Connect with us

Kasargod

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം; സി ബി ഐ പുനരന്വേഷണം ആറ് മാസമായിട്ടും ആരംഭിച്ചില്ല

Published

|

Last Updated

സിഎം അബ്ദുള്ള മൗലവി

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുനരന്വേഷിക്കണമെന്ന കോടതി വിധി ആറ് മാസമായിട്ടും നടപ്പായില്ല. ഖാസി അബ്ദുല്ല മൗലവിയുടെ മരണ കാരണം ആത്മഹത്യയാണെന്ന നിഗമനത്തോടെ സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

ആത്മഹത്യയെങ്കിൽ അത് സംബന്ധിച്ച് മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലെ അദ്ദേഹത്തിന്റെ നീക്കങ്ങളെക്കുറിച്ച് ബന്ധുക്കളിൽ നിന്നും മറ്റ് പരിചയക്കാരിൽ നിന്നും വിവരങ്ങൾ തേടണമെന്നും കൂടാതെ, സ്ട്രക്ചറൽ ഓട്ടോപ്‌സി അടക്കമുള്ള സാങ്കേതിക വിവരങ്ങൾ സമർപ്പിക്കണമെന്നും കാണിച്ചാണ് കോടതി റിപ്പോർട്ട് തള്ളിയതും പുനരന്വേഷണത്തിന് ഉത്തരവിട്ടതും. എന്നാൽ, 2018 നവംബർ 16ന് പുറപ്പെടുവിച്ച കോടതി വിധിക്ക് ശേഷം ആറ് മാസമായിട്ടും പുനരന്വേഷണം സംബന്ധിച്ച് യാതൊരു നീക്കവും നടന്നിട്ടില്ലെന്ന് ബന്ധുക്കളും ആക്്ഷൻ കമ്മിറ്റി ഭാരവാഹികളും പറയുന്നു. നേരത്തേ, സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് 2016 ഫെബ്രുവരി 12ന് കോടതി തള്ളുകയും പുനരന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം 2017 ജനുവരിയിൽ സി ബി ഐ വീണ്ടും സമർപ്പിച്ച പുനരന്വേഷണ റിപ്പോർട്ടിൻമേൽ നടന്ന വാദങ്ങൾക്ക് ശേഷമാണ് സി ജെ എം കോടതിയുടെ പുതിയ ഉത്തരവുണ്ടായത്.

2010 ഫെബ്രുവരി പതിനഞ്ചിന് രാവിലെയാണ് ഖാസിയുടെ മയ്യിത്ത് ചെമ്പരിക്ക കടലിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ചെരിപ്പും ഊന്നുവടിയും ടോർച്ചും കരയോട് ചേർന്ന പാറക്കൂട്ടങ്ങളുടെ അറ്റത്തായി അടുക്കിവെച്ച നിലയിലായിരുന്നു. അബ്ദുൽ മജീദ് എന്നയാൾ ബേക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ലോക്കൽ പോലീസിന്റെ അന്വേഷണം സംബന്ധിച്ച് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് 2010 മാർച്ചിലാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. എന്നാൽ, ഒരു മാസം കഴിയുമ്പോഴേക്കും അന്വേഷണം സി ബി ഐ ഏറ്റെടുത്തു. സി ബി ഐ അന്വേഷണം പുരോഗമിക്കവേ അന്വേഷണോദ്യോഗസ്ഥൻ ലസാറസിനെ ചെന്നൈയിലേക്ക് സ്ഥലംമാറ്റി. കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഈ ഉദ്യോഗസ്ഥൻ സൂചിപ്പിക്കുകയും ഇവരുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുകയും ചെയ്ത സമയത്ത് നടന്ന സ്ഥലം മാറ്റം അന്വേഷണം അട്ടിമറിക്കാനിടയായെന്ന് അബ്ദുല്ല മൗലവിയുടെ ബന്ധുക്കളിൽ ചിലർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന് വന്ന ഓഫീസർ കേസ് ആത്മഹത്യയാണെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ശേഷം ഖാസിയുടെ മകൻ പ്രൊട്ടസ്റ്റ് ഫയൽ ചെയ്യുകയായിരുന്നു.

മരണം ആത്മഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടി ഖാസിയുടെ കുടുംബം ചില പ്രധാന വാദങ്ങളുയർത്തുന്നുണ്ട്. കണ്ണടയും തലപ്പാവും ധരിക്കാതെ ഉസ്താദ് പുറത്തിറങ്ങാറില്ല, അവ രണ്ടും ഉസ്താദിന്റെ റൂമിലാണ് കണ്ടെത്തിയത്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്, എന്നാൽ, കടലിലേക്ക് ചാടുമ്പോൾ പിന്നിലെ കഴുത്തെല്ല് പൊട്ടാൻ സാധ്യതയില്ല, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ കണ്ണിന്റെ രണ്ട് വശത്തും രക്തം കട്ടപിടിച്ച രൂപത്തിലുള്ള മുറിവുകൾ കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാൾക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഇത്തരത്തിലുള്ള വാദങ്ങളിലും അന്നേ ദിവസം രാത്രി വെളുത്ത കാർ കണ്ടെത്തിയെന്നതടക്കമുള്ള സാക്ഷിമൊഴിയിലും വിശദാന്വേഷണം നടന്നിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

അതേസമയം, ഖാസിയുടെ മരണം സംബന്ധിച്ച ദുരൂഹത അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ആക്്ഷൻ കമ്മിറ്റി ഭാരവാഹികളും കുടുംബവും തുടങ്ങിയ സമരം ഇന്നലെ 210 ദിവസം പിന്നിട്ടു. ഈ സമര സമിതിയിൽ ഉൾപ്പെട്ട ഏതാനും പേരെയാണ് ഖാസിയുടെ മരണം സംബന്ധിച്ച കോഴിക്കോട്ട് നടന്ന പ്രതിഷേധ പരിപാടിക്കിടെ അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് സമസ്ത ഇ കെ വിഭാഗം കഴിഞ്ഞ ദിവസം പുറത്താക്കിയത്. എന്നാൽ, ചെമ്പരിക്ക ഖാസിയുടെ മരുമകനും സമസ്ത ഇ കെ വിഭാഗം കാസർകോട് ജില്ലാ പ്രസിഡന്റുമായ ത്വാഖ അഹ്്മദ് മൗലവി സമരപ്പന്തൽ സന്ദർശിക്കാറുണ്ട്. സി എം ഉസ്താദിന്റെ ഗതി താങ്കൾക്കും വരുമെന്ന് കാണിച്ച് ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നതായി ത്വാഖ അഹ്്മദ് മൗലവി കഴിഞ്ഞ ദിവസം സിറാജിനോട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, മരണം കൊലപാതകമാണെന്നും കൂടെ നടന്നവർ തന്നെയാണ് മൗലവിയെ കൊന്ന് കടലിൽ തള്ളിയതെന്നും ഖാസിയുടെ പേരമകൻ സലിം ദേളി ആരോപിച്ചു. ദുരൂഹതകൾ തുറന്നു കാട്ടി തെളിവുകൾ നിരത്തിയാണ് സലിം ആരോപണങ്ങൾ ഉന്നയിക്കുന്നത്.

“ഖാസിയുടെ മരണത്തിനു പിറകെ നടന്ന രണ്ട് ദുരൂഹമരണങ്ങളെ കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ഒരാൾ ഒരു തങ്ങളാണ്. ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താൻ വന്ന സംഘം സഞ്ചരിച്ച വാഹനത്തെ കുറിച്ച് കുടുംബത്തിന് വിവരം നൽകിയത് ഇദ്ദേഹമായിരുന്നു. ഒരു രാത്രിയിൽ മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടെ റോഡരികിൽ അദ്ദേഹം മരിച്ചുകിടക്കുന്നതാണ് പിന്നെ കണ്ടത്. മറ്റൊരാൾ കാണിയ മഹ്്മൂദ് എന്നയാളാണ്. ചെമ്പരിക്ക ഖാസിയുടെ ഫോണിലേക്ക് അവസാനം വന്നത് ഇയാളുടെ കോളായിരുന്നു. ഈ മരണങ്ങളൊന്നും സി ബി ഐ ഗൗരവത്തിലെടുത്തില്ല”- സലിം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.

---- facebook comment plugin here -----

Latest