Connect with us

Ramzan

പറയാത്ത കല്യാണത്തിൽ...

Published

|

Last Updated

പറയാത്ത കല്യാണങ്ങളിലും സത്കാരങ്ങളിലും പങ്കെടുക്കുന്നത് ഇന്നൊരു ട്രെന്റാണ്. മരുമകന്റെ ആദ്യ നോമ്പുതുറ സത്കാരത്തിന് എല്ലാവിധ ഒരുക്കങ്ങളുമായി കാത്തുനിൽക്കുകയാണ് ഭാര്യവീട്ടുകാർ. ചെറുക്കനും കുടുംബക്കാരും അടക്കം ഇരുപത്തഞ്ചോളം പേർക്ക് ഭക്ഷണമൊരുക്കിയിട്ടുണ്ട്. ബാങ്ക് വിളിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കേ പത്തിലേറെ പേർ പൊടുന്നനെ കയറിവന്നു. അപ്രതീക്ഷിതമായെത്തിയ ഇവർക്ക് ഇരിക്കാൻ സീറ്റെവിടെ? കഴിക്കാൻ ഭക്ഷണമെവിടെ? ആതിഥേയർ ആശങ്കയിലായി. ഏതായാലും ഒരു ചെറു ചിരിയോടെ അവരെയും സ്വീകരിച്ച് ഭക്ഷണം നൽകി വിട്ടു. സുഹൃത്തുക്കൾ ചെറുക്കന് കൊടുത്ത പണിയാണത്രേ ഇത്. ചെറുക്കനും കുടുംബക്കാരും ആ വീട്ടുകാർക്ക് മുമ്പിൽ ലജ്ജിതരായി. എത്രമാത്രം അപമാനകരമാണിത്.

അബൂ മസ്ഊദുൽ ബദ്‌രി (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. അഞ്ച് പേർക്കുള്ള ഭക്ഷണം തയ്യാറാക്കി ഒരാൾ നബിയെ ക്ഷണിച്ചു. ക്ഷണിക്കപ്പെടാത്ത ഒരാൾ അവരെ അനുഗമിച്ചു. വീട്ടു പടിക്കലെത്തിയപ്പോൾ നബി (സ) പറഞ്ഞു. ഇയാൾ ഞങ്ങളുടെ കൂടെ വന്നതാണ്. നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ഇയാൾക്ക് അനുമതി നൽകുക. ഇല്ലെങ്കിൽ ഇയാൾ തിരിച്ചുപോകും. ഗൃഹനാഥൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഞാൻ ഇയാൾക്ക് അനുമതി നൽകിയിരിക്കുന്നു (ബുഖാരി). പറഞ്ഞതിലേറെ ഒരാൾ അധികമായപ്പോൾ നബി (സ) വീട്ടുകാരനോട് സമ്മതം ചോദിച്ചത് നോക്കൂ. ആതിഥേയരെ പ്രയാസത്തിലാക്കുംവിധം കണക്കിനപ്പുറം അതിഥികളുണ്ടാകാൻ പാടില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

ഇനി നോമ്പുതുറ സത്കാരങ്ങളെ കുറിച്ച് പറയാം. നോമ്പുതുറ സത്കാരങ്ങൾ ഏറെ പവിത്രമേറിയതാണ്. അതിഥിക്കും ആതിഥേയർക്കും വളരെ പുണ്യം ലഭിക്കുന്ന കർമമാണത്. നബി (സ) പറഞ്ഞു: നോമ്പു തുറപ്പിക്കുന്നവന് നോമ്പു കാരന് ലഭിക്കുന്നതിന് സമാനമായ പ്രതിഫലം ലഭിക്കും. നോമ്പുകാരന്റെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയുകയുമില്ല (തുർമുദി). ഒരു കാരക്ക കൊടുത്തു കൊണ്ട് നോമ്പ് തുറപ്പിച്ചാലും പള്ളികളിലും മറ്റും നടക്കുന്ന സമൂഹ നോമ്പുതുറകളിലേക്ക് കഴിയുന്ന സ്വദഖകൾ നൽകുന്നവർക്കും ഈ പ്രതിഫലം ലഭിക്കുന്നതാണ്.

ക്ഷീണിച്ചവശനായി നോമ്പുതുറക്കുമ്പോൾ ബിസ്മി ചൊല്ലാൻ മറക്കരുത്. ബിസ്മി ചൊല്ലാതെ ഭക്ഷണം കഴിക്കുന്നവന്റെ കൂടെ പിശാചും ഭക്ഷണം കഴിക്കും. ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ) പറഞ്ഞു: ഒരാൾ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണ സമയത്തും ബിസ്മി ചൊല്ലിയാൽ പിശാച് തന്റെ കൂട്ടാളികളോട് പറയും “നിങ്ങൾക്കിവിടെ ഭക്ഷണവും അന്തിയുറങ്ങാനുള്ള ഇടവുമില്ല”. മറ്റൊരു ഹദീസിൽ കാണാം: ഒരാൾ ഭക്ഷണം കഴിക്കുന്പോൾ ബിസ്മി ചൊല്ലാൻ മറന്നു. അവസാനം ഒരുപിടി കഴിക്കുമ്പോൾ അയാൾ ബിസ്മില്ലാഹി അവ്വലുഹു വആഖിറുഹു എന്ന് ചൊല്ലി. അപ്പോൾ നബി (സ) ചിരിച്ചുകൊണ്ട് പറഞ്ഞു. പിശാച് ഇയാളുടെ കൂടെ ഭക്ഷിക്കുകയായിരുന്നു. ബിസ്മി ചൊല്ലിയതോടെ അവൻ അതെല്ലാം ഛർദിച്ചുകളഞ്ഞു.

അനസ് സഖാഫി ക്ലാരി

സബ് എഡിറ്റർ, സിറാജ്

Latest