Connect with us

International

ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിൽ യുദ്ധ സന്നാഹം

Published

|

Last Updated

വാഷിംഗ്ടൺ: ഇറാൻ- യു എസ് സംഘർഷം മൂർച്ഛിച്ചതോടെ പശ്ചിമേഷ്യ യുദ്ധഭീഷണിയിൽ. ഇറാൻ ഭീഷണി നേരിടാൻ മേഖലയിലേക്ക് യു എസ് കൂടുതൽ സന്നാഹങ്ങൾ ഒരുക്കുന്നു. എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിനും ബി 52 ബോംബർ വിമാനങ്ങൾക്കും പുറമേ പാട്രിയട്ട് മിസൈൽ സംവിധാനങ്ങൾ വിന്യസിക്കുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. മറ്റൊരു യുദ്ധക്കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാനും തീരുമാനമായി. കരയിലും കടലിലും ഒരു പോലെ സഞ്ചാരയോഗ്യമായ വാഹനങ്ങളും എയർക്രാഫ്റ്റുകളും ഉൾപ്പെടുന്നതാണ് യു എസ് എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ. ഈ സംഘത്തിലേക്ക് പാട്രിയട്ട് മിസൈൽ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് പെന്റഗൺ അറിയിച്ചു. വ്യാഴാഴ്ചയോടെ ഈജിപ്തിലെ സൂയസ് കനാൽ പിന്നിട്ട വിമാനവാഹിനി കപ്പൽ നിലവിൽ ചെങ്കടലിലാണുള്ളത്. അതിശക്തമായ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ സേനാ വിന്യാസം ശക്തമാക്കിയതെന്നാണ് യു എസ് അവകാശപ്പെടുന്നത്.
എയർക്രാഫ്റ്റ്, ഡ്രോൺ, ക്രൂയിസ് മിസൈൽ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനുള്ള സംവിധാനമാണ് പാട്രിയട്ട് മിസൈൽ സിസ്റ്റം. ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത്, ഖത്വർ, യു എ ഇ എന്നിവിടങ്ങളിലാണ് നിലവിൽ പാട്രിയട്ട് മിസൈൽ സിസ്റ്റം വിന്യസിച്ചിട്ടുള്ളത്. എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിന്റെ ഭാഗമാകാൻ യു എസ് പ്രതിരോധ മന്ത്രാലയം ആക്ടിംഗ് സെക്രട്ടറിയാണ് അനുമതി നൽകിയത്.

ബി- 52 ബോംബർ വിമാനങ്ങൾ ഉൾപ്പെടുന്ന യു എസ് ബോംബർ ടാസ്‌ക് ഫോഴ്‌സ് നേരത്തേ തന്നെ ഖത്വറിലെ അൽ ഉദൈദ് വിമാനത്താവളത്തിലെത്തിയതായി യു എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഓപറേഷൻ സുരക്ഷ പരിഗണിച്ച് സൈനിക നീക്കമുൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നും യു എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇറാനുമായി സംഘർഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആക്രമണത്തെ പ്രതിരോധിക്കാൻ തയ്യാറാണെന്നും യു എസ് അറിയിച്ചു. ആക്രമണത്തിന് സജ്ജമായി ഇറാൻ ബോട്ടുകളിൽ മിസൈൽ വിന്യസിച്ചിട്ടുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത യു എസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. യു എസിന്റെ നൂറ് കോടി വില വരുന്ന കപ്പൽപ്പടയെ ഒരു മിസൈൽ കൊണ്ട് തകർക്കാൻ സാധിക്കുമെന്ന് ഇറാൻ നേതൃത്വത്തെ ഉദ്ധരിച്ച് ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ എസ് എൻ എ റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ ബുധനാഴ്ചയാണ് യു എസ് ഉൾപ്പെടെയുള്ള വൻ രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറിൽ നിന്ന് ഇറാൻ പിന്മാറിയത്. അമേരിക്കൻ ഉപരോധത്തിൽ നിന്ന് ഇറാനെ സംരക്ഷിക്കാൻ അംഗരാജ്യങ്ങൾക്ക് സാധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. കരാറിൽ നിന്ന് അമേരിക്ക പിന്മാറി ഒരു വർഷത്തിനു ശേഷമായിരുന്നു ഇറാന്റെ പിന്മാറ്റം. യു എസ് ഉപരോധത്തിൽ നിന്ന് ഇറാന്റെ എണ്ണ, ബേങ്കിംഗ് മേഖലയെ സംരക്ഷിക്കാൻ അംഗരാജ്യങ്ങൾക്ക് അറുപത് ദിവസത്തെ സമയം നൽകുന്നുവെന്നും യുറേനിയം സമ്പുഷ്ടീകരണം പുനഃസ്ഥാപിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.
കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ ഇറാന് മേൽ ഉപരോധം ശക്തമാക്കിയിരുന്നു. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും യു എസ് ഉപരോധ ഭീഷണി നിലനിന്നിരുന്നു. ഇറാനിലെ റവല്യൂഷനറി ഗാർഡിനെ കഴിഞ്ഞ മാസം തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലും യു എസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Latest