്കി. എന്നാല്‍, തൊട്ടടുത്ത കളി ജയിച്ച് സിറ്റി ലീഡ് തിരിച്ചുപിടിക്കും. ഫൈനല്‍ ദിവസം ലിവര്‍പൂള്‍ ചാമ്പ്യന്‍മാരായാല്‍ ഈ ലീഡ് മാറ്റം റെക്കോര്‍ഡ് ബുക്കില്‍ 33 തവണയായി തിരുത്തപ്പെടും.ലീഗ് സീസണില്‍ ലിവര്‍പൂള്‍ ഒരു കളി മാത്രമാണ് തോറ്റത്. അത് മാഞ്ചസ്റ്റര്‍ സിറ്റിയോടായിരുന്നു. ജനുവരി മൂന്നിന് 2-1 മാര്‍ജിനിലേറ്റ ആ തോല്‍വിയോടെയാണ്, അതുവരെ സിറ്റിക്ക് മുന്നില്‍ കുതിച്ച ലിവര്‍പൂള്‍ പിറകിലേക്ക് പോയത്.

പ്രീമിയര്‍ ലീഗ് കിരീടം തുടരെ നേടിയ രണ്ട് പരിശീലകരേയുള്ളൂ. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസമായ സര്‍ അലക്‌സ് ഫെര്‍ഗൂസനും ചെല്‍സിയുടെ ജോസ് മൗറിഞ്ഞോയും. മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തിയാല്‍ പെപ് ഗോര്‍ഡിയോളയും ആ നിരയിലെത്തും.
പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ കിരീടപ്പോരാട്ടം കണ്ടത് 2012 ലാണ്. മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ ശരാശരിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിറകിലാക്കിയതായിരുന്നു അത്.

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അവസാന ദിവസവും മത്സരം നടക്കും. ലിവര്‍പൂളിന്റെ മുഹമ്മദ് സലയാണ് നിലവില്‍ മുന്നിലുള്ളത്. 22 ഗോളുകളാണ് സല നേടിയത്. കഴിഞ്ഞ സീസണിലും സല ആയിരുന്നു ടോപ് സ്‌കോറര്‍. ലിവര്‍പൂളിന്റെ സദിയോ മാനെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ, ആഴ്‌സണലിന്റെ പിയറി എമെറിക് ഓബമെയാംഗ് എല്ലാം 20 ഗോളുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.

പ്രീമിയര്‍ ലീഗ് ഫിക്‌സ്ചര്‍
ബ്രൈറ്റണ്‍ – മാഞ്ചസ്റ്റര്‍ സിറ്റി
ബണ്‍ലി – ആഴ്‌സണല്‍
ക്രിസ്റ്റല്‍ പാലസ് – ബൗണ്‍മൗത്
ഫുള്‍ഹാം – ന്യൂകാസില്‍
ലെസ്റ്റര്‍ സിറ്റി – ചെല്‍സി
ലിവര്‍പൂള്‍ – വോള്‍വ്‌സ്
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് – കാര്‍ഡിഫ്
സതംപ്ടണ്‍ – ഹഡര്‍സ്ഫീല്‍ഡ്
ടോട്ടനം – എവര്‍ട്ടണ്‍
വാട്‌ഫോഡ് – വെസ്റ്റ്ഹാം

Latest