Connect with us

Editorial

മുഴുവൻ വിദ്യാർഥികൾക്കും വേണം ഉപരിപഠന സൗകര്യം

Published

|

Last Updated

സംസ്ഥാനത്ത് എസ് എസ് എൽ സി വിജയിച്ച എഴുപതിനായിരത്തിലേറെ വിദ്യാർഥികൾ ഉപരിപഠനത്തിന് വഴിയില്ലാതെ അലയുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലൊഴിച്ച് മറ്റു ജില്ലകളിലൊന്നും പ്ലസ്ടുവിന് ആവശ്യത്തിന് സീറ്റുകളില്ല. പാലക്കാട് മുതൽ കണ്ണൂർ വരെയുള്ള മലബാറിലെ അഞ്ച് ജില്ലകളിലാണ് സീറ്റ് ക്ഷാമം കൂടുതൽ രൂക്ഷം. ഈ ജില്ലകളിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ 2,15,172 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. എന്നാൽ ഈ ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 1,58,248 ആണ്. 56,925 സീറ്റുകളുടെ കുറവ്. സി ബി എസ് ഇ തുടങ്ങി മറ്റു സിലബസുകളിൽ നിന്നുളള വിദ്യാർഥികൾ കൂടി ചേരുമ്പോൾ അന്തരം ഇനിയും വർധിക്കും. ഏറ്റവുമധികം പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടുകയും ഉപരിപഠനത്തിന് അർഹരാവുകയും ചെയ്ത മലപ്പുറം ജില്ലയിലാണ് സീറ്റ് ക്ഷാമം അതീവ രൂക്ഷം. 78,335പേർ ഉപരിപഠനത്തിന് അർഹത നേടിയ ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 52,775 മാത്രമാണ്. കാൽ ലക്ഷത്തിലധികം പേർക്ക് ഉപരിപഠനത്തിന് ഉയർന്ന ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയോ ഓപ്പൺ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്യുകയോ വേണ്ടി വരും. പാലക്കാട്ട് 11,609ഉം കോഴിക്കോട്ട് 9,552ഉം കണ്ണൂരിൽ 5,941 ഉം കാസർക്കോട്ട് 4,263ഉം സീറ്റുകളുടെ കുറവുണ്ട്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 6,900 ത്തോളം സീറ്റുകൾ അപേക്ഷിക്കാനാളില്ലാതെ ഒഴിഞ്ഞു കിടക്കുകയുമാണ്.

എസ് എസ് എൽ സി ഫലം മെച്ചപ്പെട്ടതിനെ തുടർന്ന് സമീപ കാലത്തുണ്ടായതാണ് മലബാർ ഒഴിച്ചുള്ള മറ്റു ജില്ലകളിലെ പ്ലസ് ടു സീറ്റ് ക്ഷാമം. എന്നാൽ കാലങ്ങളായി തുടരുന്നതാണ് മലബാറിലേത്. ഓരോ വർഷം പിന്നിടുന്തോറും കമ്മി വർധിച്ചു വരികയുമാണ്. പ്ലസ് വൺ കോഴ്‌സുകളുള്ള സ്‌കൂളുകളിലെ ക്ലാസുകളിൽ നിശ്ചിത ശതമാനം ആനുപാതിക വർധന അനുവദിക്കുകയാണ് ഇതിനു പരിഹാരമായി സർക്കാർ ചെയ്തു വരുന്നത്. കഴിഞ്ഞ വർഷം 20 ശതമാനം വർധന അനുവദിച്ചിരുന്നു. ഇത്തവണയും ഈ നടപടി ആവർത്തിക്കാനാണ് തീരുമാനം. ഇതൊരു താത്കാലിക പരിഹാരമാണ്. മാത്രമല്ല, സർക്കാർ പ്രഖ്യാപിക്കുന്ന അധിക സീറ്റുകൾ പല സ്‌കൂളുകളും നടപ്പിലാക്കുന്നുമില്ല. കൂടുതൽ കുട്ടികളെ ഉൾക്കൊള്ളിക്കാൻ സ്‌കൂളുകളിൽ സൗകര്യമില്ലെന്നതാണ് പ്രശ്‌നം. അധ്യാപക- വിദ്യാർഥി ആനുപാതം തകിടം മറിയുമ്പോൾ അത് പഠന നിലവാരത്തെ ബാധിക്കും. അധിക സീറ്റുകൾ പ്രഖ്യാപിക്കുകയല്ലാതെ അതു നടപ്പിലാക്കിയിട്ടുണ്ടോ എന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കാറുമില്ല. ഇത്തരം താത്കാലിക പരിഹാരമല്ല ആവശ്യം. നിലവിൽ പ്ലസ് ടു ഇല്ലാത്ത സ്‌കൂളുകളിൽ അത് അനുവദിക്കുകയും ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഭൗതിക സൗകര്യത്തോടു കൂടി പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ മലബാറിലെ വിശിഷ്യാ മലപ്പുറത്തെ വിദ്യാർഥികളുടെ ഉപരിപഠന പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകൂ.

ഉന്നത വിദ്യാഭ്യാസ രംഗത്തെ മലബാറിലെ സൗകര്യക്കുറവിൽ സംസ്ഥാനം മാറിമാറി ഭരിച്ച ഇരു മുന്നണികൾക്കും പങ്കുണ്ട്. പ്രത്യേകിച്ച് കൂടുതൽ തവണ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത പാർട്ടി എന്ന നിലക്ക് മുസ്‌ലിം ലീഗിന്. മധ്യകേരളത്തിലെ ചില ജില്ലകളെ പ്രതിനിധാനം ചെയ്തിരുന്ന മറ്റു പാർട്ടികളിലെ മന്ത്രിമാർ അവരുടെ അവകാശങ്ങൾ ശക്തമായ സമ്മർദത്തിലൂടെ നേടിയെടുത്തപ്പോൾ അവരോളം അവകാശബോധം ഉൾക്കൊള്ളാനും വിദ്യാർഥി, പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സമ്മർദ ശക്തിയാകാനും ലീഗ് നേതൃത്വത്തിനും മന്ത്രിമാർക്കുമായില്ല. അഞ്ചാം മന്ത്രിസ്ഥാനം പിടിച്ചു വാങ്ങാൻ പാർട്ടി നേതൃത്വം കാണിച്ച വീറും വാശിയും വിദ്യാർഥികളുടെ ഉപരിപഠനത്തിനുളള സൗകര്യങ്ങൾ വർധിപ്പിക്കുന്ന വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽ എന്നേ പരിഹരിക്കപ്പെടുമായിരുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും ക്ലാസ് മുറികൾ ഹൈടെക് ആക്കിയും പഠനനിലവാരം മെച്ചപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സർക്കാർ. ഇതുവഴി എയ്ഡഡ് സ്‌കൂളുകളേക്കാൾ സർക്കാർ സ്‌കൂളുകളാണ് മെച്ചമെന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും രക്ഷിതാക്കളിൽ പലരും എയ്ഡഡ് സ്‌കൂളുകളെ വിട്ട് സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാൻ താത്പര്യം കാട്ടിത്തുടങ്ങുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ കൂടുതലായി സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് കടന്നു വരുമ്പോൾ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ട ബാധ്യത സർക്കാറിനുണ്ട്.

കേരള വികസന മോഡലിനെക്കുറിച്ച് ഊറ്റം കൊള്ളാറുണ്ട്. എന്നാൽ ഈ മോഡൽ തീർത്തും വിവേചനപരമാണെന്നാണ് വിവിധ മേഖലകളിൽ മലബാർ അനുഭവിക്കുന്ന പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. ഇത് പരിഹരിക്കാൻ എന്തെങ്കിലും ചെറിയ ശ്രമങ്ങളുണ്ടാകുമ്പോൾ സമുദായ പ്രീണനമാണെന്ന വിമർശമുയർത്തി അതിനെ തുരങ്കം വെക്കാൻ നിരവധി പേരുണ്ട്. അതേറ്റു പിടിക്കാൻ ഏതാനും മാധ്യമങ്ങളും. മലബാറിന് വിശിഷ്യാ മലപ്പുറത്തിന് അർഹമായ അവകാശങ്ങൾ പോലും നൽകുന്നത് ഇവർക്ക് സഹിക്കില്ല. ഇത്തരം കുബുദ്ധികളെ അവഗണിച്ച് വിദ്യാഭ്യാസ മേഖലയിലടക്കം മലബാറിന്റെ പിന്നാക്കാവസ്ഥയും പരിമിതികളും പരിഹരിക്കാനുള്ള ആർജവവും നീതിബോധവും ഉത്തരവാദപ്പെട്ടവർ പ്രകടമാക്കേണ്ടതുണ്ട്.

Latest