Connect with us

Kerala

ഫണ്ട് തട്ടിയ സംഭവം;  കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

Published

|

Last Updated

കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മേൽപ്പറമ്പ് പൊലീസാണ് അന്വേഷണം നടത്തുന്നത്.

പണം തട്ടിയെന്ന ആരോപണത്തിന് വിധേയനായ കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി പൃഥ്വിരാജ് കുണ്ടറക്കെതിരെയാണ് അന്വേഷണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സൗകര്യാർഥം രാജ്മോഹൻ ഉണ്ണിത്താൻ താമസിച്ചിരുന്ന മേൽപ്പറമ്പിലെ വാടകവീട്ടിൽ നിന്നാണ് പണം നഷ്ടമായത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ഉപയോഗിച്ച പണത്തിന്റെ കണക്കുകൾ പരിശോധിച്ചപ്പോൾ അഞ്ച് ലക്ഷം രൂപയുടെ കുറവ് കണ്ടെത്തുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന ദിവസങ്ങളിൽ സഹായിയായിരുന്ന പൃഥ്വിരാജാണ് പണം തട്ടിയതെന്ന് സംശയമുയർന്നതോടെ ഉണ്ണിത്താൻ ഇയാളെ ഫോണിൽ വിളിച്ച് പണം തിരികെ നൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ പ്രൃഥ്വിരാജ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഉണ്ണിത്താൻ പറയുന്നത്.
തുടർന്ന് സ്ഥാനാർഥി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൃഥ്വിരാജിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രശ്നം കോൺഗ്രസിനകത്ത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest