Connect with us

Malappuram

തിരൂരങ്ങാടി നടുവിലെ പള്ളി; 'മലബാറിലെ സമര്‍ഖന്ത്'

Published

|

Last Updated

തിരൂരങ്ങാടി നടുവിലെ പള്ളി

തിരൂരങ്ങാടി: രാജ്യത്തെ ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തില്‍ തേജസ്സാര്‍ന്ന പാരമ്പര്യമുള്ള തിരൂരങ്ങാടിയിലെ “നടുവിലെപ്പള്ളി” മലബാറിലെ സമര്‍ഖന്ത് എന്നാണ് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

ലോകത്തെ ഇസ്‌ലാമിക വൈജ്ഞാനികമായി ഉയര്‍ത്തുന്നതില്‍ തുല്യതയില്ലാത്ത വിധം പണ്ഡിതന്‍മാര്‍ക്ക് ജന്മം നല്‍കിയ പ്രദേശമാണ് ഈജിപ്തിലെ സമര്‍ഖന്ത്. എന്നാല്‍ മലബാറിലെ നിരവധി പ്രദേശങ്ങളില്‍ വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ച ഒട്ടനവധി പണ്ഡിത പ്രതിഭകള്‍ വിജ്ഞാനം പകരുകയും പകര്‍ന്നു കൊടുക്കുകയും ചെയ്ത പള്ളിയാണ് തിരൂരങ്ങാടി നടുവിലെപ്പള്ളി.

500 വര്‍ഷത്തെ പഴക്കമെങ്കിലും ഈ പള്ളിക്ക് ഉണ്ടെന്നാണ് ചരിത്രം. പ്രസിദ്ധമായ അറക്കല്‍ കുടുംബത്തിന്റെ നേതൃത്വത്തിലാണ് ഈ പള്ളി പണിതിട്ടുള്ളത്. തൊട്ടടുത്ത് ഈ കുടുംബത്തിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലം അറക്കല്‍ മൈതാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ഈ മൈതാനം തിരൂരങ്ങാടി സ്‌റ്റേഡിയമായി ഉപയോഗിക്കുന്നു. മലബാറിലെ ഇസ്്ലാമിക വൈജ്ഞാനിക കേന്ദ്രമായിട്ടാണ് ഇന്നും നടുവിലെപ്പള്ളി അറിയപ്പെടുന്നത്. വിശ്വ പ്രശ്വ പ്രശസ്ത പണ്ഡിതന്‍മാരായ ശൈഖ് യൂസുഫുന്നബ്ഹാനി (ബൈറൂത്ത് ) ശൈഖ് സയ്യിദ് അഹ്മദ് സൈനി ദഹ് ലാന്‍ (മക്ക) ശൈഖ് അബ്ദുല്‍ ഹമീദ് ശര്‍വാനി, മുഫ്തി മുഹമ്മദ് ഹസ്ബുല്ലാഹില്‍ മക്കിയ്യ് തുടങ്ങിയവരുടെ പ്രധാന ശിഷ്യന്‍മാര്‍ ഈ പള്ളിയില്‍ അധ്യാപനം നടത്തിയിട്ടുണ്ട്.

നൂറുകണക്കിന് സാദാത്തുക്കളും ഉലമാക്കാളും ഈ പള്ളിയുടെ ചുറ്റുമായി അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്ക് മുമ്പുതന്നെ ഹളര്‍ മൗത്തില്‍ നിന്നും മലബാറിലെത്തിയ സയ്യിദ് ഹുസൈന്‍ ഹള്‌റമി എന്ന അറബി തങ്ങളുടെ മഖ്ബറ ഈ പള്ളിക്ക് സമീപമാണ് കൂടാതെ മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഗുരു കുസ്സായി മുസ്്ലിയാര്‍, കോടഞ്ചേരി അഹ്മമദ് ബിന്‍ മുഹ്യദ്ദീന്‍ എന്ന മമ്മുട്ടി മുസ്്ലിയാര്‍ തുടങ്ങിയ നിരവധി മഹാന്‍മാര്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. കേരളത്തിലെ പ്രഗത്ഭ പണ്ഡിതന്‍മാരും നിരവധി പണ്ഡിതന്‍മാരുടെ ഗുരുവര്യരുമായ ചെറിയ മുണ്ടംകുഞ്ഞിപ്പോക്കര്‍ മുസ്്ലിയാര്‍, അണ്ടത്തോട് അമ്മു മുസ്്ലിയാര്‍, അരിപ്ര മൊയ്തീന്‍ മുസ്്ലിയാര്‍, മണലില്‍ ഏന്തീന്‍ മുസ്്ലിയാര്‍, നെല്ലിക്കുത്ത് മുഹമ്മദ് മുസ്്ലിയാര്‍, കരിമ്പനക്കല്‍ അഹമ്മദ് മുസ്്ലിയാര്‍, പറവണ്ണമുഹ് യദ്ദീന്‍ കുട്ടി മുസ്്ലിയാര്‍, കെ കെ സദഖത്തുല്ല മുസ്്ലിയാര്‍, തുടങ്ങിയ പണ്ഡിതന്‍മാര്‍ ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്.
താനൂര്‍ അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ പുത്രന്‍ അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കുറ്റൂര്‍ കമ്മുണ്ണി മുസ്്ലിയാര്‍, വാളക്കുളം അബ്ദുല്‍ ബാരി മുസ്്ലിയാര്‍, വെളിമുക്ക് അവറാന്‍ മുസ്്ലിയാര്‍, കുണ്ടൂര്‍ അഹമ്മദ് മുസ്്ലിയാര്‍, ഊരകം അലവി മുസ്്ലിയാര്‍, കോടഞ്ചേരി മമ്മുട്ടി മുസ്്ലിയാര്‍, ചപ്പനങ്ങാടി ഹസന്‍ മുസ്്ലിയാര്‍, കൈപറ്റ അബ്ദുല്ല മുസ്്ലിയാര്‍, എന്‍ കുട്ടി ഹസന്‍ മുസ്്ലിയാര്‍ (കോട്ടക്കല്‍) തുടങ്ങിയവര്‍ ഈ പള്ളിയില്‍ വിദ്യ നുകര്‍ന്നിട്ടുണ്ട്.

ഇപ്പോള്‍ 40 വര്‍ഷമായി ചരിത്രകാരനും ഗ്രന്ഥകാരനുമായ മമ്പീതി മുഹമ്മദ് കുട്ടി മുസ്്ലിയാര്‍ ആണ് മുദരിസ് .ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈന്‍ ഹള്‌റമി എന്ന അറബി തങ്ങളുടെ ആണ്ടു നേര്‍ച്ച എല്ലാ വര്‍ഷവും റമസാന്‍ 18 ന് വിപുലമായി ഇവിടെ നടക്കാറുണ്ട്.

ഹമീദ് തിരൂരങ്ങാടി

---- facebook comment plugin here -----

Latest